Showing posts with label google. Show all posts
Showing posts with label google. Show all posts

Mar 26, 2012

പണയിനി

അവള്ക്ക് മീശയില്ലാത്ത മുഖമാണിഷ്ടം.
ഞാന് മീശ ഉപേക്ഷിച്ചു.
അവള്ക്കെന്റെ ഫ്രണ്ട്സിനെ വെറുപ്പാണ്,
ഞാന് അവരെ ഉപേക്ഷിച്ചു.
അവളുടേത് മാത്രമായിട്ടെന്നെ വേണം,
ഞാന് എന്റെ കുടുംബത്തെ ഉപേക്ഷിച്ചു.
ഒരു പഫിൽ പല സിപ്പിൽ,
ജീവിതം ആഘോഷിക്കുന്നവരാണ്
അവളുടെ ഹീറോ,
ഞാനെന്റെ ആദര്ശങ്ങള് ഉപേക്ഷിച്ചു.
അവള്ക്ക് പണമുള്ളവരോടാണ് പ്രിയം,
ഞാന് അവളെ..സോറി,
അവളെന്നെ ഉപേക്ഷിച്ചു.

(dedicated to NONE!)

Mar 10, 2012

ജനകീയ പോലീസ്

               കഷ്ടിച്ച് ഒരു കാറിനും ഒരു ബൈക്കിനും കടന്നു പോവാനുള്ള വീതിയേ ഉള്ളൂ ,റോഡിന്.
കഷ്ടകാലത്തിന് ആരാണ്ട്, അടുത്തുള്ള വീട്ടുകാര് വല്ലോരുമാകും, റോഡ് സൈഡില് മണലും ഇറക്കീട്ട്ണ്ട്.

               എതിരെ നിന്നും ഒരു ജീപ്പ്. അടുത്തെത്തിയപ്പോള് ജീപ്പ് സ്ലോ ചെയ്തു, ഹെഡ്ലൈറ്റ് ഓഫായി. അകത്ത് നിന്നും അനുഗ്രഹം ചൊരിയാനെന്നവണ്ണം ഒരു കൈപ്പത്തി പുറത്തേക്ക് നീണ്ട് വന്നു.
സ്റ്റോപ്പ്.
പോലീസ് ജീപ്പാണു.



"എങ്ങോട്ടാടാ രണ്ടും കൂടി?"

"സിനിമ കാണാൻ പോയതാണു സാർ"

"സിനിമയാ..?.. ഏത് സിനിമ?"

"തൽസമയം ഒരു പെൺകുട്ടി"

"ഇംഗ്ലീഷാ?"

അല്ല, അറബി. പിറകിലിരിക്കുന്ന ഞാൻ  പറഞ്ഞു. സമയം അർധരാത്രിയായതു കൊണ്ടും എന്റെ മുന്നിലിരിക്കുന്നത് ഒരു എമർജൻസി കേസ് ആയതുകൊണ്ടും ശബ്ദം പുറത്ത് വന്നില്ല, മനസ്സിലൊതുങ്ങി. സന്ദർഭം നോക്കാതെ വാ തുറന്നാൽ വായില് പല്ലില്ലാത്ത സന്ദർഭം വരുമെന്ന് മഹാനായ എഴുത്ത്കാരൻ വറുഗീസ് ചേട്ടൻ (ആധാരം) പറഞ്ഞിട്ടുമുണ്ട്!


"അല്ല സാർ മലയാളം തന്നെ, ഇപ്പൊ എറങ്ങിയ ' തത്സമയം ഒരു പെൺകുട്ടി' "

"അതെന്താടാ ആൺകുട്ടിയെയൊന്നും കിട്ടീലെ?"

"അത് സാർ.."

"ടിക്കറ്റ് എന്തിയേടാ?"

"ടിക്കറ്റ്...... അത് കളഞ്ഞു"

"അത് ശരി, നിന്റെ പേരെന്താടാ?"

"സെബി"

" എന്ത്, ചെവിയാ..?"

"അല്ല സാർ സെബാസ്റ്റ്യൻ, സെബീന്നു വിളിക്കും"

"ആര് വിളിക്കും?"

മറുപടി നഹി.
സൗകര്യമുള്ളോര് വിളിക്കും. അങ്ങനെ പറയെന്റെ സെബാസ്റ്റ്യാ.., എന്റെ നാവ് പെരുപെരുത്തു.

"ഇവനാണൊ നമ്മള് അന്വേഷിക്കുന്ന ചെമ്പ് സെബാസ്റ്റ്യൻ..?" ( ഏമാൻ1 to ഏമാൻ 2)

സെബി ആകെ വിരണ്ടു. കാണാൻ മോഹൻലാലിനെപ്പോലെയാണെങ്കിലും( കുടവയറും തടിയും , വേറൊന്നുമില്ല!), ഇന്ദ്രൻസിനെപ്പോലൊരു മനസ്സാണ്.
സിനിമ പകുതിയായപ്പോള് മുതല്
"ആന്ദോളനം ദോളനം.."(വയറിനകത്ത്)
പാടിക്കൊണ്ടിരുന്ന മനുഷ്യനാണ്, ഇവിടെത്തും വരെ ബൈക്ക് നിലം തൊടാതെ പറക്കുകയായിരുന്നു. "ഹൈവെ മുത്തപ്പാ കാത്തോളണെ" എന്നുള്ള ഒറ്റ പ്രാർത്ഥനയൊടെ പിറകില് ഞാനും.
ഞാൻ ഇത്തിരി പിറകിലേക്ക് മാറി ഇരുന്നു.റിസ്ക് എടുക്കേണ്ടല്ലൊ.., നാറ്റക്കേസാണ്.
 സെബിയുടെ വെപ്രാളം കണ്ടിട്ട് ചിരി  വന്നിട്ട് പാടില്ല, മ്യൂട്ടിട്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും, 2 തുണ്ട് കൈവിട്ട് പുറത്തേക്ക് വന്നു.

