Jan 2, 2018

പിറവി

കിണർ വക്കിലെ പാളത്തൊട്ടിയിൽ നിന്നും വെള്ളം കൈക്കുമ്പിളിൽ കോരി എടുത്ത് സുധൻ അതിലേക്ക് അല്പം സമയം നോക്കി നിന്നു. തന്റെ കൈരേഖകൾ അതിൽ  കൂടുതൽ തെളിഞ്ഞു കാണാം. കൈവെള്ളയിലൂടെ തണുപ്പ്  ആത്മാവിലേക്ക് ഒഴുകിയിറങ്ങി.
സുധൻ മെല്ലെ മന്ത്രിച്ചു-
നിന്നിലാകുന്നു ജീവന്റെ ഉത്ഭവം.
നീയാകുന്നു ജീവദായിനി.
നീയാകുന്നു ആദിമാതാവ്.

വിരലിടവുകളിലൂടെ അവൾ ഊർന്നിറങ്ങി മണ്ണോട് ചേർന്നലിഞ്ഞു.
സുധൻ ആ മണ്ണിൽ മുട്ടുകുത്തിയിരുന്നു.  കണ്ണുനീർ  തുള്ളികൾ ആ കവിൾത്തടം കഴുകി. ആകാശത്തിൽ നിന്നടർന്ന് ആയിരം തുള്ളികൾ താഴേക്കിറങ്ങി വന്നു, ഏഴു സമുദ്രങ്ങൾ തേടി ഒഴുകി . ആ ഒഴുക്കിൽ സുധനും ചേർന്നു.

ദൂരെ പർവ്വതാഗ്രത്തിൽ ഹിമാനിയിൽ നിന്നും ഒരു ഉറവ പിറവിയെടുത്തു , അതിനു സുധൻ എന്നായിരുന്നു പേര്.

Jun 14, 2017

രാത്രി

കരണ്ടില്ല. മുറ്റവും പറമ്പും നിലാവിൽ കുളിച്ച് നിൽക്കയാണ്. അമ്മയും ചേച്ചിയും ഇറയത്തിന്റെ പടിയിൽ ഇരിക്കുന്നു. അമ്മമ്മ തൂണിൽ ചാരി ഇരിപ്പുണ്ട് . ഞാൻ ഒരറ്റത്ത് കസേരയിൽ കാൽ കയറ്റിവച്ചിരിപ്പാണ്.

ചെറിയ കാറ്റിൽ പറമ്പിലെ വാഴക്കൂട്ടം ഒന്നിളകി. അതിന്റെ മറവിൽ ആരോ നിൽക്കുന്നുണ്ടെന്ന് തോന്നി. എന്റെ പിറകിൽ ആരോ നിൽപ്പുണ്ടോ? എനിക്ക് പേടി തോന്നി. ഞാൻ കസേരയിൽ നിന്നിറങ്ങി, അമ്മയുടേയും ചേച്ചിയുടേയും ഇടയിൽ ചെന്നിരുന്നു. ചെക്കന് പേടി തുടങ്ങി എന്ന് ചേച്ചി കുറവാക്കി. പേടിയായിട്ടല്ല ഇവിടിരുന്നാൽ ചന്ദ്രനെ കാണാം എന്ന് ഞാൻ നുണ പറഞ്ഞു.

ദൂരെ നിന്നും കോൽക്കളിപ്പാട്ടിന്റെ ഈണം കേൾക്കാം, കേളപ്പേട്ടൻ കള്ളുകുടിച്ച് പാട്ട് പാടി നടുവയലിലെ വരമ്പത്ത് കൂടെ നടന്ന് പോവുന്നതാണ്. കേളപ്പേട്ടന് നല്ല പൊക്കമുണ്ട് - അമിതാബച്ചനെക്കാൾ പൊക്കം കാണും. മെലിഞ്ഞിട്ടാണ്. കേളപ്പേട്ടനെ കണ്ടാൽ ഒരു മുള കുത്തി നിർത്തിയിരിക്കുന്നത് പോലെ തോന്നും. രാത്രിയിലെ ഈ പോക്ക് മിക്കവാറും പതിവുള്ളതാണ്. കേളപ്പേട്ടന് നല്ല ധൈര്യം കാണണം, അല്ലെങ്കിൽ പാതിരായ്ക്കൊക്കെ തനിച്ച് എങ്ങനെ നടു വരമ്പത്ത് കൂടെ  നടന്ന് പോവും, ആ സമയത്ത് അതിലൂടെ പോതിയുടെ പോക്കുള്ളതാണ്. ക്ലാസിലെ സുധീഷ് ഒരു തവണ ആ പോക്ക് കണ്ടിട്ടുള്ളതാണ്. നാല് പന്തവും തെളിച്ച് പാഞ്ഞ് പോവുമത്രേ. മുന്നിൽ പെട്ടാൽ തീർന്നു. അല്ലെങ്കിൽ കേളപ്പേട്ടന് കള്ളിന്റെ പുറത്ത് ഇതൊന്നും ഓർമ്മ ഇല്ലാത്തതാവും.

