Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Jun 23, 2013

ഏഴുകാലി

                 തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കാലെടുത്ത് വച്ചപ്പോഴാണു കണ്ടത് - ചുമരിലൊരു എട്ടുകാലി. ഞാൻ 'അമ്മേ...'ന്ന് നീട്ടി വിളിച്ച് പുറത്തേക്ക് ചാടി.
            ആകാശം പൊട്ടിവീഴുന്നത് കണ്ടത് പോലുള്ള വിളി കേട്ട് അമ്മ ഓടിയെത്തി.
"എന്താടാ..?"
"അത് നോക്കിയേ.." ഞാൻ കുളിമുറിയിലേക്ക് വിരൽ ചൂണ്ടി.
കുറഞ്ഞത് ഒരു നീർക്കോലിയെ എങ്കിലും പ്രതീക്ഷിച്ചാവണം അമ്മ അകത്തേക്ക് നോക്കിയത്, എന്റെ പട വിളിയുടെ രഹസ്യം മനസ്സിലായതും അമ്മ് ഒരു ലോഡ് പുച്ഛം ചടപടാന്ന്  വാരി വിതറി.
"പോത്ത് പോലെ വളർന്നല്ലോ, ന്നിട്ടും നിന്റെ പേടി മാറീലേ.. എന്നെക്കോണ്ട് വയ്യ അതിനെക്കൊല്ലാൻ, നീ വേണെങ്കി കുളിച്ചാ മതി"
                 തലയിൽ വെളിച്ചെണ്ണ കുറച്ചധികം ഇരിപ്പുണ്ട് , ഇല്ലെങ്കിൽ ഞാൻ കുളി വേണ്ടാന്നു വച്ചേനെ.

            അമ്മ കൊട്ടേഷൻ ഏറ്റെടുക്കാൻ വിസമ്മതിച്ച പരിതസ്ഥിതിയിൽ ഞാൻ സ്വയം പര്യാപ്തമാവാൻ തന്നെ തീരുമാനിച്ചു. പേടിച്ച് പേടിച്ച് എത്ര  നാൾ ഇങ്ങനെ ജീവിക്കും.. ഒന്നുകിൽ അവൻ അല്ലെങ്കിൽ ഞാൻ , ഒരാൾ മതി ഈ കുളിമുറിയിൽ. ഞാൻ ചൂലെടുത്ത് പോരാടാൻ ഉറപ്പിച്ചു.
                      തലയിൽ തോർത്ത് കെട്ടി വലത് കയ്യിൽ ചൂലുമായി ഞാൻ എട്ടുകാലിയെ ലക്ഷ്യമാക്കി നീങ്ങി, സുരക്ഷിതമായ ദൂരത്തിൽ നിലയുറപ്പിച്ചു.
സൂക്ഷിച്ച് നോക്കിയപ്പോഴാണു മനസ്സിലായത് - അതിനു ഏഴു കാലേയുള്ളൂ! അപ്പോ ശത്രു എട്ട്കാലിയല്ല, ഏഴ്കാലിയാണു. നന്നായി, വികലാംഗനായ ശത്രുവിനെ തോൽപ്പിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കും.
                       ചൂൽ കൊണ്ട് ഒരു തവണ അടിക്കാനുള്ള അവസരമേ ഉള്ളൂ, അത് കഴിഞ്ഞാൽ ഞാൻ ഇറങ്ങിയോടും. വേറൊന്നും കൊണ്ടല്ല, അടി കൃത്യമായി കൊണ്ടില്ലെങ്കിൽ അത് താഴെ വീഴും , പിന്നെ ചിലപ്പോ എന്റെ നേരെയായിരിക്കും ഓടി വരുന്നത്. അതോർക്കുമ്പോ തന്നെ പേടികൊണ്ട് കയ്യിലെ രോമങ്ങൾ എഴുന്നു നിൽക്കുന്നു.
            'പടോ'...
ഞാൻ ഓടി.

           സമയം ഇത്തിരി കഴിഞ്ഞു. തിരിച്ച് ചെന്ന് ദൗത്യം വിജയകരമായിരുന്നോ എന്ന്  ഉറപ്പുവരുത്താൻ ഉള്ളിലെ ധൈര്യശാലി സമ്മതിക്കുന്നില്ല.ചേച്ചിയോട് ചെന്ന് നോക്കാൻ പറഞ്ഞു. ചത്തെന്ന് കേട്ടപ്പോ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ അഭിമാനം തോന്നി.
"വെൽഡൻ മൈ ബോയ്" ഞാൻ എന്റെ തന്നെ പുറത്ത് തട്ടി (കയ്യുളുക്കിയോന്നൊരു സംശയം)
       കുളിമുറിയുടെ തറയിൽ ഏഴുകാലും ചുരുട്ടി , ചതഞ്ഞ് കിടക്കുന്ന ഏഴ്കാലിയോട് 'തരത്തിൽ കളിക്കണം മോനേ..' ന്ന് പറഞ്ഞ് ശവത്തിൽ കുത്തി ഞാൻ കുളി തുടങ്ങി. (എന്റെ ജീവിതത്തിൽ ആദ്യമായാണു ഇത്ര ഇത്ര ഒറിജിനലാറ്റിയുള്ള ഒരു ശവത്തിൽക്കുത്ത് നടത്തുന്നത്).
                      കുളി കഴിഞ്ഞ് , ഒരു ചായയും കുടിച്ച് ഞാൻ സായാഹ്ന സവാരിക്കിറങ്ങി. നാരാണേട്ടന്റെ കടയിൽച്ചെന്ന് ഓസിൽ ഒരു ചായേം പഴം പൊരീം കൂടെ തട്ടി. രാത്രി എട്ട് മണിയായപ്പോ തിരിച്ച് വീട്ടിൽച്ചെന്നു കേറി, മീൻ പൊരിച്ചതും കൂട്ടി ചോറുണ്ടു. ഒൻപത് മണിയായപ്പോ നല്ല മഴ തുടങ്ങി. പന്ത്രണ്ട് വരെ ടിവിയും കണ്ടിരുന്ന്, നാളെ പതിനൊന്നിനു എഴുന്നേറ്റാൽ മതിയെന്നുറപ്പിച്ച് ഉറങ്ങാൻ കിടന്നു.
                        രണ്ട് മണിയായപ്പോ ഉറക്കം ഞെട്ടി, ഭയങ്കരദാഹം . ഈ മഴക്കാലത്തെന്താപ്പാ ഇങ്ങനെയൊരു ദാഹം-ന്ന് വിചാരിച്ച് ഞാൻ ലൈറ്റ് ഓണാക്കി.
             മുറിയുടെ ചുവരിലൊരു എട്ടുകാലി. അതിനും ഏഴ് കാലേ ഉള്ളൂ. അതെന്നെ തുറിച്ചു നോക്കുന്നതായിട്ട് എനിക്ക് തോന്നി.