" നീയെന്താടാ ചിരിക്കുന്നെ?"

" സിനിമ ഭയങ്കര കോമഡിയായിരുന്നു, അതോർത്തപ്പൊ ചിരിച്ചതാ.."
സരസ്വതീ ദേവിക്ക് നന്ദി, ഒരു മറുപടി വായിലിട്ടു തന്നല്ലൊ.
"സരസ്വതീ നമൊസ്തുഭ്യം
...."
നന്ദി പ്രകാശിപ്പിക്കാൻ  പണ്ട് പഠിച്ചൊരു ശ്ലോകം മനസ്സിലുരുവുട്ടു. ഒരു പാലമിട്ടാല് അങ്ങോട്ടും ഇങ്ങോട്ടും വേണല്ലോ..

" സ്റ്റേഷനില് വന്നാല് അതിലും കോമഡിയാ, എന്താ വരുന്നൊ?"

" ഇല്ല സർ, പിന്നൊരിക്കലാവാം"

"എന്നാ മക്കളിപ്പൊ പോ.."

ആശ്വാസം.

വീട്ടില് തിരിച്ചെത്തിയപ്പൊ കറണ്ടില്ല, ടാപ്പിലൊരു തുള്ളി വെള്ളവും.
ഞാനിന്ന് ചിരിച്ച് ചിരിച്ച് മരിക്കും.......












Mar 4, 2012

കേശവന്റെ വിശേഷങ്ങൾ

        നാട്ടിലെ പ്രധാന തയ്യൽക്കാരിലൊരാളാണ്-ആയിരുന്നു ടെയിലർ കേശവേട്ടൻ, നാട്ടിൽ നല്ല ആൺപിള്ളാര് തയ്യൽ പണി പഠിക്കും വരെ. അതിനു ശേഷം എന്ത് സംഭവിച്ചു എന്നു ചോദിച്ചാൽ അതിനു മുമ്പ് എന്താണു സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയേണ്ടി വരും.

" പാന്റ് തുന്നാൻ എത്രയാ റേറ്റ്?"
"150"
"ട്രൗസറിനോ?"
"100"
"എന്നാ ഇറക്കം കൂട്ടി ഒരു ട്രൗസറടിച്ചു തന്നേക്ക്"
                        -ഇങ്ങനെ പറയാൻ മാത്രം എച്ചികളായിരുന്നില്ല എന്റെ നാട്ടുകാർ എങ്കിലും കേശവേട്ടന്റെ പ്രതാപകാലത്ത് നാട്ടിലെ പാന്റ്ധാരികളൊക്കെ ഈയൊരു ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം കണങ്കാലിൽ നിന്ന് ഒരടി മേലെ വരെ മാത്രം വന്നു നിൽക്കുന്ന, പാന്റിനോട് സാദൃശ്യം തോന്നിക്കുന്ന കാൽശരായിയും ധരിച്ച് വേലയ്ക്ക് പോകേണ്ടി വന്നു (എന്ത് അളവെടുത്താലും ഒടുവിൽ (ഉണ്ണികൃഷ്ണനല്ല) തയ്ച്ചുണ്ടാക്കുന്നതിനെല്ലാം ഒരു യൂണിറ്റി കാത്ത് സൂക്ഷിക്കുന്നതിൽ കേശവേട്ടൻ വിജയിച്ചു എന്നല്ല താനുണ്ടാക്കുന്ന എന്തിലും തന്റെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹം മറന്നില്ല എന്നു വേണം പറയാൻ. മഹാന്മാർ അങ്ങനെയാണല്ലൊ.)


         തന്റെ കസ്റ്റമേർസിന്റെ നാലു തെറി  കിട്ടിയില്ലെങ്കിൽ ഉറക്കം ശെരിയാവാത്തത് കൊണ്ടാവാം,
" ഏടോ ഞാൻ ചത്തിട്ട് പുതപ്പിക്കാനല്ല, എനിക്ക് ഇട്ടോണ്ട് നടക്കാനാണ് തന്നെ തുണി ഏൽപ്പിച്ചത്..@$%6&#"
എന്നു കാത്തിരിക്കുന്നവരുടെയും,
"വയലിലെ കോലത്തിനു ഇട്ട് കൊടുക്കാനല്ല,  എനിക്ക് ഇട്ടോണ്ട് നടക്കാനാണ് തന്നെ തുണി ഏൽപ്പിച്ചത്..%6*9$3"
എന്നു കാത്തിരുന്ന് കയ്യിൽ കിട്ടിയോരുടെയും ശകാരങ്ങൾ പരിഭവലേശമന്യേ  കേശവനവർകൾ ദിവസവും ചെവിയാ-വഹിച്ചു വന്നു.
 

         കാലം മാറി . 'ഫേഷൻ ടെയ്ലേർസും' ,'ജ്ന്റ്സ് സ്റ്റിച്ചിങ് സെന്ററും' ഈയൊരു മേഖലയിലേക്ക് കടന്നു വന്നതോടു കൂടി നാട്ടുകാരുടെ കഷ്ടകാലം മാറി , കേശവേട്ടന്റേത് തുടങ്ങി.  പാർട്ടിക്കാർക്ക് ജാഥാവശ്യങ്ങൾക്കായി കൊടി(പതാക) , നാട്ടിലെ അപൂർവ്വം ജെട്ടി വിരോധികളായ മുണ്ടുധാരികൾക്ക് ഉള്ളിലിടാനുള്ള ട്രൗസർ  എന്നിങ്ങനെ ക്ലാസ്സിഫൈഡ് ഐറ്റങ്ങളിലേക്ക് മാത്രമായി മൂപ്പരുടെ വർക്ക് ചുരുങ്ങി.
    പിന്നെ പിന്നെ തുണിയടിക്കണ ജോലി വിട്ട്, വെള്ളമടിയിലായി മൂപ്പരുടെ പൂർണ്ണ ശ്രദ്ധ, താൻ മുഴുവൻ സമയവും വെള്ളത്തിലാണല്ലൊ എന്നു ചോദിച്ചവരോട്
" ഈ ഫൂമീടെ  മുക്കാൽ ഫാഗവും വെള്ളത്തിലാ കെടക്ക്ന്നെ, എന്നിട്ടിവിടെന്തേലും കൊഴപ്പമൊണ്ടോ?"
എന്ന് മറുചോദ്യമെറിഞ്ഞ് ഉത്തരം മുട്ടിച്ച് നാട്ടിലെ കുടിയന്മാരുടെ രോമാഞ്ചമായി മാറി കേശവൻ ചേട്ടൻ.