ഏതായാലും  പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. എന്റെ പേടി എവിടെയോ പോയി. തിരിച്ച് കസേരയിൽ ചെന്നിരുന്നാലോ? വേണ്ട. ഉറക്കം വരുന്നുണ്ട് . മെല്ലെ അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു. അമ്മ മുടിയിഴക്കൾക്കിടയിലൂടെ വിരൽ പായിക്കുന്നതിനിടയിൽ എപ്പഴോ ഞാൻ ഉറങ്ങിപ്പോയി.

Oct 25, 2016

സമയസൂചി

ബിശ്വാസ് മൊബൈൽ  സ്ക്രീനിലേക്ക് നോക്കുകയും ഒരു നിമിഷത്തേക്ക് അത്ഭുതപ്പെടുകയും ചെയ്തു. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു , സാധാരണയായി പത്തിനു മുൻപ് ഉറക്കം പിടിക്കുന്നതാണ്.  കണ്ട് കൊണ്ടിരുന്ന സിനിമയിൽ അത്രയധികം മുഴുകിപ്പോയി.

രാവിലെ എഴുന്നേറ്റപ്പോൾ സാധാരണയിൽ നിന്നും അരമണിക്കൂർ വൈകി . തിരക്ക് പിടിച്ച് ഓഫീസിലേക്ക് പുറപ്പെട്ടു. ലിഫ്റ്റിനു കാത്ത് നിൽക്കാതെ  നാലാം നിലയിലെ ഓഫീസിലേക്ക് പടികൾ  ഓടിക്കയറിയെത്തുമ്പോഴേക്കും അയാൾ ഒരു നായയെപ്പോലെ കിതക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ  ബിശ്വാസ് കീബോർഡിന്റെ താളക്രമീകരണങ്ങളിൽ വ്യാപൃതനായി.

രാത്രി പത്ത് കഴിഞ്ഞെങ്കിലും അൽപ്പനേരം കൂടെ ടി.വി കണ്ടിരിക്കാമെന്ന് തോന്നിയതിനാൽ അയാൾ വാർത്താ ചാനലുകളിലേക്ക് റിമോട്ട് തിരിച്ചു.  കുറ്റാരോപണത്തിൽ അവതാരകൻ ഒരു വീട്ടിലെ മുഴുവൻ പേരെയും കൊലപ്പെടുത്തിയ മോഷ്ടാവിനെക്കുറിച്ച് പേടിപ്പെടുത്തുന്ന വിവരണങ്ങൾ തന്ന് കൊണ്ടിരിക്കുകയാണ്. കള്ളൻമാർ ഇറങ്ങുന്ന സമയവും കഴിഞ്ഞ് വൈകി ഉറങ്ങുന്നതാണ് നല്ലതെന്ന് ബിശ്വാസിന് തോന്നി. അയാൾ ടി.വിയുടെ വോളിയം അൽപ്പം കൂടെ കൂട്ടി വച്ചു. 

രാവിലെ മൊബൈലിലെ അലാറം ശബ്ദിച്ചെങ്കിലും  ബിശ്വാസിനെ ഉണർത്താൻ മാത്രം അതിനു ഉണർവ് പോരായിരുന്നു.
ഇന്ന് തിരക്കിനടയിൽ അയാൾ  മൊബൈൽ എടുക്കാൻ മറന്നു.
എന്ത് പറ്റി വൈകിയതെന്ന്  അപ്പുറത്തെ മേശയിലെ ഷീബ ചോദിച്ചതിന് കാറിന് ചെറിയ തകരാറുണ്ടായെന്ന് മറുപടി കൊടുത്തു. 
മുഷിപ്പൻ കണക്കുകളുടെ കുരുക്കിൽ മുറുകും മുമ്പ് ഒരു ചായ കൂടെ ആവാമെന്ന്  ബിശ്വാസിന് തോന്നിയതിനാൽ അയാൾ  ക്യാൻറീനിലേക്ക് നടന്നു.

രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് ആ ഒറ്റമുറി വീട്ടിലേക്ക് കയറിയ ബിശ്വാസ് വസ്ത്രം മാറിക്കൊണ്ടിരിക്കേ പെട്ടെന്ന് കട്ടിലിനടിയിൽ നിന്നും ഒരു എലി പുറത്തേക്ക് പാഞ്ഞു. അതിനെ പിന്തുടർന്നെങ്കിലും എലി അടുക്കളയിലെ  ആക്രിക്കൂമ്പാരങ്ങൾക്കിടയിലേക്ക് അപ്രത്യക്ഷനായി.ഒരു വടിയെടുത്ത് അതിൻമേലെല്ലാം തട്ടി ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും എലിയെ പുറമേക്ക് പിന്നെ കണ്ടില്ല. വീട് അത്രമേൽ അലങ്കോലപ്പെട്ട് കിടക്കുകയാണ്, ഈ രീതി തുടർന്നാൽ ക്ഷുദ്രജീവികളുടെ ആക്രമണം ഉണ്ടാവാമെന്ന ഭയപ്പാടിൽ അയാൾ അപ്പോൾ തന്നെ  മുറികൾ  വൃത്തിയാക്കുവാൻ ആരംഭിച്ചു. അതിനൊടുവിൽ രാവിലെ  മൂന്നര മണിയോടെ  ക്ഷീണിതനായി കിടക്കയിലേക്ക് വീണു.

ചുവന്ന കണ്ണുകളും വിളറിയ മുഖവുമായി ഓഫീസ്  കസേരയിൽ ഇരുന്ന ബിശ്വാസിനോട്  അഞ്ചോളം പേർ എന്തെങ്കിലും അസുഖം ബാധിച്ചുവോ എന്ന അന്വേഷണം നടത്തി. പ്യൂൺ  സുന്ദർ മാത്രം ചെറിയ ചിരിയോടെ ഇന്നലത്തെ ഹാങ്ഓവർ മാറിയില്ല അല്ലേ എന്ന് തമാശ പറഞ്ഞു . ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂറോളം അയാൾ മേശയിൽ തല ചായ്ച്ച്  ഉറങ്ങുകയായിരുന്നു.

 ഇന്ന് നേരത്തെ തന്നെ ഉറങ്ങിയിരിക്കണമെന്ന തീരുമാനത്തിൽ ബിശ്വാസ് പത്ത് മണിയോടെ കിടക്കയെ അഭയം പ്രാപിച്ചു. ഉറക്കം വരാൻ വായന നല്ലതാണെന്ന വിശ്വാസത്തിൽ ഒരു നോവലും കയ്യിലുണ്ടായിരുന്നു. രണ്ട് മണിയോടെ നോവലിന്റെ വായന തീർത്ത അയാൾക്ക് വല്ലാതെ വിശക്കുന്നതായി തോന്നി. അടുത്ത  ജംഗ്ഷനിലെ ഹോട്ടൽ ഈ നേരവും തുറന്നിരിക്കുമെന്ന പ്രതീക്ഷ തെറ്റാതിരുന്നതിനാൽ വിശപ്പിനെ മാത്രം  ഉറക്കിക്കിടത്താൻ ബിശ്വാസിനായി.