Mar 17, 2013

പോനാൽ പൊഹട്ടും പോടാ

ഞാൻ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി , അവിടെ വിഷാദഭാവം തളം കെട്ടി നിൽക്കുന്നു.
'ഇവനെന്താ കുറവൻ ചത്ത കുരങ്ങന്റെ ഭാവം ' എന്നു പോത്തനോട് കണ്ണ്കൊണ്ട് ആരാഞ്ഞു.
"അവന്റെ ലൈനിന്റെ കല്ല്യാണമാണു നാളെ" പോത്തൻ എന്റെ ചെവിയിൽ പതുക്കെ മൊഴിഞ്ഞു.
          ഹൃദയത്തിന്റെ നാലാമത്തെ അറയുടെ ഒരു ചെറിയ മൂലയിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം, ഒരു സുഖം , മുള പൊട്ടി.
നാലു കൊല്ലം കോളേജിന്റെ വരാന്തയിലൂടെ തെക്ക് വടക്ക് നടന്നിട്ട് ഒരുത്തി പോലും തിരിഞ്ഞു നോക്കാനില്ലാതെ മടുത്ത് മനസ്സ് മരവിച്ച് ജീവിതം വെറുത്ത് സപ്ലിയടിച്ച് പണ്ടാരമടങ്ങി  ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ ,  ഇവൻ , ഇടത് വശത്ത് ഇരിക്കുന്ന ഈ പരമ നാറി , മാത്രം ഫോണിലൂടെ ഇടവിടാതെ ചിരിച്ചും കൊഞ്ചിയും അടക്കി രഹസ്യങ്ങൾ പറഞ്ഞും എന്റെ ചെവി പഴുപ്പീച്ചിട്ടുണ്ട്.
നന്നായി.
           എന്നാലും അവന്റെ പ്രേമകാവ്യത്തിലെ ഓരോ ഏടുകളും എഴുതപ്പെടുന്നതിനു ഞാനും സാക്ഷിയാണു.

                    - "വാടക..?"

                     "എന്ത് വാടക ?" അവൾ ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ചോദിച്ചു.

                     "എന്റെ ഹൃദയത്തിൽ താമസിക്കുന്നതിന്റെ.."

 ഇത്ര കിടിലോല്ക്കിടിലമായി ഈ കോളെജിന്റെ ചരിത്രത്തിലാരും ഒരു പെണ്ണിനേയും പ്രൊപോസ് ചെയ്ത് കാണില്ല. ഇങ്ങനെ മഹത്തരമായ ആശയങ്ങൾ ഞാൻ അവനല്ലാതെ വേറാർക്കും പറഞ്ഞു കൊടുത്തിട്ടുമില്ല!

                     -  "അങ്ങനെ ..."  അവൾക്ക് സിറ്റുവേഷൻ പൂർണ്ണമായി പിടികിട്ടാൻ ഇത്തിരി സമയമെടുത്തു.
 പിന്നെ ബാഗ് തുറന്ന് അൻപത് പൈസ എടുത്ത് അവന്റെ നീട്ടിയ കയ്യിലേക്ക് ഇട്ട് കൊടുത്തു.
വിഷ്ണു  ശശിയായി.
   
           പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ട് പടിയാണല്ലോ. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവൻ എന്റെ ഉപദേശങ്ങൾ മൊത്തമായി തള്ളിക്കളഞ്ഞു.
മൂന്നാം നാൾ അവൾ യേസ് പറഞ്ഞു.
രണ്ട് വർഷത്തിൽ അവൻ പന്ത്രണ്ട് സപ്ലി സ്വന്തമാക്കി.
ബിജുവേട്ടനെ ലക്ഷപ്രഭുവാക്കി ( മൊബൈൽ പാലസ് ബിജു).
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്, ഇതും
 എല്ലാം കാണാൻ എന്റെ ജീവിതം പിന്നെയും ബാക്കി.



"തീട്ടക്കട്ടയിലും ഉറുമ്പരിക്കുന്നോ!" വിഷ്ണുവിനെ ഇടം കണ്ണിട്ട് നോക്കി ഞാൻ ഉറക്കെ പറഞ്ഞു.
 മുന്നിലിരുന്നവർ, തിരിഞ്ഞ് , എന്നെ രൂക്ഷമായി നോക്കി.

"തീട്ടക്കട്ടയല്ലെടാ പൊട്ടാ തീക്കട്ട" പോത്തൻ തിരുത്തി.

"ആദ്യം പറഞ്ഞത് തന്നെയാ ഞാൻ ഉദ്ദേശിച്ചത്" ഞാൻ മുരണ്ടു.
പിന്നെ വിഷ്ണുവിന്റെ തോളിൽ കയ്യിട്ട് അവനെ ആശ്വസിപ്പിച്ചു.
"സാരമില്ലെടാ, അവൾ പോയാ വേറൊരുത്തി അത്രയേ ഉള്ളൂ"

"ബട്ട് ഐ ലവ് ഹേർ റ്റൂ മച്ച് ഡാ"

"മീ റ്റൂ ഡാ"

വിഷ്ണു മിണ്ടുന്നില്ല. ഒരു പ്രാസം ഒപ്പിച്ച് പറഞ്ഞതാണു, അത് ചീറ്റി. ഇനിയിപ്പം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം..

"ഡാ പ്രണയം ചെടിയിൽ വിരിഞ്ഞു നിൽക്കുന്ന പൂ പോലെയാണു, കാണാൻ സുന്ദരം , കാറ്റിൽ അതിന്റെ പരിമളം, പക്ഷേ പറിച്ചെടുത്ത് കയ്യിൽ വച്ചാൽ അത് വാടിപ്പോകും"
           വിഷ്ണുവും പോത്തനും അന്തം വിട്ട് എന്നെ നോക്കി ഇരിക്കയാണു.
ഞാൻ,  പറഞ്ഞത് ഒന്നു സ്വയം റീവൈന്റ് ചെയ്ത് നോക്കി.
 വൗവ് കൊള്ളാം.. നാവിൽ എങ്ങനെയോ കുടുങ്ങിയതാണു.
മറന്നു പോകാതിരിക്കാൻ നോട്ടിൽ കുറിച്ചിട്ടു.
ഇന്നത്തെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റിന്റെ കാര്യത്തിൽ തീരുമാനമായി.