                             കേശവേട്ടന്റെ വാമൊഴിമുത്തുകൾ ചരിത്രത്തിന്റെ താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടേണ്ടവയായിരുന്നു.
ഉദാ:-
            ഇദ്ദേഹമെന്ന അദ്ദേഹത്തിന്റെ മൂത്ത മകൾ പേറ് കഴിഞ്ഞ് വീട്ടിലെത്തിയ സമയം.
നാട്ടുകാരായ പെണ്ണുങ്ങള് മുഴുവൻ ഓരൊന്നായി കുഞ്ഞിനെ കാണാൻ എത്തിത്തുടങ്ങി.
 തുടക്കത്തിൽ കുഞ്ഞിനെത്ര കിലോ തൂക്കമുണ്ടെന്നും പിന്നെ പിന്നെ ചുരുക്കത്തിൽ 'എത്ര കിലോ ' ഉണ്ടെന്നും  ഉള്ള അന്വേഷണം ഇത്തരമുള്ള സന്ദർഭങ്ങളിൽ  ഈ പെൺപടയ്ക്ക് ഒഴിച്ച്കൂടാനാവാത്തതാണ്.
   ഒരു ദിനം, വൈകുന്നേരം അയല്പക്കത്തെ നാരായണിചേച്ചി കുഞ്ഞിനെക്കാണാൻ വന്നു ചേർന്നുവത്രെ.   പതിവ് കുശലാന്വേഷണതിനിടെ , സാമാന്യം നല്ല ബോധത്തിൽ നിൽക്കുന്ന കേശവൻ ചേട്ടന്റെ മുന്നിൽ വച്ച്,  അമ്മിണി ചേച്ചിയോട്(സഹധർമ്മിണി ഓഫ് കേശവ് ) കുഞ്ഞിനെ ചൂണ്ടി ചോദിക്കയും ചെയ്തു :
"എത്ര കിലോ ഉണ്ട്?"

"ഇതിനെ വിൽപ്പനയ്ക്ക് വച്ചതല്ല , പരട്ട് തള്ളേ .."
എന്നു തുടങ്ങുന്ന തെറി പ്രവാഹമായിരുന്നു പിന്നീട് എന്നു കണ്ട്/കേട്ട് നിന്നവർ പറയുന്നു.



                      ഇതെല്ലാം ഓർമ്മിക്കാൻ ഒരു കാരണമുണ്ടായി. ഇന്നലെ നാട്ടിലെ ഉത്സവമായിരുന്നു. ഉത്സവപ്പറമ്പിൽ കാശ് വച്ചുള്ള പല കളികളും സജീവം. ചുറ്റി നടക്കുന്നതിനിടയിൽ , കുറെപ്പേർ കൂടി നില്ക്കുന്നതുനിടയിൽ നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടു.
"ഞാൻ തോണ്ടിയിട്ടു."
ഇത്തിരിക്കഴിഞ്ഞ്
"എന്നാ ഞാൻ തട്ടിയിട്ടു"

എന്താന്നറിയണമല്ലോ എന്നു വിചാരിച്ച് ചെന്നു നോക്കി,

ഖുശ്ബുവിന്റെ പടത്തിൽ 20 രൂപാ വച്ച് നമ്മുടെ കഥാനായകൻ പിന്നെം  പറയുന്നു.

"ഞാൻ തോണ്ടിയിട്ടു."(റ്റ്വെന്റി)


Feb 26, 2012

കാറും കോളും

വീട്ടിലൊരു കാർ മേടിച്ചു. പക്ഷെ അതിങ്ങനെയൊരു പൊല്ലാപ്പുണ്ടാക്കുമെന്ന്
ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ഒരു കാറിന്റെ യാതൊരു ആവശ്യവും ഉണ്ടായിട്ടല്ല. കാറ് പോയിട്ട് ഒരു
സൈക്കിൾ പോലും ഓടിക്കാൻ അറിയാവുന്ന ആരും കുടുംബത്തിലില്ല താനും. പിന്നെ?
സംഗതി സിമ്പിൾ , അയല്പക്കത്തെ പപ്പേട്ടൻ കാറ് വാങ്ങിച്ചു.
മൂപ്പർക്കെന്താ വാങ്ങുന്നതിനൊരു ബുദ്ധിമുട്ട്..
" ഓന്തിക്കെന്താ ബെസമം , ഓന്ത്..ബായിലല്ലെ!"
വെറൊന്നുമല്ല അങ്ങേരൊരു ഗൾഫ് കാരനാണ്, ഗഫൂർ ക ദോസ്ത്.
മുമ്പേ പറഞ്ഞത്
മലയാളത്തിൽ പറഞ്ഞാൽ " ഓന് (അവന്) എന്താ വിഷമം , ഓൻ ദുബായിൽ അല്ലെ"

വാങ്ങി ഷെഡ്ഡിലിടുന്നതിനു പകരം അതിയാൻ രാവിലെയും വൈകീട്ടും
നാലാളറിയും വിധം അതിനെ കുളിപ്പിച്ചും(ഗൾഫിൽ പോണതിനു മുൻപ് മൂപ്പർക്ക് പശു
വളർത്തലാരുന്നു തൊഴിലെന്നും അതിനെ കുളിപ്പിച്ചുള്ള ശീലമാണെന്നും
അസൂയക്കാർ പറയും) അത് പോരാഞ്ഞ് വീടിന്റെ മുന്നിലെത്തുമ്പോൾ (ഞമ്മടെ)
നീട്ടിയൊന്ന് താളത്തിൽ ഹോണടിച്ചും കാര്യങ്ങൾ ഉഷാറാക്കി.

