Jan 8, 2012

എനിക്ക് ചോറ് വേണ്ടാ.....

           ജീവിതത്തിൽ രണ്ടേ രണ്ട് സാഹചര്യങ്ങളിലാണു മനുഷ്യൻ തന്റെ  കോംപ്ളക്സുകളെല്ലാം ഉപേക്ഷിക്കുന്നത് - ഒന്ന് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലുള്ള യാത്രയിലും രണ്ട് വിശപ്പിന്റെ മുന്നിലും. ഈനാശു, മീശമാധവൻ, ആഷിഖ് അബു തുടങ്ങിയ പ്രമുഖരെയൊക്കെ താന്താങ്ങളുടെ ഫീൽഡിൽ പിടിച്ചു നിർത്തിയതിൽ വിശപ്പ് വഹിച്ച പങ്ക് ചെറുതല്ല എന്ന് ചരിത്രത്തിന്റെ ഇഴ കീറിയുള്ള പരിശോധനയിലൂടെ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്.  പക്ഷേ സമയപരിമിതി മൂലം അത്തരമൊരു ആഴത്തിലുള്ള വിശകലനത്തിനു ഞാൻ മുതിരുന്നില്ല.
                  തീർച്ചയായും മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നിനോടും തന്നെ  എന്റെ പ്രതിപാദ്യവിഷയത്തിന്  യാതൊരു ബന്ധവുമില്ല. പക്ഷെ അതിനു പിന്നിൽ രണ്ട് നിക്ഷിപ്ത താത്പര്യങ്ങളാണുള്ളത്- ഒന്ന് മനക്കട്ടി കുറഞ്ഞ വായനക്കാരെ ഈ പോസ്റ്റ് വായിക്കുക എന്നുള്ള ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക, രണ്ട് പറഞ്ഞുവന്നാൽ രണ്ട് വരിയിൽ തീർക്കാവുന്ന ഈ പോസ്റ്റിനെ തരക്കേടില്ലാതെ വലിച്ച് നീട്ടി ഒരു പരുവമാക്കുക എന്നതും. എന്നാൽ ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം.

                  ഹെഡ് മാഷ്ടെ മഹളുടെ കല്ല്യാണം പ്രമാണിച്ച് അന്ന് സ്കൂളിൽ ഉച്ച വരെയേ ക്ളാസുള്ളൂ. സ്ക്കൂളിൽ നിന്ന് അരമണിക്കൂർ നടന്ന് , അടുത്തുള്ള ബസ് സ്റ്റാന്റിൽ ചെന്നിട്ട് വേണം നാട്ടിലേക്കുള്ള ബസ് കയറാൻ. ഞാനും വീടിന് അടുത്തുള്ള മൂന്ന് ചെങ്ങായിമാരും സൊറയും പറഞ്ഞ്  മെല്ലെ  നടത്തം ആരംഭിച്ചു, അമ്പലത്തിനടുത്തുള്ള ആഡിറ്റോറിയത്തിന് (auditorium) അരികിലെത്തിയപ്പോൾ അവിടെ നല്ല ആൾത്തിരക്ക്. ആഴ്ചയിൽ മിക്കവാറും ദിവസങ്ങളിൽ അമ്പലത്തിൽ വച്ച് ഏതെങ്കിലുമൊരു കല്യാണം കാണും, സദ്യ അതിനോട് ചേർന്നുള്ള ആഡിറ്റോറിയത്തിലും. 
                  നട്ടുച്ച സമയം, പൊരിയുന്ന വെയിൽ, കത്തിക്കാളുന്ന വിശപ്പ്, ഞാൻ ബാക്കിയുള്ള മൂന്നെണ്ണത്തിന്റെയും നേരെ നോക്കി. തേങ്ങാപ്പൂള് കണ്ട പെരുച്ചാഴികളുടെ ഭാവം മുഖത്ത്, മൂന്നുപേരും കയ്യിലുള്ള നൂറു പേജിന്റെ നോട്ട്ബുക്ക് ചുരുട്ടി പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകിക്കഴിഞ്ഞു.(ഏകമനസ്സുകൾക്ക് സംവദിക്കാൻ വാക്കുകളെന്തിന്? ഭാഷയെന്തിന്? ഒരു നോട്ടം തന്നെ ധാരാളം.)
                ക്ഷണിയ്ക്കാത്ത കല്യാണത്തിനു ഭക്ഷണം കഴിക്കാനെത്തിയതിലുള്ള ജാള്യത ഏതുമില്ലാതെ ഞങ്ങൾ  അടുത്ത പന്തിക്ക് തന്നെ നിരത്തി വച്ച ബെഞ്ചുകളൊന്നിൽ  സ്ഥാനമുറപ്പിച്ചു  . ഇല വച്ച് തുടങ്ങി. അച്ചാർ, പച്ചടി, കിച്ചടി, കാളൻ, ഓലൻ, തോരൻ ഐറ്റങ്ങളോരോന്നായ് എത്തിക്കൊണ്ടിരിക്കയാണ്. ഭക്ഷണത്തിനു മുൻപ് കൈ കഴുകിയില്ലെങ്കിലും പ്രാർത്ഥന ഇത്തവണ മുടക്കിയില്ല ( പായസം രണ്ട് തരം കാണേണമേ ഗണപതി ഭഗവാനേ !).
                  തൊട്ടടുത്തിരിക്കുന്ന അമ്മാവൻ ഞങ്ങലെ ഇടയ്ക്കിടെ സംശയദൃഷ്ട്യാ നോക്കുന്നുണ്ടോ എന്നൊരു സംശയം. ഈ യൂണിഫോർമാണ് പ്രശ്നക്കാരൻ. സാരമില്ല, ഞങ്ങളെന്താ മോശക്കാരാണോ? കണക്ക് പരൂക്ഷയിൽ പൂജ്യരാണെങ്കിലും ഒന്നാന്തരം നമ്പരുകൾ കയ്യിൽ ഒരുപാടുണ്ട്.
" അമ്മാവൻ പെണ്ണിന്റെ ആളാണോ, ചെറുക്കന്റെ ആളാണോ?"