"മച്ചാ അത് കലക്കി, പക്ഷേ നീ എന്താ ഉദ്ദേശിച്ചത്?" പോത്തനു സാരാംശം അറിയണം.

"ലതായത് ,  നമ്മൾ പെൺപിള്ളാരുടെ പിറകേ നടന്നാലും സെറ്റാവുംന്ന് തോന്നിയാ അപ്പോ തലയൂരണം"

"യെടാ പുലീ" പോത്തന്റെ കണ്ണുകളിൽ ആരാധന.


"യൂ ത്രീ സ്റ്റാന്റ് അപ്പ്"

ആരാണു ആ മൂന്നു പേർ എന്നറിയാൻ ക്ലാസ്സിലെ എല്ലാവരും തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട്.

"ലാസ്റ്റ് ബെഞ്ച്" പിന്നേയും സുമലത മിസ്സിന്റെ ശബ്ദം പൊങ്ങി.

ഇപ്പോ ആൾക്കാരെ മനസ്സിലായി.
ഞാനും പോത്തനും എഴുന്നേറ്റു നിന്നു. സംശയിച്ച് നിന്ന വിഷ്ണുവിനെ കുത്തിപ്പൊക്കി.

"നിങ്ങൾക്ക് ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ആവശ്യമില്ലെങ്കിൽ ഇറങ്ങിപ്പോവണം, അല്ലാതെ ബാക്കിയുള്ളവർക്ക് ശല്യമുണ്ടാക്കരുത്
ഓക്കെ?

നൗ  സിറ്റ് ഡൗൺ "

      ഇരിക്കാനാഞ്ഞ വിഷ്ണുവിനൊരു തള്ള് കൊടുത്തു, അവന്റെ സീറ്റിലേക്ക് ഞാൻ ഇരുന്നു. അവൻ ഒരു നിമിഷം അമ്പരന്നു നിൽക്കെ ഞാനും എഴുന്നെറ്റ് അവന്റെ പിന്നിൽ നിന്നു, കൂട്ടത്തിൽ പോത്തനെ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നിൽ നിന്ന് ഒരു തള്ളു കൂടി , വിഷ്ണു മുന്നോട്ട് രണ്ട് സ്റ്റെപ്പ് നടന്നു.

വിഷ്ണുവിന്റെ നേതൃത്ത്വത്തിൽ മൂന്നു പേർ ക്ലാസിനു പുറത്തേക്ക് മാർച്ച് ചെയ്തു. സുമുതല വാ പൊളിച്ചു നിന്നു.!
                    
               
             ക്ലാസ്സീന്ന് ഇറങ്ങിയപ്പോഴേ ഉറപ്പിച്ചതാണു ഇന്നു ബിരിയാണി കഴിക്കണം ന്ന് (ചുമ്മാ അങ്ങനെ തോന്നി).
മൂന്നു പേരും ഒരു ബൈക്കും റസിയാ ഫുഡ് ഹൗസിലേക്ക് പറന്നു.
ഹോട്ടലിൽ കേറിയപ്പോതൊട്ട് വിഷ്ണു ഫോണിലാണ്.
                         - "പോയോ?"
                             ..
                           "ഇത്ര നേരമായിട്ടും പോയില്ലാ..!"
                              ...
                           "പോവുന്നുണ്ടോന്നു നോക്ക്.."

"ഡാ അത്ര പ്രശ്നമാണെങ്കിൽ ഇത്തിരി വിമ്മ് കലക്കി കൊടുക്ക് , നല്ലോണം പോവും" പോത്തൻ ഇടയിൽ കയറി ഗോളടിച്ചു.

"ശവത്തിൽ കുത്താതെഡേയ്" ഞാൻ പോത്തനെ ശാസിച്ചു.

വിഷ്ണു ഹോട്ടലിനു പുറത്തിറങ്ങി ഫോൺ വിളി തുടർന്നു.

"എല്ലാർക്കും ഫിഷ് ബിരിയാണി പറഞ്ഞാലോ?" ഞാൻ പോത്തനോട് അഭിപ്രായം ചോദിച്ചു.

"വേണ്ട ഫിഷ് ഡേഞ്ചറാണു, എനിക്ക് എഗ് ബിരിയാണി മതി"

       പോത്തൻ പറഞ്ഞതിലും കാര്യമുണ്ട്. ജപ്പാനിലെ മിനമാതയിൽ മെർക്കുറി തിന്ന മീനിനെ തിന്നിട്ട് പലരുടേയും കാറ്റ് പോയതായിട്ട് എവിടേയോ വായിച്ചിട്ടുണ്ട്.

"നീ പറഞ്ഞത് ശ്ശെരിയാട്ടോ, അമോണിയേം യൂറിയേം ഒക്കേള്ള വളക്കൂറുള്ള മീനായിരിക്കും .തിന്നാൽ ചെലപ്പോ പണി കിട്ടും"

പോത്തൻ എന്നെ പുച്ഛത്തോടെ നോക്കി, എന്നിട്ട് മൊഴിഞ്ഞു
"പല്ലിന്റെടേൽ മുള്ള് പോവണ കാര്യാ ഇഷ്ടാ ഞാൻ പറഞ്ഞത്"

ഞാൻ ശശിയായി.










Jun 24, 2012

തൂണിലും തുരുമ്പിലും പ്രേതമിരിക്കുന്നു..

