Oct 9, 2011

ഉറങ്ങുന്നതിന് മുമ്പ്

കിടക്കുമ്പോൾ കട്ടിലിനരികിലെ അഴിയിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ മരക്കൊമ്പുകൾക്കിടയിലൂടെ നിലാവ് തിങ്ങിയ ആകാശം കാണാം. ലോകത്തേറ്റവും മൃദുലമായ കാഴ്ച അതാണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.റേഡിയോ ഓണാക്കി അരികിൽ വയ്ക്കും, ആകാശവാണിയിൽ നിന്നും അറിയാത്ത ഏതൊക്കെയോ രാഗങ്ങളിൽ ഉപകരണ സംഗീതം ഒഴുകി വരും.അതും ആസ്വദിച്ച് അങ്ങനെ കിടക്കും, റേഡിയോ സ്റ്റേഷൻ ഉറങ്ങും മുമ്പേ ചിന്തകളുടെ പ്രക്ഷേപണം അവസാനിച്ചിട്ടുണ്ടാവും.രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അടുത്തിരുന്ന് റേഡിയോ മുറുമുറുമ്മുന്നുണ്ടാവും, പുതിയ രണ്ട് ബാറ്ററിക്കു വേണ്ടിയുള്ള കരച്ചിലാണ്.
                   രാത്രിക്കു ചൂട് കൂടിത്തുടങ്ങുന്നതോടെ, പകല് തന്നെ കവുങ്ങിന്റെ പാള മുറിച്ച് ഒന്നാന്തരം വിശറി ഉണ്ടാക്കിവയ്ക്ക്ക്കും. ആ നാടൻ വിശറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച കാറ്റിന്റെ ചുമലിലേറി ഉറക്കം, സന്ധ്യാനേരത്ത് കൂട്ടിൽ കയറാൻ കൂട്ടാക്കാത്ത പൂവൻകോഴിയുടെ മട്ടിൽ, മടിച്ച് മടിച്ച് കടന്നു വരും.ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതോടെ പാള കൊണ്ടുള്ള പ്രതിരോധം വൃഥാവിലാവും.വീശി വീശി ഇടതും വലതും കൈകള് തളരുന്നതും നോക്കി, ഒരു ജന്മിയുടെ  പുച്ഛം നിറഞ്ഞ ചിരിയും എറിഞ്ഞ് തന്ന്, അയിത്തം ഭാവിച്ച് ഉറക്കമങ്ങ് കടന്ന് പോവും.പിന്നെ കിടത്തം മുൻവശത്തെ ചായ്പ്പിലെ പായയിലേക്ക് മാറ്റും.വഴി തെറ്റിയെങ്കിലും കടന്നു വരുന്ന ഒരു ഇളം കാറ്റിനെ കാത്ത് കിടക്കും, രാത്രിസഞ്ചാരത്തിനിറങ്ങാറുള്ള ഇഴജന്തുക്കളോ ശ്വാനന്മാരോ പടി കയറി വന്നാലോയെന്നുള്ള ഭയം കൂട്ട്കിടക്കാനുണ്ടാവും. ഇടയ്ക്കെപ്പോഴെങ്കിലും ഉറക്കം  ഒരെല്ലിൻ കഷ്ണവും എറിഞ്ഞ്തന്ന്  ദയ കാട്ടും. അല്പനേരം കഴിയും മുമ്പേ ഒരു ദുസ്വപ്നത്തിന്റെ മുനമ്പിൽ നിന്നും വഴുതി, വിയർത്തൊലിച്ച്, ഉണർച്ചയുടെ താഴ്വാരത്തിലേക്ക് തന്നെ വന്ന് വീഴും. മുറ്റത്ത് ഒഴുകിപ്പരക്കുന്ന നിലാവിൽ നിഴലുകൾക്ക് ജീവൻ വയ്ക്കും, കണ്ണ് ഇറുക്കിപ്പൂട്ടി കിടക്കും.വീട്ടിനു ചുറ്റും ആരൊക്കെയോ നടക്കുന്നതിന്റെ ശബ്ദം കേൾക്കാം, അതിനേക്കാൾ ഉറക്കെ എന്റെ ഹൃദയമിടിപ്പ് മുഴങ്ങിക്കേൾക്കും..