സ്വരാജ് ഒന്നാം നമ്പരെടുത്ത് വീശിക്കഴിഞ്ഞു.
മൂപ്പർ ഇത്തിരി അത്ഭുതത്തോടെ ഞങ്ങളെ നോക്കി. 
എന്തോ ഒരു വശപ്പിശകുണ്ട്, ഇനി ഞങ്ങളെപ്പോലെ അങ്ങേരും..??

"ഞങ്ങള്  ചെറുക്കന്റെ ബന്ധുക്കാരാ.., സ്കൂളീന്ന് നേരെ ഇങ്ങോട്ട് പോന്നതാ.."

ഞാനൊന്നും ചോദിച്ചില്ലല്ലോ എന്ന ഭാവം അങ്ങേർടെ മുഖത്ത്.

"അമ്മാവൻ എവിട്ന്ന് വരുന്നതാ?"

ഇത്തവണ മൂപ്പരുടെ ചുണ്ടിലൊരു വളിച്ച ചിരി വിടർന്നു.

"മക്കളേ, ഇന്ന് എന്റെ മരുമകന്റെ കുട്ടീടെ ചോറൂണ് ആയിരുന്നു. അതിന്റെ സദ്യയാ ഇത്, അല്ലാതെ കല്യാണസദ്യയൊന്ന്വല്ല."

           മുന്നിൽ വച്ച ഇലയിൽ ചോറ് വിളമ്പിക്കഴിഞ്ഞു. ഞങ്ങൾ പരസ്പരം നോക്കി. വടി കൊടുത്ത് ഇത്ര മുട്ടനടി വാങ്ങേണ്ടിയിരുന്നില്ല.

സന്ദേശം: ഓവർസ്മാർട്ടാകരുത്.. കുളമാകും.

9 comments:

  1. രാഹുല്‍ ചേട്ടന്‍ ഈ സ്റ്റോറി ഞാന്‍ വേറെ എവിടെയോ വേറെ രീതിയില്‍ കേട്ടിട്ടുണ്ടാലോ ....??? നന്നായിരുന്നു.

    ReplyDelete
  2. സത്യം തന്നെയാണോ
    എങ്കിലും വായിക്കാൻ സുഖം

    ReplyDelete
  3. രസിപ്പിച്ച എഴുത്ത്.......

    ReplyDelete
  4. @ അക്ഷി, unni, AFRICAN MALLU , മാറുന്ന മലയാളി , നന്ദി

    ReplyDelete
  5. നിങ്ങളുടെ ടീം കൊള്ളാമല്ലോ, നാട്ടുകാരാ... :)

    ReplyDelete
  6. നന്ദി കുമാരേട്ടാ, നന്ദി jayarajmurukkumpuzha
    ഇനിയും വരിക

    ReplyDelete