Feb 26, 2012

കാറും കോളും

വീട്ടിലൊരു കാർ മേടിച്ചു. പക്ഷെ അതിങ്ങനെയൊരു പൊല്ലാപ്പുണ്ടാക്കുമെന്ന്
ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ഒരു കാറിന്റെ യാതൊരു ആവശ്യവും ഉണ്ടായിട്ടല്ല. കാറ് പോയിട്ട് ഒരു
സൈക്കിൾ പോലും ഓടിക്കാൻ അറിയാവുന്ന ആരും കുടുംബത്തിലില്ല താനും. പിന്നെ?
സംഗതി സിമ്പിൾ , അയല്പക്കത്തെ പപ്പേട്ടൻ കാറ് വാങ്ങിച്ചു.
മൂപ്പർക്കെന്താ വാങ്ങുന്നതിനൊരു ബുദ്ധിമുട്ട്..
" ഓന്തിക്കെന്താ ബെസമം , ഓന്ത്..ബായിലല്ലെ!"
വെറൊന്നുമല്ല അങ്ങേരൊരു ഗൾഫ് കാരനാണ്, ഗഫൂർ ക ദോസ്ത്.
മുമ്പേ പറഞ്ഞത്
മലയാളത്തിൽ പറഞ്ഞാൽ " ഓന് (അവന്) എന്താ വിഷമം , ഓൻ ദുബായിൽ അല്ലെ"

വാങ്ങി ഷെഡ്ഡിലിടുന്നതിനു പകരം അതിയാൻ രാവിലെയും വൈകീട്ടും
നാലാളറിയും വിധം അതിനെ കുളിപ്പിച്ചും(ഗൾഫിൽ പോണതിനു മുൻപ് മൂപ്പർക്ക് പശു
വളർത്തലാരുന്നു തൊഴിലെന്നും അതിനെ കുളിപ്പിച്ചുള്ള ശീലമാണെന്നും
അസൂയക്കാർ പറയും) അത് പോരാഞ്ഞ് വീടിന്റെ മുന്നിലെത്തുമ്പോൾ (ഞമ്മടെ)
നീട്ടിയൊന്ന് താളത്തിൽ ഹോണടിച്ചും കാര്യങ്ങൾ ഉഷാറാക്കി.

അങ്ങ് ദുഫായിയിൽ ഒട്ടകപ്പാലു കറന്നും അറബീടെ കക്കൂസ് കഴുകിയും
ജീവിക്കണ പപ്പനു കാറ് വാങ്ങാമെങ്കിൽ പിന്നെ നമുക്കെന്ത് കൊണ്ട് ആയിക്കൂടാ
എന്ന ശരാശരി മലയാളിയുടെ മനോഹരമായ ചിന്താഗതി പിന്തുടരുന്നത് കൊണ്ടാവണം
ഇക്കാര്യം വോട്ടിനിട്ടപ്പോൾ, എം.എൽ.എ-മാരുടെ ശമ്പളവർദ്ധനയുടെ ബില്ല് പോലെ
, ഒരൊറ്റ സിറ്റിങ്ങിൽ തന്നെ ഫാമിലി മെംബെർസ് ഒന്നാകെ കയ്യടിച്ചു
പാസാക്കിയത്.
പിറ്റെ ദിവസം തന്നെ, കാറിനു നാല് ടയറും ഉള്ളില് നാലു സീറ്റും
ഉണ്ടെന്നറിയാവുന്ന ഞാനും കാറ് കരയിലോടുന്നതാണൊ വെള്ളത്തിലോടുന്നതാണോ
എന്നറിയാൻ പാടില്ലാത്ത അമ്മാവനും മാരുതിയുടെ തൊട്ടടുത്ത ഷോറൂം
ലക്ഷ്യമാക്കി ബസ് കയറി.
നാരാണേട്ടന്റെ കടയില് ചെന്ന് അരക്കിലൊ ഉള്ളി മേടിക്കണ പോലെ, അവിടെ ചെന്ന്..

" ഒരു കാറ്"

"വെളുത്തതാ ചൊവന്നതാ?"

"എളം ചോപ്പ്"

"മൂന്ന് ലക്ഷം"

"ശെരി"

..ന്നും പറഞ്ഞ് കാറും കൊണ്ട് നേരെ വീട്ടിലേക്ക് വരാം എന്നുള്ള വിചാരം
അവിടെ ചെന്നന്വേഷിച്ചപ്പോ തന്നെ മാറിക്കിട്ടി.

ഏതായാലും അശ്രാന്തപരിശ്രങ്ങൾക്ക് ഒടുവിൽ ആ സുദിനം സമാഗമമായി.
നാട്ടിലെ പേരുകേട്ട ഡ്രൈവറായ പി.പി.പ്രജീഷിനെ ഒരു ബിരിയാണിയും നൂറ്
രൂപയും എന്ന ഓഫറും കൊടുത്ത് ആ വൈകുന്നേരം കാർ വീട്ടിലേക്കെത്തിക്കാൻ
ഏൽപ്പിച്ചു. ഏകദേശം രാത്രി പത്തേ മുക്കാൽ ആയപ്പോൾ , കാറെടുത്തോണ്ട് വരാൻ
പോയവൻ കാറടിച്ചോണ്ട് പോയോ അതൊ അവനേം കാറിനേം വല്ല ലോറിയും അടിച്ചോണ്ട്
പോയോ എന്ന് ആധി പൂണ്ട് നിന്ന ,ഞങ്ങളുടെ മുന്നിലേക്ക് വളരെ
ഉത്തരവാദിത്ത്വബോധമുള്ള ആ മൂഷികൻ കാറുമായ് കടന്നു വന്നു. അവന്റെ ചാകാൻ
കെടക്കണ വല്ല്യപ്പനെ കാണാൻ പോയത്രെ , അതും ഈ കാറിൽ. എന്നിട്ട് വല്ല്യപ്പൻ
ചത്തോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവനെക്കൊണ്ട്
ഇനിയും പല ആവശ്യങ്ങളും വരാനിരിക്കുന്നത് കൊണ്ട് മാത്രം ചിരിച്ചോണ്ടങ്ങ്
നിന്നു. എന്തായാലും ഇന്നിനി മനസ്സമാധാനത്തോടെ ഒന്നൊറങ്ങാമല്ലൊ.

രാവിലെ ഏഴു മണിയായപ്പൊ വലിയ വായിലുള്ള കരച്ചില് കേട്ടാണു ഉറക്കം
ഞെട്ടിയത്, ചേച്ചീടെ മോള് ലച്ചു അലറി വിളിക്കുകയാണ്. അവൾക്ക് കാറ്
വാങ്ങിക്കൊണ്ട് വന്ന പെട്ടി വേണമത്രെ..

ഞാൻ പുതിയ മൊബൈൽ വാങ്ങിയപ്പൊഴും , ഡിവിഡി പ്ലെയറ് വാങ്ങിയപ്പൊഴും
അതെല്ലാം ഇട്ട് കൊണ്ട് വന്ന പെട്ടി അവൾക്ക് കളിക്കാനായി കൊടുത്തിരുന്നു.
ഇപ്പൊ അവൾക്ക് കാറ് ഇട്ട് കൊണ്ട് വന്ന ബോക്സ് കളിക്കാനായി വേണം. കാറ്
പെട്ടിയിലിട്ടല്ല കൊണ്ട് വന്നതെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല.

" മോളെ , അതിന്റെ വാറണ്ടി പിരീയഡ് തീർന്നിട്ടില്ല, കേടായാൽ
പെട്ടിയിലിട്ട് തിരിച്ച് കൊടുക്കണ്ടെ, അത് കൊണ്ട് പെട്ടി തരാൻ
പറ്റത്തില്ല " അവൾടെ അമ്മ ആശ്വസിപ്പിക്കുന്നുണ്ട്.

എന്നാലും കരച്ചില് നിർത്താനുള്ള യാതൊരു ഭാവവുമില്ല...

6 comments:

  1. ഇതു കൊള്ളാം.

    ReplyDelete
  2. neeyaledaa ee car vaangan poya aal..

    ReplyDelete
  3. ഫിയോനിക്സ്, നന്ദി വീണ്ടു വരിക

    Neju: p p prajeeshanennu paranjille.

    ReplyDelete
  4. ഈയൊരു ത്രെഡ് തന്നതിന് ഉണ്ണിക്കൃഷ്ണൻ ബ്ളാത്തൂരിനൊട് നന്ദി അറിയിക്കുന്നു

    ReplyDelete