കോളേജിൽ നിന്നും രണ്ടോ മൂന്നോ കിലൊമീറ്റർ ദൂരെ, പിന്നെ സംഭവം ഇത്തിരി പഴഞ്ചനുമാണ്, എന്നാലും ഹോസ്റ്റെൽ മുറിയിലെ മുഷിപ്പൻ ജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തിലേക്ക് കുതിക്കാൻ വെമ്പി നിന്ന എട്ട് ജോടി ചിറകുകൾ വീടിനെപ്പറ്റി കേട്ടയുടനെ ഒരേ സ്വരത്തിൽ മൊഴിഞ്ഞു-
"പാക്കപ്പ്".
എണ്ണി നോക്കാൻ നിന്നില്ല,മൊത്തത്തിൽ എട്ടോ ഒമ്പതോ മുറികൾ കാണും.വീടിന്റെ ഭിത്തിയിൽ നിറയെ ആണിയടിച്ചുറപ്പിച്ചിരിക്കുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോകൾ, വീടിനോട് ചേർന്ന് വലിയ പറമ്പ്,മുന്നിൽ വലിയൊരു ഇടവഴി, ഇഷ്ടം പോലെ ശുദ്ധവായു, തുഛ്ചമായ വാടക, ആനന്ദലബ്ധിക്കിനിയെന്ത് വേണം. പകൽ സമയമായാലും കറണ്ടില്ലെങ്കിൽ വീടിനുള്ളിൽ കൂറ്റാകൂരിരുട്ടായിരിക്കും. അതൊരു കണക്കിനു സൗകര്യമായി, പകലും രാത്രിയുടെ ഒരു എഫക്റ്റ് കിട്ടുമല്ലൊ, ഉറക്കത്തിന് ബെസ്റ്റാണ്.ഉള്ള നാലുപേരെക്കൂടാതെ, നാല് പേരെ മറ്റ് രണ്ട് ഹോസ്റ്റലുകളിൽ നിന്നായി വലിച്ചു. സ്പെയ്സ് വെർതെ വെയ്സ്റ്റ് ആക്കേണ്ടല്ലൊ. തേങ്ങാമുറി കണ്ട തൊരപ്പന്മാരെപ്പോലെ, ആദ്യം തന്നെ, ഓരോരുത്തരായി ഓരോ മുറി ബുക്ക് ചെയ്തു.

രാത്രിയായാൽ തട്ടിൻപുറത്ത് നിന്ന് ഇത്തിരി ബഹളമൊക്കെ കേൾക്കാം.പെരുച്ചാഴികളും മരപ്പട്ടികളും തമ്മിലുള്ള ഗുസ്തി മത്സരമാണ്. നല്ല ഒന്നാന്തരമൊരു കണ്ടൻ പൂച്ചയെ സംഘടിപ്പിച്ച് മച്ചിൻപുറത്തേക്ക് കയറ്റി വിട്ടു. രണ്ട് മിനിറ്റിനുള്ളിൽ ആ മാന്യദേഹം നാണലേശമന്യെ വാലും ചുരുട്ടി ഇറങ്ങിയോടുന്നത് കണ്ടു.മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ശമ്പളവർദ്ധനയുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണല്ലൊ. മരപ്പട്ടികളുടെയും പെരുച്ചാഴികളുടേയും യൂണിയൻ ഈ ഒരു കാര്യത്തിൽ യോജിച്ച് നീങ്ങിയിട്ടുണ്ടാവണം. ഈ കോലാഹലങ്ങൾ ആദ്യമൊക്കെ ശല്യമുണ്ടാക്കിയെങ്കിലും പിന്നെ ഞങ്ങളതിനോട് സമരസപ്പെട്ടു.അതിനാണല്ലൊ അഡാപ്റ്റേഷൻ എന്ന് പറയുന്നത്.പിന്നെ പിന്നെ ആ താരാട്ട് കേൾക്കാതെ ഉറക്കം വരില്ലെന്നായി!.

ഒരു ശനിയാഴ്ച രാവിലെ പതിനൊന്നിനു സൂര്യനുദിച്ചത് , രാത്രി വൈകുവോളം കാമുകീസല്ലാപം പരിപാടിയിൽ ഏർപ്പെട്ടിരുന്ന നിബു തോമസ് ചാക്കൊയുടെ വായിൽ നിന്നും പുറപ്പെട്ട, ഒരു ചൂടൻ വാർത്തയുമായിയായിരുന്നു.

"ഞാനിന്നലെ ഒരു ശബ്ദം കേട്ടു"

"കേൾക്കും, നിന്റെ പ്രായം അതാണല്ലൊ.."

"എടാ സീരിയസ്സായിട്ട്"

"സീരിയസ്സാണെങ്കിൽ ഹോസ്പിറ്റലിൽ പോടാ"

"ഇന്നലെ രാത്രി ഞാനൊരു ചിലങ്കേടെ ശബ്ദം കേട്ടു"

"എന്നിട്ട്?"

"ഞാൻ അപ്പൊ തന്നെ ചെവിയും പൊത്തി കെടന്നൊറങ്ങി"

ആരാണ് ആ പേരിട്ടതെന്ന് ഓർമ്മയില്ല, പിന്നെ ഒരാഴ്ചത്തേയ്ക്ക് പി.ടി.ചാക്കൊ എന്നായിരുന്നു കോളേജിൽ അവന്റെ വിളിപ്പേര്. പി.ടി. എന്നത് പേടിത്തൂറിയുടെ ചുരുക്കം ആണെന്ന് ചിലർക്ക് മാത്രം അറിയാം.

കൃത്യം ഒരാഴ്ചയ്ക്കിപ്പുറം , അർദ്ധരാത്രിനേരം മുറ്റത്ത് മൂത്രമൊഴിക്കാനിറങ്ങിയപ്പോൾ താനും ഒരു കിലുക്കം കേട്ടു , അത് അടുത്ത് വരുന്നതായി തോന്നിയെന്നുമുള്ള അവകാശവാദവുമായി മുന്നോട്ട് വന്ന ശരത്ത് ഞങ്ങളുടെ നെഞ്ചില് ഒരു പിടി കനല് വാരിയിട്ടു.പിന്നെ പലരും പലവട്ടം ഇതാവർത്തിച്ചു. ചിലങ്ക- മണികിലുക്കവും ,പാദസരത്തിന്റെ ശബ്ദവും ഒക്കെയായി അവരുടെ വിവരണങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എരിതീയിലേക്ക് എണ്ണയെന്ന പോലെ അടുത്തുള്ള കവലയിലെ കടക്കാരനിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടി-
ഈ വീട്ടിൽ പത്ത്-മുപ്പത് വർഷമായി ആൾത്താമസമില്ല.താമസിച്ചിരുന്നവർ, കുടുംബത്തിലെ മൂന്ന് പേരുടെ ദുർമരണത്തോടുകൂടി, വീടുപേക്ഷിച്ച് ദൂരെയെങ്ങോട്ടോ പോയി.മരിച്ചവരിൽ പതിനെട്ട് തികയാത്ത ഒരു പെൺകൊച്ചും ഉണ്ടായിരുന്നു. കുടുംബത്തിലെ ഇളയ കാരണവർക്ക് വട്ടായിരുന്നത്രെ. ചങ്ങലക്കിട്ടിരുന്ന മൂപ്പർക്ക് ഭക്ഷണം കൊടുക്കാൻ ചെന്ന നേരത്ത് കഴുത്ത് ഞെരിച്ച് ആ പെൺകുട്ടിയെ കൊല്ലുകയായിരുന്നു. രണ്ട് ദിവന്മ് കഴിഞ്ഞ് വട്ടനും തല സ്വയം ഭിത്തിയിലിടിച്ച് മരിച്ചു.