അങ്ങ് ദുഫായിയിൽ ഒട്ടകപ്പാലു കറന്നും അറബീടെ കക്കൂസ് കഴുകിയും
ജീവിക്കണ പപ്പനു കാറ് വാങ്ങാമെങ്കിൽ പിന്നെ നമുക്കെന്ത് കൊണ്ട് ആയിക്കൂടാ
എന്ന ശരാശരി മലയാളിയുടെ മനോഹരമായ ചിന്താഗതി പിന്തുടരുന്നത് കൊണ്ടാവണം
ഇക്കാര്യം വോട്ടിനിട്ടപ്പോൾ, എം.എൽ.എ-മാരുടെ ശമ്പളവർദ്ധനയുടെ ബില്ല് പോലെ
, ഒരൊറ്റ സിറ്റിങ്ങിൽ തന്നെ ഫാമിലി മെംബെർസ് ഒന്നാകെ കയ്യടിച്ചു
പാസാക്കിയത്.
പിറ്റെ ദിവസം തന്നെ, കാറിനു നാല് ടയറും ഉള്ളില് നാലു സീറ്റും
ഉണ്ടെന്നറിയാവുന്ന ഞാനും കാറ് കരയിലോടുന്നതാണൊ വെള്ളത്തിലോടുന്നതാണോ
എന്നറിയാൻ പാടില്ലാത്ത അമ്മാവനും മാരുതിയുടെ തൊട്ടടുത്ത ഷോറൂം
ലക്ഷ്യമാക്കി ബസ് കയറി.
നാരാണേട്ടന്റെ കടയില് ചെന്ന് അരക്കിലൊ ഉള്ളി മേടിക്കണ പോലെ, അവിടെ ചെന്ന്..

" ഒരു കാറ്"

"വെളുത്തതാ ചൊവന്നതാ?"

"എളം ചോപ്പ്"

"മൂന്ന് ലക്ഷം"

"ശെരി"

..ന്നും പറഞ്ഞ് കാറും കൊണ്ട് നേരെ വീട്ടിലേക്ക് വരാം എന്നുള്ള വിചാരം
അവിടെ ചെന്നന്വേഷിച്ചപ്പോ തന്നെ മാറിക്കിട്ടി.

ഏതായാലും അശ്രാന്തപരിശ്രങ്ങൾക്ക് ഒടുവിൽ ആ സുദിനം സമാഗമമായി.
നാട്ടിലെ പേരുകേട്ട ഡ്രൈവറായ പി.പി.പ്രജീഷിനെ ഒരു ബിരിയാണിയും നൂറ്
രൂപയും എന്ന ഓഫറും കൊടുത്ത് ആ വൈകുന്നേരം കാർ വീട്ടിലേക്കെത്തിക്കാൻ
ഏൽപ്പിച്ചു. ഏകദേശം രാത്രി പത്തേ മുക്കാൽ ആയപ്പോൾ , കാറെടുത്തോണ്ട് വരാൻ
പോയവൻ കാറടിച്ചോണ്ട് പോയോ അതൊ അവനേം കാറിനേം വല്ല ലോറിയും അടിച്ചോണ്ട്
പോയോ എന്ന് ആധി പൂണ്ട് നിന്ന ,ഞങ്ങളുടെ മുന്നിലേക്ക് വളരെ
ഉത്തരവാദിത്ത്വബോധമുള്ള ആ മൂഷികൻ കാറുമായ് കടന്നു വന്നു. അവന്റെ ചാകാൻ
കെടക്കണ വല്ല്യപ്പനെ കാണാൻ പോയത്രെ , അതും ഈ കാറിൽ. എന്നിട്ട് വല്ല്യപ്പൻ
ചത്തോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവനെക്കൊണ്ട്
ഇനിയും പല ആവശ്യങ്ങളും വരാനിരിക്കുന്നത് കൊണ്ട് മാത്രം ചിരിച്ചോണ്ടങ്ങ്
നിന്നു. എന്തായാലും ഇന്നിനി മനസ്സമാധാനത്തോടെ ഒന്നൊറങ്ങാമല്ലൊ.

രാവിലെ ഏഴു മണിയായപ്പൊ വലിയ വായിലുള്ള കരച്ചില് കേട്ടാണു ഉറക്കം
ഞെട്ടിയത്, ചേച്ചീടെ മോള് ലച്ചു അലറി വിളിക്കുകയാണ്. അവൾക്ക് കാറ്
വാങ്ങിക്കൊണ്ട് വന്ന പെട്ടി വേണമത്രെ..

ഞാൻ പുതിയ മൊബൈൽ വാങ്ങിയപ്പൊഴും , ഡിവിഡി പ്ലെയറ് വാങ്ങിയപ്പൊഴും
അതെല്ലാം ഇട്ട് കൊണ്ട് വന്ന പെട്ടി അവൾക്ക് കളിക്കാനായി കൊടുത്തിരുന്നു.
ഇപ്പൊ അവൾക്ക് കാറ് ഇട്ട് കൊണ്ട് വന്ന ബോക്സ് കളിക്കാനായി വേണം. കാറ്
പെട്ടിയിലിട്ടല്ല കൊണ്ട് വന്നതെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല.

" മോളെ , അതിന്റെ വാറണ്ടി പിരീയഡ് തീർന്നിട്ടില്ല, കേടായാൽ
പെട്ടിയിലിട്ട് തിരിച്ച് കൊടുക്കണ്ടെ, അത് കൊണ്ട് പെട്ടി തരാൻ
പറ്റത്തില്ല " അവൾടെ അമ്മ ആശ്വസിപ്പിക്കുന്നുണ്ട്.

എന്നാലും കരച്ചില് നിർത്താനുള്ള യാതൊരു ഭാവവുമില്ല...

Jan 8, 2012

എനിക്ക് ചോറ് വേണ്ടാ.....

           ജീവിതത്തിൽ രണ്ടേ രണ്ട് സാഹചര്യങ്ങളിലാണു മനുഷ്യൻ തന്റെ  കോംപ്ളക്സുകളെല്ലാം ഉപേക്ഷിക്കുന്നത് - ഒന്ന് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലുള്ള യാത്രയിലും രണ്ട് വിശപ്പിന്റെ മുന്നിലും. ഈനാശു, മീശമാധവൻ, ആഷിഖ് അബു തുടങ്ങിയ പ്രമുഖരെയൊക്കെ താന്താങ്ങളുടെ ഫീൽഡിൽ പിടിച്ചു നിർത്തിയതിൽ വിശപ്പ് വഹിച്ച പങ്ക് ചെറുതല്ല എന്ന് ചരിത്രത്തിന്റെ ഇഴ കീറിയുള്ള പരിശോധനയിലൂടെ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്.  പക്ഷേ സമയപരിമിതി മൂലം അത്തരമൊരു ആഴത്തിലുള്ള വിശകലനത്തിനു ഞാൻ മുതിരുന്നില്ല.
                  തീർച്ചയായും മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നിനോടും തന്നെ  എന്റെ പ്രതിപാദ്യവിഷയത്തിന്  യാതൊരു ബന്ധവുമില്ല. പക്ഷെ അതിനു പിന്നിൽ രണ്ട് നിക്ഷിപ്ത താത്പര്യങ്ങളാണുള്ളത്- ഒന്ന് മനക്കട്ടി കുറഞ്ഞ വായനക്കാരെ ഈ പോസ്റ്റ് വായിക്കുക എന്നുള്ള ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക, രണ്ട് പറഞ്ഞുവന്നാൽ രണ്ട് വരിയിൽ തീർക്കാവുന്ന ഈ പോസ്റ്റിനെ തരക്കേടില്ലാതെ വലിച്ച് നീട്ടി ഒരു പരുവമാക്കുക എന്നതും. എന്നാൽ ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം.

                  ഹെഡ് മാഷ്ടെ മഹളുടെ കല്ല്യാണം പ്രമാണിച്ച് അന്ന് സ്കൂളിൽ ഉച്ച വരെയേ ക്ളാസുള്ളൂ. സ്ക്കൂളിൽ നിന്ന് അരമണിക്കൂർ നടന്ന് , അടുത്തുള്ള ബസ് സ്റ്റാന്റിൽ ചെന്നിട്ട് വേണം നാട്ടിലേക്കുള്ള ബസ് കയറാൻ. ഞാനും വീടിന് അടുത്തുള്ള മൂന്ന് ചെങ്ങായിമാരും സൊറയും പറഞ്ഞ്  മെല്ലെ  നടത്തം ആരംഭിച്ചു, അമ്പലത്തിനടുത്തുള്ള ആഡിറ്റോറിയത്തിന് (auditorium) അരികിലെത്തിയപ്പോൾ അവിടെ നല്ല ആൾത്തിരക്ക്. ആഴ്ചയിൽ മിക്കവാറും ദിവസങ്ങളിൽ അമ്പലത്തിൽ വച്ച് ഏതെങ്കിലുമൊരു കല്യാണം കാണും, സദ്യ അതിനോട് ചേർന്നുള്ള ആഡിറ്റോറിയത്തിലും. 
                  നട്ടുച്ച സമയം, പൊരിയുന്ന വെയിൽ, കത്തിക്കാളുന്ന വിശപ്പ്, ഞാൻ ബാക്കിയുള്ള മൂന്നെണ്ണത്തിന്റെയും നേരെ നോക്കി. തേങ്ങാപ്പൂള് കണ്ട പെരുച്ചാഴികളുടെ ഭാവം മുഖത്ത്, മൂന്നുപേരും കയ്യിലുള്ള നൂറു പേജിന്റെ നോട്ട്ബുക്ക് ചുരുട്ടി പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകിക്കഴിഞ്ഞു.(ഏകമനസ്സുകൾക്ക് സംവദിക്കാൻ വാക്കുകളെന്തിന്? ഭാഷയെന്തിന്? ഒരു നോട്ടം തന്നെ ധാരാളം.)
                ക്ഷണിയ്ക്കാത്ത കല്യാണത്തിനു ഭക്ഷണം കഴിക്കാനെത്തിയതിലുള്ള ജാള്യത ഏതുമില്ലാതെ ഞങ്ങൾ  അടുത്ത പന്തിക്ക് തന്നെ നിരത്തി വച്ച ബെഞ്ചുകളൊന്നിൽ  സ്ഥാനമുറപ്പിച്ചു  . ഇല വച്ച് തുടങ്ങി. അച്ചാർ, പച്ചടി, കിച്ചടി, കാളൻ, ഓലൻ, തോരൻ ഐറ്റങ്ങളോരോന്നായ് എത്തിക്കൊണ്ടിരിക്കയാണ്. ഭക്ഷണത്തിനു മുൻപ് കൈ കഴുകിയില്ലെങ്കിലും പ്രാർത്ഥന ഇത്തവണ മുടക്കിയില്ല ( പായസം രണ്ട് തരം കാണേണമേ ഗണപതി ഭഗവാനേ !).
                  തൊട്ടടുത്തിരിക്കുന്ന അമ്മാവൻ ഞങ്ങലെ ഇടയ്ക്കിടെ സംശയദൃഷ്ട്യാ നോക്കുന്നുണ്ടോ എന്നൊരു സംശയം. ഈ യൂണിഫോർമാണ് പ്രശ്നക്കാരൻ. സാരമില്ല, ഞങ്ങളെന്താ മോശക്കാരാണോ? കണക്ക് പരൂക്ഷയിൽ പൂജ്യരാണെങ്കിലും ഒന്നാന്തരം നമ്പരുകൾ കയ്യിൽ ഒരുപാടുണ്ട്.
" അമ്മാവൻ പെണ്ണിന്റെ ആളാണോ, ചെറുക്കന്റെ ആളാണോ?"

