Jun 14, 2017

രാത്രി

കരണ്ടില്ല. മുറ്റവും പറമ്പും നിലാവിൽ കുളിച്ച് നിൽക്കയാണ്. അമ്മയും ചേച്ചിയും ഇറയത്തിന്റെ പടിയിൽ ഇരിക്കുന്നു. അമ്മമ്മ തൂണിൽ ചാരി ഇരിപ്പുണ്ട് . ഞാൻ ഒരറ്റത്ത് കസേരയിൽ കാൽ കയറ്റിവച്ചിരിപ്പാണ്.

ചെറിയ കാറ്റിൽ പറമ്പിലെ വാഴക്കൂട്ടം ഒന്നിളകി. അതിന്റെ മറവിൽ ആരോ നിൽക്കുന്നുണ്ടെന്ന് തോന്നി. എന്റെ പിറകിൽ ആരോ നിൽപ്പുണ്ടോ? എനിക്ക് പേടി തോന്നി. ഞാൻ കസേരയിൽ നിന്നിറങ്ങി, അമ്മയുടേയും ചേച്ചിയുടേയും ഇടയിൽ ചെന്നിരുന്നു. ചെക്കന് പേടി തുടങ്ങി എന്ന് ചേച്ചി കുറവാക്കി. പേടിയായിട്ടല്ല ഇവിടിരുന്നാൽ ചന്ദ്രനെ കാണാം എന്ന് ഞാൻ നുണ പറഞ്ഞു.

ദൂരെ നിന്നും കോൽക്കളിപ്പാട്ടിന്റെ ഈണം കേൾക്കാം, കേളപ്പേട്ടൻ കള്ളുകുടിച്ച് പാട്ട് പാടി നടുവയലിലെ വരമ്പത്ത് കൂടെ നടന്ന് പോവുന്നതാണ്. കേളപ്പേട്ടന് നല്ല പൊക്കമുണ്ട് - അമിതാബച്ചനെക്കാൾ പൊക്കം കാണും. മെലിഞ്ഞിട്ടാണ്. കേളപ്പേട്ടനെ കണ്ടാൽ ഒരു മുള കുത്തി നിർത്തിയിരിക്കുന്നത് പോലെ തോന്നും. രാത്രിയിലെ ഈ പോക്ക് മിക്കവാറും പതിവുള്ളതാണ്. കേളപ്പേട്ടന് നല്ല ധൈര്യം കാണണം, അല്ലെങ്കിൽ പാതിരായ്ക്കൊക്കെ തനിച്ച് എങ്ങനെ നടു വരമ്പത്ത് കൂടെ  നടന്ന് പോവും, ആ സമയത്ത് അതിലൂടെ പോതിയുടെ പോക്കുള്ളതാണ്. ക്ലാസിലെ സുധീഷ് ഒരു തവണ ആ പോക്ക് കണ്ടിട്ടുള്ളതാണ്. നാല് പന്തവും തെളിച്ച് പാഞ്ഞ് പോവുമത്രേ. മുന്നിൽ പെട്ടാൽ തീർന്നു. അല്ലെങ്കിൽ കേളപ്പേട്ടന് കള്ളിന്റെ പുറത്ത് ഇതൊന്നും ഓർമ്മ ഇല്ലാത്തതാവും.

ഏതായാലും  പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. എന്റെ പേടി എവിടെയോ പോയി. തിരിച്ച് കസേരയിൽ ചെന്നിരുന്നാലോ? വേണ്ട. ഉറക്കം വരുന്നുണ്ട് . മെല്ലെ അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു. അമ്മ മുടിയിഴക്കൾക്കിടയിലൂടെ വിരൽ പായിക്കുന്നതിനിടയിൽ എപ്പഴോ ഞാൻ ഉറങ്ങിപ്പോയി.

1 comment: