Aug 21, 2011

ദേവദൂതൻ!!

           നിങ്ങൾക്ക് ഈ ശകുനം, കണി,ജ്യോത്സ്യം,മാടൻ,യക്ഷി,മറുത.. ഇമ്മാതിരി സാധനങ്ങളിലൊക്കെ വിശ്വാസമുണ്ടോ? എനിക്ക് തീരെ വിശ്വാസമില്ല, മനുഷ്യൻ ചൊവ്വയിൽ പോയി മണ്ണും വാരി വരുന്ന സമയത്ത് ചൊവ്വാദോഷവും പറഞ്ഞിരിക്കുന്നവരെ പലതവണ പുച്ഛിച്ചിട്ടുണ്ട് താനും. പക്ഷേ ഓരോരുത്തരും അവരവരുടെ അനുഭവങ്ങളിലൂടെയാണല്ല്ലോ ഓരോരോ പാഠങ്ങൾ പഠിക്കുന്നത്!
                   അന്ന് ഒരു വെള്ളി ആഴ്ചയായിരുന്നു (എങ്കിലും ഭൂതപ്രേതപിശാചുകൾക്കൊന്നും ഈ സംഭവത്തിൽ ഒരു റോളുമില്ല). രാത്രി ഏഴരയുടെ ട്രെയിനിന് നാട്ടിലേക്ക് തിരിക്കണം, ശനി,ഞായർ‌- ഒഴിവ് ദിനങ്ങൾ വീട്ടിൽത്തന്നെ ആഘോഷിക്കാമല്ലോ. ടിക്കറ്റ് റിസർവ്വ് ചെയ്യാൻ പറ്റിയില്ല. 10-12 മണിക്കൂർ യാത്രയുണ്ട് മൊത്തം. സീറ്റെങ്ങാനും കിട്ടാതെ വന്നാലോ എന്ന ആശങ്ക കൊണ്ട് ആറേ മുക്കാലാവുമ്പോഴേ സ്റ്റേഷനിലെത്തി. ദൈവാധീനം എന്നല്ലാതെ എന്ത് പറയാൻ, ട്രെയിൻ നേരത്തെതന്നെ സ്റ്റേഷനിൽ കയറ്റിയിട്ടിട്ടുണ്ടായിരുന്നു. കയറിയിരുന്നു.
             'മലബാർ,മാവേലി,മാംഗ്ലൂർ.. ഈ ട്രെയിനിനുകളുടെ പേരൊക്കെ എന്താ മ വച്ച് തുടങ്ങുന്നത്?,രാത്രി ചപ്പാത്തി കഴിക്കണോ അതോ ബിരിയാണി കഴിക്കണോ?' തുടങ്ങിയ ഗഹനമായ ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. ഏകദേശം അര മണിക്കൂർ കഴിഞ്ഞു കാണും, കമ്പാർട്ട്മെന്റിൽ ആളുകൾ നിറഞ്ഞ് തുടങ്ങി. ഒരു മനുഷ്യൻ ഞാനിരിക്കുന്നതിന്റെ തൊട്ടടുത്ത് വന്നു നിന്നു. എന്നെ കുറച്ച് നേരം തുറിച്ചു നോക്കി.
പിന്നെ പറഞ്ഞു:
"ഈ ട്രെയിനിന് എന്തോ കുഴപ്പമുണ്ട്. വേറൊന്നും കൊണ്ടല്ല , എന്റെ മനസ്സ് അങ്ങനെ പറയുന്നു."

!!
"അമ്പട രാഭണാ, ഇത് കേട്ട് ഞാൻ എഴുന്നേറ്റ് പോയിട്ട് വേണം തനിക്കിവിടെ ഇരിക്കാൻ, അല്ലേ.."
 എന്റെ മനസ്സ് പറഞ്ഞു.

ഞാൻ അങ്ങനെ നോക്കി നിൽക്കെ അയാൾ പിന്നേം പറഞ്ഞു,
"ഈ ട്രെയിനിന് എന്തോ കുഴപ്പമുണ്ട്. വേറൊന്നും കൊണ്ടല്ല , എന്റെ മനസ്സ് അങ്ങനെ പറയുന്നു.
ഞാൻ എന്തായാലും ഇതിന് വരുന്നില്ല."
അയാൾ ഇറങ്ങിയങ്ങ് പോയി.
എനിക്ക് ചിരി വന്നു.ഓരോരോ മനുഷ്യന്മാരെയ്..
     