സ്വരാജ് ഒന്നാം നമ്പരെടുത്ത് വീശിക്കഴിഞ്ഞു.
മൂപ്പർ ഇത്തിരി അത്ഭുതത്തോടെ ഞങ്ങളെ നോക്കി. 
എന്തോ ഒരു വശപ്പിശകുണ്ട്, ഇനി ഞങ്ങളെപ്പോലെ അങ്ങേരും..??

"ഞങ്ങള്  ചെറുക്കന്റെ ബന്ധുക്കാരാ.., സ്കൂളീന്ന് നേരെ ഇങ്ങോട്ട് പോന്നതാ.."

ഞാനൊന്നും ചോദിച്ചില്ലല്ലോ എന്ന ഭാവം അങ്ങേർടെ മുഖത്ത്.

"അമ്മാവൻ എവിട്ന്ന് വരുന്നതാ?"

ഇത്തവണ മൂപ്പരുടെ ചുണ്ടിലൊരു വളിച്ച ചിരി വിടർന്നു.

"മക്കളേ, ഇന്ന് എന്റെ മരുമകന്റെ കുട്ടീടെ ചോറൂണ് ആയിരുന്നു. അതിന്റെ സദ്യയാ ഇത്, അല്ലാതെ കല്യാണസദ്യയൊന്ന്വല്ല."

           മുന്നിൽ വച്ച ഇലയിൽ ചോറ് വിളമ്പിക്കഴിഞ്ഞു. ഞങ്ങൾ പരസ്പരം നോക്കി. വടി കൊടുത്ത് ഇത്ര മുട്ടനടി വാങ്ങേണ്ടിയിരുന്നില്ല.

സന്ദേശം: ഓവർസ്മാർട്ടാകരുത്.. കുളമാകും.

Oct 23, 2011

ഒരു ക്ളോസറ്റ് ഉണ്ടാക്കിയ കഥ!

                    രാവിലെ എഴുന്നേറ്റാൽ കുളിക്കാൻ പോയിട്ട് ഒന്നു പല്ലു തേക്കാനോ മുഖം കഴുകാനോ ഉള്ള വെള്ളം കിട്ടാനില്ല.മറ്റ് അത്യാവശ്യ കാര്യങ്ങളുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ.ലോഡ്ജിലെ 'നിർജ്ജലജീവിതം' ഇങ്ങനെ രണ്ടാം ദിവസം പിന്നിട്ടപ്പോൾ , ടെക്നോപാർക്കിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലിയെടുക്കുന്ന ഞങ്ങൾ നാല് പേര് ( സജു,ടിജു,ബിജു പിന്നെ ഞാനും) പുതിയ ആവാസ കേന്ദ്രത്തിനു വേണ്ടിയുള്ള അതിദ്രുതമായ അന്വേഷണം ആരംഭിച്ചു. ചെറിയ വാടകയ്ക്ക്, അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഒരു വീട് ലക്ഷ്യം വച്ചുള്ള അന്വേഷണം അനന്തമായി നീണ്ടു . അതോടെ അത്യാവശ്യ സൗകര്യങ്ങളുടെ പട്ടികയിലെ നാല് ബെഡ് റൂം, കാർ പോർച്ച്, ഗാർഡൻ.. ഇത്യാദിവഹകളൊക്കെ മെല്ലെ മെല്ലെ ഒഴിവായിത്തുടങ്ങി.
                                   അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, ടെക്നോപാർക്കിന്റെ ആൾപ്പൊക്കമുള്ള മതിലിന്മേൽ , എട്ട് കണ്ണുകളുടെ നോട്ടത്തെ  ഒരേ സമയം ആകർഷിക്കാൻ മാത്രം വശ്യമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു..
" ഹൗസ് ഫോർ റെന്റ്"
ടിജുവിന്റെ ഉള്ളിലെ കർമ്മനിരതനായ  പോരാളി സടകുടഞ്ഞെഴുന്നേറ്റു,അവൻ  ഉറയിൽ നിന്നും മൊബൈൽ വലിച്ചൂരി അതിൽ പരസ്യത്തിൽ കണ്ട നമ്പർ ടൈപ്പ് ചെയ്ത്  ഞങ്ങളുടെ നേരെ നീട്ടി പറഞ്ഞു:
"കാശൊന്നും കാര്യമാക്കണ്ട, നിങ്ങൾ വിളിച്ചോ.."
!!!!!!!!!!!!!!!!
ഒരു നിമിഷം ആശ്ചര്യസ്തബ്ധനായി നിന്ന ശേഷം ഞാൻ മൊബൈൽ വാങ്ങി ചെവിയോട് ചേർത്തു. അതിൽ ഒരു കിളിമൊഴിയുടെ കളമൊഴി:
" ഈ കാൾ പൂർത്തിയാക്കുന്നതിനാവശ്യമായ ബാലൻസ്....."
ആവേശം കണ്ടപ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു. ഞാൻ മൊബൈൽ തിരികെ നീട്ടി. അവൻ വക്രിച്ച ചിരിയോടെ അത് തിരികെ വാങ്ങി, ' സോറി ബാലൻസ് ഇല്ല അല്ലേ' എന്ന കമന്റും പാസാക്കി കൈ കഴുകി.
ഓരോ ഫ്രണ്ടും ആവശ്യമല്ലോ....ടി.വി. പരസ്യത്തിന് നന്ദി, അല്ലെങ്കിൽ ഞാനെന്തെങ്കിലും ചെയ്തേനെ.
             ഞാനെന്റെ തന്നെ മൊബൈൽ എടുത്ത് ആ നമ്പരിലേക്ക്   വിളിച്ചു. വീടിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു ഫോണെടുത്തത്, ഭാഗ്യം ബ്രോക്കർക്ക് കൊടുക്കേണ്ട കമ്മീഷൻ ഒഴിവായിക്കിട്ടി.          പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. അതിനടുത്ത ദിവസം തന്നെ വീട് കാണൽ ചടങ്ങ് നടത്തി, അന്നു തന്നെ അങ്ങോട്ട് താമസവും മാറി.
                                 



