Apr 14, 2014

കൊക്കും കാക്കേം

         ചേച്ചിയുടെ ഇളയ മോൻ ചിട്ടുവിനെ നഴ്സറിയിൽ നിന്ന് കൂട്ടി വരാൻ വൈകുന്നേരം വീട്ടിൽ നിന്ന് ആരെങ്കിലും പോവാറാണു പതിവ്. പക്ഷേ ഇന്നു പതിവിനു വിപരീതമായിട്ട് , ആരെങ്കിലും പുറപ്പെടുന്നതിനു മുൻപ്,  നഴ്സറി ടീച്ചർ ശാന്തേടത്തി തന്നെ ചിട്ടുമോന്റെ കയ്യും പിടിച്ച് വീട്ടിലേക്ക് കേറി വന്നു.
          ഇവൻ വല്ലവരുമായും തല്ലുണ്ടാക്കിയോ, വീണൊ , മുറിഞ്ഞോ ഇങ്ങനെ ആശങ്കയോടെ അവന്റെ അമ്മയും അമ്മമ്മയും ആ വരവ് നോക്കി നിന്നു. ടി.വി കണ്ടുകൊണ്ടിരുന്ന എനിക്കും ഇത്തിരി ഉത്കണ്ഠ തോന്നാതിരുന്നില്ല. തലയിൽ വെച്ചാൽ ചെവി കടിക്കും താഴത്ത് വച്ചാൽ മുണ്ട് പറിക്കും - അമ്മാതിരി വികൃതിയുള്ള കൂട്ടത്തിലാണേ..
              ടീച്ചറ് കേറി വന്നപ്പോ തന്നെ ഒന്നു ചിരിച്ചു. പയ്യന് പുറമെ കാണാൻ വല്ല കുഴപ്പമോ മുഖത്ത് കരഞ്ഞ ഭാവമോ ഇല്ല. അന്തരീക്ഷം ഒന്നയഞ്ഞു. ഞാൻ തിരിച്ച് പിന്നേം കാർട്ടൂൺ നെറ്റ്വർക്ക് കാണല് തുടർന്നു.
           സ്ത്രീ ജനങ്ങള് മൂന്നു പേരും വട്ടം കൂടിയിരുന്നു നാട്ടുകാര്യങ്ങളും പല പരദൂഷണങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഞാൻ ചെവി കൊടുക്കാൻ പോയില്ല.

"എന്റെ ഗീതേടത്തി ഇന്നു നഴ്ശറീൽ വെച്ച് ഒരു കഥ പറയാംന്നു പറഞ്ഞ് ഈ ചെക്കൻ  പറഞ്ഞ കഥ കേക്കണോ?"
ശാന്തടീച്ചറുടെ സംസാരം  ഇങ്ങനെ നീണ്ടപ്പോൾ ഞാൻ ചെവി കൂർപ്പിച്ചു.
ചിട്ടുമോനെക്കുറിച്ചാണു പറയുന്നത്. അവന്റെ കുരുത്തക്കേട് എവിടെ വരെ എത്തി എന്നറിയണല്ലോ.ഇക്കാലത്ത് അച്ഛനമ്മമാര് പിള്ളേരെ ലാളിച്ച് വഷളാക്കത്തേ ഉള്ളു, ഒരേയൊരു മാമനായിരിക്കുന്ന ഞാൻ വേണം രണ്ട് തല്ലു കൊടുത്തിട്ടായാലും നേരെ വഴിക്ക് നടത്താൻ.

"കൊക്കിന്റേം കാക്കേന്റെം കഥ പറയട്ടേന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു മുൻപ് പഠിപ്പിച്ച് കൊടുത്ത കഥയാണു , പറയട്ടേന്ന്" ശാന്ത ടീച്ചർ തുടർന്നു.

എനിക്കെവിടെയോ ഒരു അപകടം മണത്തു . ഞാൻ മെല്ലെ ടിവിയും ഓഫ് ചെയ്ത് വീടിനു പുറത്തേക്ക് ഇറങ്ങി. നാനും വരുന്നൂന്ന് പറഞ്ഞ് ചിട്ടുമോൻ എന്റെ പുറകെ തൂങ്ങി. അപ്പുറത്തെ വീട്ടിലെ കറുത്തപട്ടിക്ക് മുന്നിലിട്ടു കൊടുക്കും - ന്ന് പറഞ്ഞ് പേടിപ്പിച്ച് അവനെ ഓടിച്ച് വിട്ടു. അധിക സമയം വീട്ടിൽ നിന്നാല് ശരിയാവില്ല, നേരെ ക്ളബ്ബിലേക്ക് നടന്നു.

           ഇന്നലെ വൈകീട്ട് " മാമാ ഒരു തത പഞ്ഞു തരത്തേന്ന്"  പറഞ്ഞ് ചിട്ടുമോൻ അടുത്തു വന്നപ്പോള് ഞാൻ യേസ് മൂളി.
"ഒരു സലത്ത് ഒരു താത്തേം തോത്തും ഉണ്ടാരുന്നു. മയയത്ത് താത്തേടെ തൂട് പൊത്തിപ്പോയി"
ഇത് ഏത് താത്തയുടെം പോത്തിന്റെം കഥയാണെന്ന് ഞാൻ കുറച്ച് നേരം ആലോചിച്ചു. പിന്നെ മനസിലായി കാക്കേടേം കൊക്കിന്റെം കഥയാണ് ന്ന്. ബാക്കി കഥ ഞാൻ പറഞ്ഞു തരാം ന്നു പറഞ്ഞ് അവന്റെ കഥ പറച്ചിൽ ഞാൻ നിർത്തിച്ചു. എന്നിട്ട് ഞാൻ കഥ പറച്ചിൽ ആരംഭിച്ചു