അതോടുകൂടി മൊത്തത്തിൽ വലിയ മാറ്റം സംഭവിച്ചു- എല്ലാവരും രാത്രി എട്ടിനു മുൻപ് വീടണയും, പത്തിനു മുമ്പ് രാമനാമം ജപിച്ചും കുരിശ്ശ് വരച്ചും കിടന്നുറങ്ങും. വേറെ വേറെ മുറികളിൽ കിടന്നവർ തങ്ങളുടെ കട്ടിലും കിടക്കയുമായി ഒരൊറ്റ മുറിയിലേക്ക് താമസം മാറി.ശബ്ദങ്ങൾക്ക് പുറമെ വരാന്തയിലൂടെ 'ആരോ' നടക്കാനും ഇരുളിൽ നിഴലനക്കങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങി. ചുവരിലെ ഫോട്ടോയിലെ അമ്മാവൻ ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നതായി ചിലപ്പോഴൊക്കെ തോന്നും.നാട്ടിൽ പോയി വന്നവന്റെയൊക്കെ കയ്യിലും കഴുത്തിലും ഉറുക്കും രുദ്രാക്ഷവും പ്രത്യക്ഷപ്പെട്ടു. പിന്നെ.. പലരും രാത്രികാലത്തെ മൂത്രമൊഴിപ്പ് ജനലിനുള്ളിലൂടെയാക്കി. സാഹചര്യം മനുഷ്യനെ മറ്റ് പലതുമാക്കുന്നു!
കൂടുതലൊന്നും പറയണ്ട , അങ്ങനെ ഒടുക്കം,ആൺപട, സമാധാനം നശിച്ച് ഉറക്കം നഷ്ടപ്പെട്ട് ,ആ സെമസ്റ്ററിലെ മുഴുവൻ പേപ്പറിനും സപ്ലിയേറ്റുവാങ്ങി.
ഇടയിൽ ഏതോ ഒരു ഡൂക്ക്ലി മന്ത്രവാദിയെ കൊണ്ട് വന്ന് ഹോമം നടത്തിച്ചു നോക്കി, കൊതുകുശല്യം കുറച്ച് കുറഞ്ഞതല്ലാതെ വേറെ ഫലമൊന്നും കണ്ടില്ല.ഈ വീടുപേക്ഷിച്ച് മറ്റൊന്ന് കണ്ടെത്താനോ അല്ലെങ്കിൽ പഴയ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോവാനോ ഉള്ള തീരുമാനം പലരും ശക്തമായി മുന്നോട്ട് വെച്ചതോടെ ധൈര്യവാനായ ഞാനും( എന്റെ എല്ലാ കഥയിലും ഞാനായിരിക്കണം നായകൻ എന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ തല, എന്റെ ഫുൾഫിഗർ) രതീഷും രാത്രി നേരത്ത് ശബ്ദത്തിന്റെ ഉറവിടം തേടി കാവലിരിക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പ്രേതം ഞങ്ങളെപ്പേടിച്ച് കടന്നു കളഞ്ഞതായി ഞങ്ങൾ രണ്ടും വീമ്പ് പറഞ്ഞു.എന്നാൽ ആ ദിനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

ഏകദേശം ഒരാഴ്ച കഴിഞ്ഞു.പ്രേതത്തിന്റെ പൊടി പോലുമില്ല.ആ ഒരു ദിവസം കൂടി നോക്കിയിട്ട് ഈ കാവലിരിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. അന്നേ ദിവസം രാത്രി, സമയം ഒരു മണി കഴിഞ്ഞു.വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഞാൻ എഴുന്നേറ്റ് , ഉറങ്ങാനുള്ള ഒരുക്കത്തോടെ വീടിനകത്തേയ്ക്ക് പോകാനൊരുങ്ങവേ, രതീഷ് വിറയാർന്ന ശബ്ദത്തിൽ എന്നെ വിളിച്ചു.

"ഡാ, നീ കേട്ടോ?"
ഞാൻ ചെവി കൂർപ്പിച്ചു. ഒരു ചങ്ങല കിലുക്കം, അത് അടുത്തടുത്ത് വരികയാണ്. ഹൃദയം പെരുമ്പറ കൊട്ടി.
ധൈര്യം ചോർന്നു പോയിത്തുടങ്ങി(വേറെ ഒന്നും ഉദ്ദശിക്കരുത്!).

"ഇതാ.."
രതീഷ് എന്തോ കയ്യിൽ വച്ചു നീട്ടി. ഞാൻ വാങ്ങി നോക്കി.
ഒരു 'മഞ്ഞ പോപ്പിൻസ്'!.

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

"കഴിച്ചോ.. ഇനിയിപ്പം കഴിക്കാൻ പറ്റിയില്ലെങ്കിലോ.."

പെട്ടെന്ന് കറന്റ് പോയി. ഞങ്ങടെ പാതി ജീവനും.
ഇപ്പൊൾ ശബ്ദം വളരെ അടുത്ത് നിന്നു കേൾക്കാം. ഞങ്ങൾ രണ്ടും വീടിന്റെ തൂണിനു പിന്നിൽ ഒളിച്ചു. ദൂരെ ഇരുട്ടിൽ കറുത്തിരുണ്ട ഒരു ഭീമാകാര രൂപം നടന്നു വരുന്നതായിക്കാണാം. ആ വട്ടന്റെ ആത്മാവായിരിക്കണം. നാളെ രാവിലെ ബാക്കിയുള്ളവർ എഴുന്നേറ്റ് നോക്കുമ്പോൾ വീടിനു മുന്നിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ രണ്ട് ശവങ്ങളെക്കാണാം.ഇരുളിലേക്ക് വീണ്ടും ഉറ്റുനോക്കി.

രൂപം വീടിനു തൊട്ട് മുന്നിലെ ഇടവഴിയിലെത്തിയിരിക്കുന്നു.
പ്രേതം. മാങ്ങാത്തൊലി. കൂപ്പിൽ തടി പിടിക്കാൻ കൊണ്ട് പോയ ആനയാണു. പണിയുള്ള ദിവസം അത് തിരിച്ചു വരുന്നത് ഈ നേരത്താണു.
അകത്ത് ഉറങ്ങിക്കിടന്ന അവന്മാരെയൊക്കെ ചന്തിക്ക് നാല് പെടയും കൊടുത്ത് വിളിച്ചെഴുന്നേൽപ്പിച്ചു, സത്യം ചൂടൊടെ വിളമ്പി.

പ്രേതശല്യമൊഴിഞ്ഞെങ്കിലും , അടുത്ത സെമസ്റ്ററിലും സപ്ലിശല്യം അതുപോലെ ബാക്കി നിന്നു.










Apr 23, 2012

പ്രതികാരം

                   ഓടി, പരന്നുകിടക്കുന്ന വയലും ചതുപ്പും കടന്ന് ഏതൊക്കെയോ ഊടുവഴികളിലൂടെ ഓടി.  ചളിയിൽ പുതഞ്ഞു പോയ കാല് വലിച്ചൂരിയെടുത്തപ്പോഴെക്കും വലതുകാലിലെ ചെരിപ്പിനെ   ചതുപ്പ് വിഴുങ്ങിയിരുന്നു.  തെളിഞ്ഞ നിലാവിൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴൊക്കെ നിഴലുകൾ പിറകെ ഓടി വരുന്നതായി തോന്നി. ഇടത് കാലിലെ ചെരിപ്പ് കുടഞ്ഞെറിഞ്ഞ് പിന്നെയും ഓടി. ഹൃദയം ഒരു പൂച്ചയുടേതിനേക്കാൾ വേഗത്തില് മിടിക്കുന്നുണ്ട്, ഞാൻ ഇപ്പൊൾ മരിച്ചു പോകുമെന്ന് തോന്നി. ഇല്ല , പിടികൊടുക്കുന്നെങ്കിൽ മരണത്തിനു മാത്രം, പിറകെ വരുന്നവർക്കില്ല.

                   ഉത്സവപ്പറമ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദം ഇപ്പൊഴും ചെറുതായി കേൾക്കാം, അത് കാതിൽ നിന്നു മറയുന്നത് വരെ ഓട്ടം തുടർന്നു.  മുള്ളുരഞ്ഞ് ദേഹത്താകമാനം നീറ്റുന്നുണ്ട്. കാലിൽ കല്ലു കൊണ്ട് മുറിഞ്ഞ ഇടങ്ങളില് ചോര പൊടിയുന്നുണ്ടെന്ന് തോന്നുന്നു. കുത്താനുപയോഗിച്ച ലോഹക്കഷ്ണം ഇപ്പൊഴും കയ്യിലുണ്ട്. അത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു . ഭയത്തിനിടയിലും ഉള്ളിൽ എവിടെയോ ഒരു ചിരി വിരിഞ്ഞു .

                ഇരുളിനെ ഭയമായിരുന്നു. സന്ധ്യമയങ്ങിക്കഴിഞ്ഞാല് അമ്മയുടെ കൈ പിടിക്കാതെ വീട്ടുമുറ്റത്ത് ഇറങ്ങാറില്ല. പാതിനിലാവിൽ , കാറ്റേറ്റ് അനങ്ങിയ വാഴക്കൈകളും , രാവ് പുലരുവോളം ഉം.. ഉം.. ന്ന് മൂളിക്കൊണ്ടിരുന്ന കാലൻകോഴികളും നാലാംക്ലാസുകാരന്റെ ഉറക്കം കെടുത്തിയ രാത്രികൾ പലതാണ്. ഇന്ന് അച്ഛ്ന്റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് ഉത്സവം കാണാനിറങ്ങിയതും.  പക്ഷെ ഉത്സവപ്പറമ്പില് നിന്നും ഇരുളിലേക്കൂളിയിട്ടോടുമ്പോള് ഇതൊന്നും മനസിലില്ലായിരുന്നു , രക്ഷപ്പെടണം അത്രമാത്രം. ലക്ഷ്യബോധമില്ലാതെ ഓടി.

                               കാലുകൾക്ക് വഴിയറിയാം , ഓടിയെത്തിയത് വീടിന്റെ പിന്നാമ്പുറത്താണ്. ശബ്ദം കേൾപ്പിക്കാതെ ,കിണറിൽ നിന്നും വെള്ളം കോരി കാലും കയ്യും കഴുകി, കാലിൽ നിന്ന് ഇപ്പൊഴും ചോരയൊലിക്കുന്നുണ്ട്. വിയർപ്പിൽ കുതിർന്ന ഷർട്ടൂരിയെടുത്ത് തോളത്തിട്ടു. അമ്മ ഉറക്കമായിരിക്കും. മുൻവാതിൽ ചാരിയിട്ടെ ഉള്ളൂ എങ്കില് മെല്ലെ തുറന്ന് അകത്ത് കയറണം. തള്ളി നോക്കി, അടച്ചിട്ടിരിക്കയാണ്.  വിളിച്ചെഴുന്നേല്പിച്ചപ്പോള് വാതിൽ തുറന്നു പുറത്തേക്ക് വന്ന അമ്മ എന്നെ തനിച്ച് കണ്ട് അത്ഭുതപ്പെട്ടു.

"അച്ഛനെവിടേടാ?"

"ഒറക്കം വന്നപ്പൊ, ഞാൻ പോന്നു."

"തനിച്ചോ!?"

"അപ്പുറത്തെ പ്രമോദേട്ടനുണ്ടായിരുന്നു."

            നേരെപ്പോയി കട്ടിലിലേക്ക് വീണു. പുതപ്പെടുത്ത് ദേഹമാസകലം മൂടി. ഭാഗ്യത്തിന്  അമ്മയൊന്നും ശ്രദ്ധിച്ചിട്ടില്ല.


                  ഉറക്കം വന്നില്ല. വല്ലാതെ ദാഹിക്കുന്നുണ്ട്. ഉറക്കം നടിച്ച് കിടക്കുകയാണ്, ഇപ്പൊ എന്തായാലും എഴുന്നേല്ക്കാൻ വയ്യ. അൽപ്പനേരം കഴിഞ്ഞപ്പൊ അച്ഛൻ വരുന്ന ശബ്ദം കേട്ടു.

"കുട്ടൻ വന്നോ?"