                               ചെറുതാണെങ്കിലും വീട് പുതിയതാണ്, ഉടമസ്ഥയായി മധ്യവയസ്കയായ ഒരു സ്ത്രീ മാത്രമേയുള്ളു, ഒരു പാവം വീട്ടമ്മ. അവരുടെ ഭർത്താവ് ഗൾഫിലാണു. മൂപ്പർ അവിടെ കിടന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് വീട്. വീട്ടിന്റെ പാലുകാച്ചൽ (ഹൗസ് വാർമ്മിങ്ങ്) ചടങ്ങൊക്കെ കഴിച്ച്, അങ്ങേര്  തിരിച്ച് വന്നതിനു ശേഷം താമസം തുടങ്ങാനിരിക്കുകയായിരുന്നു. പക്ഷേ, ദൈവം സഹായിച്ച് ( ഞങ്ങളെ)  അങ്ങേർക്ക് ലീവ് കിട്ടിയില്ല. ഇനി അടുത്ത കൊല്ലമേ തിരിച്ച് വരാൻ പറ്റൂ. അങ്ങനെയാണ് ഈ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതെന്ന് അവർ വിസ്തരിച്ചു തന്നു. ഇത്രയും ചരിത്രം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നു നിങ്ങൾ അത്ഭുതപ്പെടുന്നത് പോലെ ഞങ്ങളും അത്ഭുതപെട്ടിരിക്കെ കാരണവും പിന്നാലെ വന്നു:

" മക്കളെ വീട് വൃത്തിയായ് സൂക്ഷിക്കണം, ഇടയ്ക്കിടെ തൂത്ത് വൃത്തിയാക്കണം..ഞങ്ങളങ്ങനെ കഷ്ട്പ്പെട്ട്  ഉണ്ടാക്കിയതാണ്... ഞാൻ ആഴ്ച്യ്ക്ക് വന്നു നോക്കും. കേട്ടല്ലോ.."

                 വീടേറി  ആഴ്ചയൊന്നു കഴിഞ്ഞു. പറഞ്ഞതു  പോലെ ഓണർ ചെക്കിങ്ങിനായ് എത്തി. വീട് സാമാന്യം 'നല്ല' വൃത്തിയായ് തന്നെ ഞങ്ങൾ സൂക്ഷിച്ചിരുന്നു. ഓരോ ഭാഗമായ് നടന്നു നോക്കിയതിനു ശേഷം എവിടൊക്കെ എങ്ങനെയൊക്കെ തൂത്തും കഴുകിയും വൃത്തിയാക്കണമെന്ന മാർഗനിർദ്ദേശവും തന്നാണ് അവരന്നു മടങ്ങിയത്.

            രണ്ട് ദിനങ്ങൾക്കപ്പറം,  ഒരു  സായാഹ്നത്തിൽ ഞങ്ങൾ ജോലിയും കഴിഞ്ഞ്, അനേകം ഐ.റ്റി. തൊഴിലാളികൾക്കിടയിലൂടെ, വീട്ടിലേക്കുള്ള വഴിയിലേയ്ക്ക് മന്ദം മന്ദം നടന്നു നീങ്ങവേ, അതാ വരുന്നു നമ്മുടെ സ്വന്തം ഹൗസ് ഓണർ. ഒരു ചിരിയും പാസാക്കി ഞങ്ങൾ അവരെയും കടന്നു നീങ്ങി. പെട്ടെന്ന് പിറകിൽ നിന്നൊരു വിളിയും ചോദ്യവും:

" മക്കളേ , ഞാൻ പറഞ്ഞ പോലെ  ക്ളോസറ്റ് കഴുകിയിട്ടായിരുന്നോ ?"


                  രണ്ട് തരുണീമണികൾ ഞങ്ങളെ നോക്കി വാ പൊത്തി ചിരിച്ച്കൊണ്ട് കടന്നു പോയി. കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയെക്കണക്ക് ഞങ്ങൾ ഓരോരുത്തരും അവിടെ നിന്നു. പിന്നെ 'ഞാനീ ഗ്രൂപ്പിൽപ്പെട്ട ആളല്ല' എന്ന ഭാവത്തിൽ ഓരോരുത്തരായി ഇത്തിരി അകലം വച്ച് നടത്തം തുടർന്നു.....

