May 25, 2014

നഖങ്ങൾ

ചെറുപ്പത്തിൽ,
ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ
ഞാൻ നഖം വെട്ടാനിരിക്കുമ്പോൾ
അമ്മ വിലക്കും.
രാത്രിയിൽ പിശാചുക്കൾ
ചുറ്റും നൃത്തം വയ്ക്കുമത്രേ,
വേണ്ടാത്ത സ്വപ്നങ്ങൾ
കണ്ട് ഞാൻ കരയുമത്രേ..
- എന്റെ പൊടിവിരലുകളിൽ
ചോരപൊടിയാതിരിക്കാനുള്ള
അമ്മയുടെ സൂത്രം!

ഇന്ന് , ഈ രാത്രിയിൽ,
നിലാവിന്റെ വെളിച്ചവും
ഊതിക്കെടുത്തിയിട്ട്
എനിക്കീ നഖങ്ങൾ
വെട്ടിയേ മതിയാവൂ.
നാളെ പുലർച്ചയിലേക്കതു
പഴയതു പോലെ വളർന്നിട്ടുണ്ടാകും.
എന്നാലും ഇന്ന്
 ഉറക്കത്തിലവകൊണ്ടെന്റെ
ഹൃദയം പോറുകയില്ലല്ലോ.
വേണ്ടാത്ത സ്വപ്നങ്ങൾ
കണ്ട് കരയാതിരിക്കാൻ
എന്റെ സൂത്രം!

5 comments:

  1. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. പ്രോത്സാഹനങ്ങൾക്ക്‌ ഹൃദയത്തിൽ നിന്നും നന്ദി

    ReplyDelete
  3. കവിത നന്നായി ...ആശംസകള്‍ ..!

    ReplyDelete