"അവൻ നേരത്തെ വന്നല്ലൊ.."

"എന്നോടൊന്ന് പറഞ്ഞിട്ട് വന്നൂടെ അവന്, ഞാൻ എവിടെയെല്ലാം നോക്കി"

"അവൻ ഉറക്കം വന്നപ്പൊ അപ്പുറത്തെ പ്രമോദിന്റെ കൂടെയിങ്ങ് പോന്നു."

"ഉത്സവത്തിന്റെ എടയില് ഏതൊ ഒരു പയ്യൻ ബലൂൺ വിൽക്കാൻ വന്ന ഒരുത്തന്റെ ബലൂണെല്ലാം മൊട്ട്സൂചി വച്ച് കുത്തിപ്പൊട്ടിച്ചൂത്രെ, അയാളും ഒപ്പമുണ്ടായിരുന്ന രണ്ട് മൂന്ന് പേരും പിടിക്കാൻ പെറകെയോടി, ആകെ ബഹളായിരുന്നു. ഇവനെയാണെങ്കില് കാണാനും ഇല്ല, ഞാനാകെ വെഷമിച്ച് പോയി "


                       എന്നെക്കുറിച്ചാണ് പറയുന്നത്, പ്രതി ഞാനാണെന്നാരും അറിഞ്ഞിട്ടില്ല. സമാധാനം.
                വെറുതെ ചെയ്തതല്ല. ഏറെക്കാലത്തെ സമ്പാദ്യമായിരുന്ന ഒരൻപത് രൂപയും കയ്യിലെടുത്താണു വീട്ടിൽ നിന്ന് ഇറങ്ങിയത്, വിഷുവിനു കൈനീട്ടം കിട്ടിയതും മിഠായി പോലും മേടിക്കാതെ മിച്ചം വെച്ചതും പെടും ആ അൻപത് രൂപയില്. ആദ്യമൊരു ബലൂണുകാരന്റെ അടുത്ത് ചെന്ന് ബലൂണ് മേടിച്ചു. അൻപത് രൂപയാണ് കൊടുത്തതെന്നോർത്തില്ല, ബാക്കി അയാള് തന്നതുമില്ല. ബലൂണും കയ്യിലെടുത്ത് നടന്നു. അൽപ്പദൂരം ചെന്നപ്പൊ കൊടുത്ത കാശിനെപ്പറ്റി ബോധം വന്നു. തിരിച്ച് ചെന്നു ചോദിച്ചപ്പൊ , ഞാൻ കൊടുത്തത് മൂന്നു രൂപ തന്നെയാണെന്ന് അയാള്, അൻപത് രൂപ കൊടുത്തതിന് ഒരു തെളിവും ഇല്ല. കള്ളൻ സമ്മതിച്ചു തരുന്നും ഇല്ല.  കിടന്ന് കരയാനല്ലാതെ വേറൊന്നും വയ്യ.
        അയാൾ അല്പം ദൂരേക്ക് മാറിയപ്പോള്, പെട്ടെന്നു തോന്നിയ ആവേശത്തിന് , കീശയിൽ കിടന്ന മൊട്ടുസൂചിയെടുത്ത് ഒന്നൊഴിയാതെ  ബലൂണെല്ലാം പൊട്ടിച്ചു, വിൽപ്പനക്കാരൻ അടുത്തെത്തും മുമ്പ് എന്റെ കാലുകള് ഉത്സവപ്പറമ്പ് താണ്ടിയിരുന്നു.


           

Mar 10, 2012

ജനകീയ പോലീസ്

               കഷ്ടിച്ച് ഒരു കാറിനും ഒരു ബൈക്കിനും കടന്നു പോവാനുള്ള വീതിയേ ഉള്ളൂ ,റോഡിന്.
കഷ്ടകാലത്തിന് ആരാണ്ട്, അടുത്തുള്ള വീട്ടുകാര് വല്ലോരുമാകും, റോഡ് സൈഡില് മണലും ഇറക്കീട്ട്ണ്ട്.

               എതിരെ നിന്നും ഒരു ജീപ്പ്. അടുത്തെത്തിയപ്പോള് ജീപ്പ് സ്ലോ ചെയ്തു, ഹെഡ്ലൈറ്റ് ഓഫായി. അകത്ത് നിന്നും അനുഗ്രഹം ചൊരിയാനെന്നവണ്ണം ഒരു കൈപ്പത്തി പുറത്തേക്ക് നീണ്ട് വന്നു.
സ്റ്റോപ്പ്.
പോലീസ് ജീപ്പാണു.



"എങ്ങോട്ടാടാ രണ്ടും കൂടി?"

"സിനിമ കാണാൻ പോയതാണു സാർ"

"സിനിമയാ..?.. ഏത് സിനിമ?"

"തൽസമയം ഒരു പെൺകുട്ടി"

"ഇംഗ്ലീഷാ?"

അല്ല, അറബി. പിറകിലിരിക്കുന്ന ഞാൻ  പറഞ്ഞു. സമയം അർധരാത്രിയായതു കൊണ്ടും എന്റെ മുന്നിലിരിക്കുന്നത് ഒരു എമർജൻസി കേസ് ആയതുകൊണ്ടും ശബ്ദം പുറത്ത് വന്നില്ല, മനസ്സിലൊതുങ്ങി. സന്ദർഭം നോക്കാതെ വാ തുറന്നാൽ വായില് പല്ലില്ലാത്ത സന്ദർഭം വരുമെന്ന് മഹാനായ എഴുത്ത്കാരൻ വറുഗീസ് ചേട്ടൻ (ആധാരം) പറഞ്ഞിട്ടുമുണ്ട്!


"അല്ല സാർ മലയാളം തന്നെ, ഇപ്പൊ എറങ്ങിയ ' തത്സമയം ഒരു പെൺകുട്ടി' "

"അതെന്താടാ ആൺകുട്ടിയെയൊന്നും കിട്ടീലെ?"

"അത് സാർ.."

"ടിക്കറ്റ് എന്തിയേടാ?"

"ടിക്കറ്റ്...... അത് കളഞ്ഞു"

"അത് ശരി, നിന്റെ പേരെന്താടാ?"

"സെബി"

" എന്ത്, ചെവിയാ..?"

"അല്ല സാർ സെബാസ്റ്റ്യൻ, സെബീന്നു വിളിക്കും"

"ആര് വിളിക്കും?"