Oct 9, 2011

ഉറങ്ങുന്നതിന് മുമ്പ്

കിടക്കുമ്പോൾ കട്ടിലിനരികിലെ അഴിയിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ മരക്കൊമ്പുകൾക്കിടയിലൂടെ നിലാവ് തിങ്ങിയ ആകാശം കാണാം. ലോകത്തേറ്റവും മൃദുലമായ കാഴ്ച അതാണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.റേഡിയോ ഓണാക്കി അരികിൽ വയ്ക്കും, ആകാശവാണിയിൽ നിന്നും അറിയാത്ത ഏതൊക്കെയോ രാഗങ്ങളിൽ ഉപകരണ സംഗീതം ഒഴുകി വരും.അതും ആസ്വദിച്ച് അങ്ങനെ കിടക്കും, റേഡിയോ സ്റ്റേഷൻ ഉറങ്ങും മുമ്പേ ചിന്തകളുടെ പ്രക്ഷേപണം അവസാനിച്ചിട്ടുണ്ടാവും.രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അടുത്തിരുന്ന് റേഡിയോ മുറുമുറുമ്മുന്നുണ്ടാവും, പുതിയ രണ്ട് ബാറ്ററിക്കു വേണ്ടിയുള്ള കരച്ചിലാണ്.
                   രാത്രിക്കു ചൂട് കൂടിത്തുടങ്ങുന്നതോടെ, പകല് തന്നെ കവുങ്ങിന്റെ പാള മുറിച്ച് ഒന്നാന്തരം വിശറി ഉണ്ടാക്കിവയ്ക്ക്ക്കും. ആ നാടൻ വിശറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച കാറ്റിന്റെ ചുമലിലേറി ഉറക്കം, സന്ധ്യാനേരത്ത് കൂട്ടിൽ കയറാൻ കൂട്ടാക്കാത്ത പൂവൻകോഴിയുടെ മട്ടിൽ, മടിച്ച് മടിച്ച് കടന്നു വരും.ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതോടെ പാള കൊണ്ടുള്ള പ്രതിരോധം വൃഥാവിലാവും.വീശി വീശി ഇടതും വലതും കൈകള് തളരുന്നതും നോക്കി, ഒരു ജന്മിയുടെ  പുച്ഛം നിറഞ്ഞ ചിരിയും എറിഞ്ഞ് തന്ന്, അയിത്തം ഭാവിച്ച് ഉറക്കമങ്ങ് കടന്ന് പോവും.പിന്നെ കിടത്തം മുൻവശത്തെ ചായ്പ്പിലെ പായയിലേക്ക് മാറ്റും.വഴി തെറ്റിയെങ്കിലും കടന്നു വരുന്ന ഒരു ഇളം കാറ്റിനെ കാത്ത് കിടക്കും, രാത്രിസഞ്ചാരത്തിനിറങ്ങാറുള്ള ഇഴജന്തുക്കളോ ശ്വാനന്മാരോ പടി കയറി വന്നാലോയെന്നുള്ള ഭയം കൂട്ട്കിടക്കാനുണ്ടാവും. ഇടയ്ക്കെപ്പോഴെങ്കിലും ഉറക്കം  ഒരെല്ലിൻ കഷ്ണവും എറിഞ്ഞ്തന്ന്  ദയ കാട്ടും. അല്പനേരം കഴിയും മുമ്പേ ഒരു ദുസ്വപ്നത്തിന്റെ മുനമ്പിൽ നിന്നും വഴുതി, വിയർത്തൊലിച്ച്, ഉണർച്ചയുടെ താഴ്വാരത്തിലേക്ക് തന്നെ വന്ന് വീഴും. മുറ്റത്ത് ഒഴുകിപ്പരക്കുന്ന നിലാവിൽ നിഴലുകൾക്ക് ജീവൻ വയ്ക്കും, കണ്ണ് ഇറുക്കിപ്പൂട്ടി കിടക്കും.വീട്ടിനു ചുറ്റും ആരൊക്കെയോ നടക്കുന്നതിന്റെ ശബ്ദം കേൾക്കാം, അതിനേക്കാൾ ഉറക്കെ എന്റെ ഹൃദയമിടിപ്പ് മുഴങ്ങിക്കേൾക്കും..

         മഴക്കാലമെത്തുന്നതോടെ കഥയാകെ മാറും, പുറത്ത് പെയ്യുന്ന മഴയുടെ താളത്തിൽ ലയിച്ച് പുതപ്പിനുള്ളിൽ ചുരുണ്ട്കൂടിയങ്ങനെ കിടക്കുമ്പോൾ രാത്രി ഒരിക്കലും പുലരേണ്ടെന്ന് തോന്നും. വീട്ടിനടുത്തുള്ള കുളത്തില് നിന്നും ഇടതടവില്ലാതെ തവളകളുടെ കച്ചേരി കേൾക്കാം. അത് കേട്ട് തുടങ്ങുന്നതോടെ വീട്ടിനുള്ളിൽ അങ്ങിങ്ങു നിന്നായി ചില ഏറ്റ്ചൊല്ലലുകൾ മുഴങ്ങി തുടങ്ങും. ഈ മണവാട്ടിത്തവളകൾ* മുഴുവൻ ഏത് വഴി, എപ്പൊഴാണ് , വീട്ടിലേക്ക് കയറിവരുന്നതെന്നും ഇറങ്ങിപ്പോവുന്നതെന്നും അവയ്ക് മാത്രമേ അറിയുകയുള്ളൂ! മഴ കനത്ത് വരുമ്പോൾ ഓടിനിടയിൽ ഉറവകൾ പിറവികൊള്ളും. സ്ഥിരം ചോർച്ചാകേന്ദ്രങ്ങളൊക്കെ മുമ്പേ തന്നെ പനയോലയോ എക്സ്-റേ ഷീറ്റോ തിരുകി അടച്ചിട്ടുണ്ടാവും, അതല്ലെങ്കിൽ നിലത്ത് വെള്ളം ഇറ്റുവീഴുന്നിടത്ത് പാത്രങ്ങൾ നിരത്തി വയ്ക്കും,മഴ അതിലും ചെണ്ടകൊട്ടി പഠിക്കും- രാത്രി ആകെ സംഗീതമയം! തീർന്നില്ല, മഴയുടെ താണ്ഢവം പിന്നെയും തുടരുകയാണെങ്കിൽ പുറത്ത് പെയ്യുന്നതിനേക്കാൾ മഴ അകത്ത് പെയ്യും, ഉറക്കച്ചടവിൽ കിടക്കയും ചുരുട്ടി ചോർച്ചയില്ലാത്ത മുറികളിലേക്ക് താമസം മാറേണ്ടിവരും..

      മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിക്കൊണ്ടങ്ങനെ കിടന്നപ്പോൾ ഇതൊക്കെയാണ് ഓർമ്മ വന്നത്. വെറുതെ ഓർക്കാനൊരു രസം!