         മഴക്കാലമെത്തുന്നതോടെ കഥയാകെ മാറും, പുറത്ത് പെയ്യുന്ന മഴയുടെ താളത്തിൽ ലയിച്ച് പുതപ്പിനുള്ളിൽ ചുരുണ്ട്കൂടിയങ്ങനെ കിടക്കുമ്പോൾ രാത്രി ഒരിക്കലും പുലരേണ്ടെന്ന് തോന്നും. വീട്ടിനടുത്തുള്ള കുളത്തില് നിന്നും ഇടതടവില്ലാതെ തവളകളുടെ കച്ചേരി കേൾക്കാം. അത് കേട്ട് തുടങ്ങുന്നതോടെ വീട്ടിനുള്ളിൽ അങ്ങിങ്ങു നിന്നായി ചില ഏറ്റ്ചൊല്ലലുകൾ മുഴങ്ങി തുടങ്ങും. ഈ മണവാട്ടിത്തവളകൾ* മുഴുവൻ ഏത് വഴി, എപ്പൊഴാണ് , വീട്ടിലേക്ക് കയറിവരുന്നതെന്നും ഇറങ്ങിപ്പോവുന്നതെന്നും അവയ്ക് മാത്രമേ അറിയുകയുള്ളൂ! മഴ കനത്ത് വരുമ്പോൾ ഓടിനിടയിൽ ഉറവകൾ പിറവികൊള്ളും. സ്ഥിരം ചോർച്ചാകേന്ദ്രങ്ങളൊക്കെ മുമ്പേ തന്നെ പനയോലയോ എക്സ്-റേ ഷീറ്റോ തിരുകി അടച്ചിട്ടുണ്ടാവും, അതല്ലെങ്കിൽ നിലത്ത് വെള്ളം ഇറ്റുവീഴുന്നിടത്ത് പാത്രങ്ങൾ നിരത്തി വയ്ക്കും,മഴ അതിലും ചെണ്ടകൊട്ടി പഠിക്കും- രാത്രി ആകെ സംഗീതമയം! തീർന്നില്ല, മഴയുടെ താണ്ഢവം പിന്നെയും തുടരുകയാണെങ്കിൽ പുറത്ത് പെയ്യുന്നതിനേക്കാൾ മഴ അകത്ത് പെയ്യും, ഉറക്കച്ചടവിൽ കിടക്കയും ചുരുട്ടി ചോർച്ചയില്ലാത്ത മുറികളിലേക്ക് താമസം മാറേണ്ടിവരും..

      മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിക്കൊണ്ടങ്ങനെ കിടന്നപ്പോൾ ഇതൊക്കെയാണ് ഓർമ്മ വന്നത്. വെറുതെ ഓർക്കാനൊരു രസം!

11 comments:

  1. വായനയ്ക്കിടയില്‍ ഞാന്‍ എന്നോട് ചോദിച്ചു കൊണ്ടിരുന്നു,ഇത് ഞാനല്ലേ എഴുതിയത്....? കൊച്ചു ഓലപ്പുരയില്‍ റേഡിയോ തലയണ യോട് ചേര്‍ത്ത് വച്ച്,അത് നിര്‍ത്താന്‍ മറന്നു ഉറങ്ങിയ രാത്രികള്‍. നിങ്ങള്‍ എഴുതിയതെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്.അതെല്ലാം ഞാനിപ്പോള്‍ വേദനയോടെ ഓര്‍ക്കുന്നു. നല്ല ഓര്‍മ്മക്കുറിപ്പ്‌.

    ReplyDelete
  2. വത്സലയുടെ നെല്ല്, കൂമന്കൊല്ലി, ആഗ്നേയം തുടങ്ങിയവയുടെ ശൈലിയോട് അടുത്ത് വരുന്നു..ഒരു കഥയുടെ threadinullilirunnu എഴുതൂ

    ReplyDelete
  3. ഓർമകൾ സ്വപ്നങ്ങളെക്കാൾ മനൊഹരങ്ങളായി മാറുന്ന നിമിഷങ്ങൾ .......... രാഹുലിന്റെ വരികളിലൂടെ കടന്ന് പോവമ്പോൾ ഓർമകളുടെ വേലിയേറ്റമാണൊ വേലിയിറക്കമാണോ എന്നറിയില്ല

    ReplyDelete
  4. ഓര്‍മ്മകള്‍ ഇങ്ങനെ അടുക്കിപെറുക്കി വെക്കാന്‍ നല്ല സുഖമാണു.

    ReplyDelete
  5. നന്ദി Kattil Abdul Nissar, divakaranpalliyath, Remya shijith

    ReplyDelete
  6. great writing...keep it up..ramesanu parayaavatte..

    ReplyDelete
  7. aliya night shiftinte virasamaaya idavelakalil ninte blog sandarshikkuan ulla soubhagyam kai vannu.ellam kandu..ninte varayum pattukalum kathakalum gambheeram...plz continue the good work...

    ReplyDelete
  8. നന്നായി എഴുതി. ആ നാട് എഴുത്തുകാര്‍ക്ക്/ കലാകാരന്‍മാര്‍ക് ഏറെ വളക്കൂറുള്ള മണ്ണ് തന്നെ........സസ്നേഹം

    ReplyDelete
  9. നന്നായി ..ആശംസകള്‍ ..

    ReplyDelete
  10. നന്ദി വിജയകുമാർ ബ്ലാത്തൂർ, prashob Krishnan ,ശ്രീ ,ഒരു യാത്രികന്‍ , Satheesan .Op

    ReplyDelete