          2 മിനുട്ട് കഴിഞ്ഞില്ല, എന്റെ മനസ്സിലെ യുക്തിബോധത്തിന്റെ തുലാസിന് പെട്ടെന്നൊരിളക്കം. 'ഫൈനൽ ഡെസ്റ്റിനേഷൻ' സിനിമ 1,2,3.. ഇങ്ങനെ ലാസ്റ്റ് പാർട്ട് വരെ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ കടന്ന് പോയി.അതീന്ദ്രിയജ്ഞാനം ആർക്കാണ് എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റില്ല. അല്ലെങ്കിൽ,ചെലപ്പോ കാലന്റെ ലിസ്റ്റിൽ എന്റെ പേരു പെട്ടിട്ടില്ലായിരിക്കും.ഈ ദേവദൂതൻ-ന്നൊക്കെ നമ്മള് കേട്ടിട്ടല്ലേ ഉള്ളൂ,അത് പോലെ വല്ല ഐറ്റവും?? കലികാലമാണ്, എന്തും സംഭവിച്ച്കൂടായ്കയില്ല. അറിഞ്ഞ് കൊണ്ട് ആപത്തിലേക്ക് എടുത്ത് ചാടണോ? എന്റെ മനസ്സമാധാനത്തിന്റെ മുല്ലപ്പെരിയാറ് ഇപ്പ പൊട്ടും-ന്ന്ള്ള അവസ്ഥയിലായി. എന്ത് ചെയ്യാൻ,പിശാച് അന്തിനേരത്ത് കെട്ടിയെടുത്തതാണ് പേടിപ്പിക്കാനായിട്ട്. ഞാൻ ചുറ്റും ഉള്ളവരെ ഒന്നുകൂടി നോക്കി. പാവങ്ങൾ, ഇവരറിയുന്നുണ്ടൊ ഇത് അന്ത്യയാത്രയാണെന്ന്.
  
         "കാപ്പീ.. കാപ്പീ.."

 അവസാനമായിട്ട് ഒരു കാപ്പി കുടിച്ചാലോ?
"കാലാഹിനം.. പരിഗ്രസ്തമാം.. ദർദുരം.. ഭക്ഷണത്തി.." പത്താം ക്ലാസ്സില് പഠിച്ചതോർമ്മ വന്നു. കാപ്പി കുടിക്കാൻ തോന്നിയില്ല.

                    പത്ത്-പന്ത്രണ്ട് മണി വരെ , വണ്ടീടെ ടയറ് പാച്ചാവുകയോ ബ്രേക്ക് പൊട്ടുകയോ മറ്റോ ചെയ്യുന്നതിന്റെ ശബ്ദവും പ്രതീക്ഷിച്ച് , ഞാൻ ഉറങ്ങാതെ ഇരുന്നു. അത് കഴിഞ്ഞെപ്പോഴൊ ഉറങ്ങിപ്പോയി.ഉറങ്ങാൻ പറ്റുന്നത് ഒരു വലിയ അനുഗ്രഹമാണ്. ഉറക്കത്തിൽ മരിക്കാൻ സാധിക്കുക എന്നുള്ളത്  പണ്ട് തൊട്ടേയുള്ള എന്റെ ഒരു വലീയ ആഗ്രഹവുമായിരുന്നു.

                    നേരം പുലർന്നു.ഞാൻ കണ്ണു തുറന്ന് നോക്കി. ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. അതേ, ആ പ്രവാചകൻ പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു- എനിക്കിറങ്ങാനുള്ള സ്റ്റേഷനും പിന്നെ രണ്ട് സ്റ്റേഷനും കഴിഞ്ഞുള്ള സ്റ്റേഷനിലാണ് ഇപ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുന്നത്. അവിടെ നിന്നും നീങ്ങിത്തുടങ്ങിയിരിക്കുന്നു!

             


9 comments:

  1. നീ രമേശന്റെയും എന്റെയും അടപ്പ് തെറിപ്പിക്കും എന്നുറപ്പായി

    ReplyDelete
  2. @ponmalakkaran, :) commentinn nandhi.

    @vijayan papan, ini puthiya thalamurakk avasaram kodukkanam.

    ReplyDelete
  3. "കാപ്പീ.. കാപ്പീ.."

    അവസാനമായിട്ട് ഒരു കാപ്പി കുടിച്ചാലോ?
    "കാലാഹിനം.. പരിഗ്രസ്തമാം.. ദർദുരം.. ഭക്ഷണത്തി.." പത്താം ക്ലാസ്സില് -------------------------------
    ഈഭാഗം വളരെനന്നായിരിക്കുന്നു

    ReplyDelete
  4. അനുഭവങ്ങള്‍ പാച്ചാളികള്‍ .....!!!

    ReplyDelete
  5. ബഷീര്‍ കൃതികളുടെ പ്രത്യേകതയായ അടച്ചാക്ഷേപിക്കല്‍ നിന്‍റെ സംരംഭങ്ങളിലും കാണുന്നുണ്ട്....നല്ലൊരു പ്രവണത ആണത്...

    ReplyDelete
  6. ബഷീര്‍ കൃതികളുടെ പ്രത്യേകതയായ അടച്ചാക്ഷേപിക്കല്‍ നിന്‍റെ സംരംഭങ്ങളിലും കാണുന്നുണ്ട്....നല്ലൊരു പ്രവണത ആണത്.....keep it up .....

    ReplyDelete
  7. നന്നായിടുണ്ട്

    ReplyDelete