"അങ്ങനെ കേറി കിടക്കാൻ കൂടില്ലാത്ത കാക്ക , കൊക്കിന്റെ കൂടിനു മുൻപിലെത്തി. എന്നിട്ട് കൊക്കിനോട് ചോദിച്ചു രാത്രി കിടക്കാൻ കുറച്ച് സ്ഥലം തരാവോന്ന്. നല്ലവനായ കൊക്ക് കാക്കയ്ക്ക് കിടക്കാൻ സെന്റർ ഹാളിൽ ത്തിരി സ്ഥലം കൊടുത്തു. രാത്രി പന്ത്രണ്ട് മണിയായപ്പോ ഇടീം മിന്നലും കാരണം കറണ്ട് പോയി. കള്ള കാക്ക മെല്ലെ എഴുന്നേറ്റ് സ്റ്റോർ റൂമിൽ വച്ചിരുന്ന ബിസ്കറ്റ് പായ്ക്കറ്റ് പൊളിച്ച്  തിന്നാൻ ആരംഭിച്ചു"

അങ്ങനേല്ല അങ്ങനേല്ലാ -ന്ന് പറഞ്ഞ് ചിട്ടുമോൻ ഇടയ്ക്ക് കേറിയെങ്കിലും , മിണ്ടിപ്പോവരുതെന്ന് ആംഗ്യം കാട്ടി ഞാൻ അവനെ അടക്കി ഇരുത്തി. എന്നിട്ട് കഥ തുടർന്നു

"എന്തോ ഒരൊച്ച കേട്ട് കൊക്ക് എഴുന്നേറ്റു , എന്നിട്ട് വിളിച്ച് ചോദിച്ചു- എന്താ കാക്കാ ഒരു ബെല്ലാത്ത സൗണ്ട്?
ഞമ്മ ഒരു വളി വിട്ടതാണു കോയാന്നു കാക്ക വിളിച്ച് പറഞ്ഞു. മണ്ടൻ കൊക്ക് വിശ്വസിച്ചു.
കുറച്ച് കഴിഞ്ഞപ്പോ കള്ളക്കാക്ക സ്റ്റോർ റൂമിൽ വച്ചിരുന്ന ലേയ്സിന്റെ കവറ് പൊളിച്ച് തീറ്റ തുടങ്ങി.
ഒച്ച കേട്ട് കൊക്ക് എഴുന്നേറ്റു,എന്നിട്ട് വിളിച്ച് ചോദിച്ചു- എന്താ കാക്കാ ഒരു ബെല്ലാത്ത സൗണ്ട്?
ഞമ്മ ഒരു വളി വിട്ടതാണു കോയാന്നു കാക്ക വിളിച്ച് പറഞ്ഞു.
ഞ്ജെന്താണു വൈകീട്ട് കഴിച്ചേന്ന് കൊക്ക് തിരിച്ച് ചോദിച്ചു.
അപ്പോം ഉരുളക്കിഴങ്ങ് കറിയും ആണ്ന്ന് കാക്ക മറുപടി കൊടുത്തു.
എന്നാ ഞ്ജ് റിസ്ക് എടുക്കണ്ട വടക്കുപൊറത്തെ ടോയലറ്റിന്റെ അടുത്തേക്ക് മാറിക്കെടന്നോന്നും പറഞ്ഞ് മണ്ടൻ കൊക്ക്  ഒറങ്ങിപ്പോയി.
രാവിലെയായി.
ചായേന്റെ കൂടെ മുക്കിത്തുന്നാൻ ബിസ്കറ്റ് എടുക്കാൻ പോയ കൊക്ക് ഞെട്ടിപ്പോയി. ബിസ്കറ്റിന്റെം ലേയ്സിന്റേം കവറ് മാത്രേ ഉള്ളു.കാക്കേനെ കാണാനും ഇല്ല."

ചിട്ടുമോൻ അന്തംവിട്ടിരിക്കയാണു.

"പാവം കൊക്ക് അല്ലേ?"

ചിട്ടുമോൻ തലയാട്ടി.

"ന്നിട്ട് കാക്കയ്ക്ക് എന്ത് പറ്റീന്ന് അറിയോ?"

ചിട്ടുമോൻ ഇല്ലാന്ന് തലയാട്ടി,

"കൊക്കിനു കൊടുക്കാതെ എല്ലാം തിന്നതോണ്ട് കാക്കയ്ക്ക് വയറിളക്കം പിടിച്ചു. മൂന്ന് ദിവസം ആശുപത്രീൽ കെടന്നു. മൂന്ന് സൂചീം വച്ചു. ഇനി മാമന് തരാതെ മോൻ എന്തേലും തിന്ന്വോ?"

അവൻ ഇല്ലെന്ന് തലയാട്ടി, കയ്യിലിരുന്ന ക്രീം ബിസ്കറ്റ് എന്റെ നേരെ നീട്ടി.

ഈ കഥയാണു അവൻ ടീച്ചർക്ക് പറഞ്ഞു കൊടുത്തിരിക്കുന്നെ. എന്താ കഥ!



3 comments:

  1. ഹഹഹ...
    ഇങ്ങനെ തന്നെ വേണം ചിട്ടുമോന് കഥ പറഞ്ഞുകൊടുക്കാന്‍!!!!

    ReplyDelete