കണ്ണടച്ച് തുറക്കും മുൻപേ രാത്രി തീർന്നു പോയതായി  ബിശ്വാസിന് തോന്നി. 
ഓഫീസിലേക്കുള്ള ഡ്രൈവിംഗിനിടയിൽ നിമിഷ നേരത്തേക്ക് ഉറക്കം അയാളുടെ കണ്ണുകൾക്ക് പൂട്ടിടുകയും എതിരേ വന്ന ബസിന്റെ നീട്ടിയ ഹോണിൽ  വല്ലാത്തൊരു ഞെട്ടലോടെ ബോധതലത്തിലേക്ക് അയാൾ തിരിച്ചെത്തുകയും ചെയ്തു. 
      കമ്പ്യൂട്ടർ  സ്ക്രീനിലെ നമ്പറുകൾക്ക് മെല്ലെ ചിറക് മുളച്ചു. അവ കൊതുകുകളെ കണക്കെ ബിശ്വാസിന്റെ തലക്ക് മുകളിൽ ചുറ്റും വലം വച്ച് പറന്ന് തുടങ്ങി. അവയുടെ മൂളലിൽ മറ്റുള്ള ശബ്ദങ്ങളെല്ലാം മുങ്ങിത്തുടങ്ങവേ മാനേജർ പുറത്ത് തട്ടി സുഖമില്ലെങ്കിൽ ലീവ് എടുത്തോളൂ എന്ന് അറിയിച്ചു. ബിശ്വാസ് പ്രതികരണങ്ങളൊന്നുമില്ലാതെ അയാളുടെ മുഖത്തേക്ക് പകച്ചു നോക്കിയിരുന്നു. ഇതൊരു സ്വപ്നമാണോ എന്ന് വേർതിരിച്ചറിയാൻ ബിശ്വാസിന് തൽക്കാലം സാധ്യമല്ലായിരുന്നു.

രാത്രിയിൽ ഒൻപത് മണി മുതൻ പതിനൊന്ന് വരെ അയാൾ ഏത് നേരവും വന്നെത്താവുന്ന ഉറക്കത്തെ പ്രതീക്ഷിച്ച് ശാന്തനായി കിടക്കുകയായിരുന്നു. അതിനു ശേഷം ജനാല വഴി കടന്നു വന്ന  സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തെ പഴിക്കുകയും എഴുന്നേറ്റ് ജനാലകൾ പത്രക്കടലാസുകൾ വച്ച് മൂടുകയും ചെയ്തു. അടുത്ത അരമണിക്കൂറിനുള്ളിൽ  സ്വിച്ച് ബോർഡിലെ ചുവന്ന ഇന്റികേറ്ററിന് തീഷ്ണത കൂടി വന്നു, അയാൾ അവ കറുത്ത ടേപ്പ് വച്ച് മറച്ചു. സമയം കടന്നു പോവുന്തോറും ഇനിയുറങ്ങാൻ കഴിയില്ലേ  എന്ന് ബിശ്വാസ് ഉത്കണ്ഠപ്പെട്ടു. അന്ന് രാത്രി അയാൾക്ക് ഉറങ്ങാനായില്ല.

ഓഫീസിലെ കസേരയിൽ ചാരിയിരുന്ന് ബിശ്വാസ് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി. ഉറക്കെ ശബ്ദിച്ച് കൊണ്ടിരുന്ന പ്രിൻററുകളോ നിറയെ തെളിഞ്ഞ് നിന്ന ട്യൂബ് ലൈറ്റുകളുടെ പ്രകാശമോ  അതിനെ സ്പർശിച്ചതേയില്ല, പുഴയുടെ നടുവിലെ തുരുത്ത് പോലെ അയാളും ചുറ്റും ഒഴുകിക്കൊണ്ടിരിക്കുന്ന ഓഫീസും ഏറെ നേരം അങ്ങനെ തുടർന്നു. 
  രണ്ട് ആഴ്ചകൾക്ക് ശേഷം  ഈ രീതി തുടരാനാവില്ലെന്ന് ബിശ്വാസിനും അയാളുടെ ബോസിനും ബോധ്യപ്പെട്ടു.  കുറഞ്ഞ ശമ്പളത്തിൽ നൈറ്റ് ഷിഫ്റ്റുള്ള മറ്റൊരു കമ്പനിയിൽ അയാൾ  മറ്റൊരു  ജോലി തരപ്പെടുത്തി .
         ജോലിയുടെ ഒന്നാം ദിനം, രാത്രി  പത്ത് മണി നേരത്ത് ബിശ്വാസ് തന്റെ ഓഫീസ് കസേരയിൽ പതിയേ ചാരി ഇരുന്നു. അയാളുടെ കണ്ണുകൾ പതിയേ അടഞ്ഞു തുടങ്ങി. ഓഫീസ് മുറിയുടെ ചുമരിലെ നിലച്ച ക്ലോക്ക് ആ രാത്രിയിലേക്കൊരു തവണ കൃത്യമായ സമയം കാണിച്ചു.