മറുപടി നഹി.
സൗകര്യമുള്ളോര് വിളിക്കും. അങ്ങനെ പറയെന്റെ സെബാസ്റ്റ്യാ.., എന്റെ നാവ് പെരുപെരുത്തു.

"ഇവനാണൊ നമ്മള് അന്വേഷിക്കുന്ന ചെമ്പ് സെബാസ്റ്റ്യൻ..?" ( ഏമാൻ1 to ഏമാൻ 2)

സെബി ആകെ വിരണ്ടു. കാണാൻ മോഹൻലാലിനെപ്പോലെയാണെങ്കിലും( കുടവയറും തടിയും , വേറൊന്നുമില്ല!), ഇന്ദ്രൻസിനെപ്പോലൊരു മനസ്സാണ്.
സിനിമ പകുതിയായപ്പോള് മുതല്
"ആന്ദോളനം ദോളനം.."(വയറിനകത്ത്)
പാടിക്കൊണ്ടിരുന്ന മനുഷ്യനാണ്, ഇവിടെത്തും വരെ ബൈക്ക് നിലം തൊടാതെ പറക്കുകയായിരുന്നു. "ഹൈവെ മുത്തപ്പാ കാത്തോളണെ" എന്നുള്ള ഒറ്റ പ്രാർത്ഥനയൊടെ പിറകില് ഞാനും.
ഞാൻ ഇത്തിരി പിറകിലേക്ക് മാറി ഇരുന്നു.റിസ്ക് എടുക്കേണ്ടല്ലൊ.., നാറ്റക്കേസാണ്.
 സെബിയുടെ വെപ്രാളം കണ്ടിട്ട് ചിരി  വന്നിട്ട് പാടില്ല, മ്യൂട്ടിട്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും, 2 തുണ്ട് കൈവിട്ട് പുറത്തേക്ക് വന്നു.

" നീയെന്താടാ ചിരിക്കുന്നെ?"

" സിനിമ ഭയങ്കര കോമഡിയായിരുന്നു, അതോർത്തപ്പൊ ചിരിച്ചതാ.."
സരസ്വതീ ദേവിക്ക് നന്ദി, ഒരു മറുപടി വായിലിട്ടു തന്നല്ലൊ.
"സരസ്വതീ നമൊസ്തുഭ്യം
...."
നന്ദി പ്രകാശിപ്പിക്കാൻ  പണ്ട് പഠിച്ചൊരു ശ്ലോകം മനസ്സിലുരുവുട്ടു. ഒരു പാലമിട്ടാല് അങ്ങോട്ടും ഇങ്ങോട്ടും വേണല്ലോ..

" സ്റ്റേഷനില് വന്നാല് അതിലും കോമഡിയാ, എന്താ വരുന്നൊ?"

" ഇല്ല സർ, പിന്നൊരിക്കലാവാം"

"എന്നാ മക്കളിപ്പൊ പോ.."

ആശ്വാസം.

വീട്ടില് തിരിച്ചെത്തിയപ്പൊ കറണ്ടില്ല, ടാപ്പിലൊരു തുള്ളി വെള്ളവും.
ഞാനിന്ന് ചിരിച്ച് ചിരിച്ച് മരിക്കും.......












Feb 26, 2012

കാറും കോളും

വീട്ടിലൊരു കാർ മേടിച്ചു. പക്ഷെ അതിങ്ങനെയൊരു പൊല്ലാപ്പുണ്ടാക്കുമെന്ന്
ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ഒരു കാറിന്റെ യാതൊരു ആവശ്യവും ഉണ്ടായിട്ടല്ല. കാറ് പോയിട്ട് ഒരു
സൈക്കിൾ പോലും ഓടിക്കാൻ അറിയാവുന്ന ആരും കുടുംബത്തിലില്ല താനും. പിന്നെ?
സംഗതി സിമ്പിൾ , അയല്പക്കത്തെ പപ്പേട്ടൻ കാറ് വാങ്ങിച്ചു.
മൂപ്പർക്കെന്താ വാങ്ങുന്നതിനൊരു ബുദ്ധിമുട്ട്..
" ഓന്തിക്കെന്താ ബെസമം , ഓന്ത്..ബായിലല്ലെ!"
വെറൊന്നുമല്ല അങ്ങേരൊരു ഗൾഫ് കാരനാണ്, ഗഫൂർ ക ദോസ്ത്.
മുമ്പേ പറഞ്ഞത്
മലയാളത്തിൽ പറഞ്ഞാൽ " ഓന് (അവന്) എന്താ വിഷമം , ഓൻ ദുബായിൽ അല്ലെ"

വാങ്ങി ഷെഡ്ഡിലിടുന്നതിനു പകരം അതിയാൻ രാവിലെയും വൈകീട്ടും
നാലാളറിയും വിധം അതിനെ കുളിപ്പിച്ചും(ഗൾഫിൽ പോണതിനു മുൻപ് മൂപ്പർക്ക് പശു
വളർത്തലാരുന്നു തൊഴിലെന്നും അതിനെ കുളിപ്പിച്ചുള്ള ശീലമാണെന്നും
അസൂയക്കാർ പറയും) അത് പോരാഞ്ഞ് വീടിന്റെ മുന്നിലെത്തുമ്പോൾ (ഞമ്മടെ)
നീട്ടിയൊന്ന് താളത്തിൽ ഹോണടിച്ചും കാര്യങ്ങൾ ഉഷാറാക്കി.

അങ്ങ് ദുഫായിയിൽ ഒട്ടകപ്പാലു കറന്നും അറബീടെ കക്കൂസ് കഴുകിയും
ജീവിക്കണ പപ്പനു കാറ് വാങ്ങാമെങ്കിൽ പിന്നെ നമുക്കെന്ത് കൊണ്ട് ആയിക്കൂടാ
എന്ന ശരാശരി മലയാളിയുടെ മനോഹരമായ ചിന്താഗതി പിന്തുടരുന്നത് കൊണ്ടാവണം
ഇക്കാര്യം വോട്ടിനിട്ടപ്പോൾ, എം.എൽ.എ-മാരുടെ ശമ്പളവർദ്ധനയുടെ ബില്ല് പോലെ
, ഒരൊറ്റ സിറ്റിങ്ങിൽ തന്നെ ഫാമിലി മെംബെർസ് ഒന്നാകെ കയ്യടിച്ചു
പാസാക്കിയത്.
പിറ്റെ ദിവസം തന്നെ, കാറിനു നാല് ടയറും ഉള്ളില് നാലു സീറ്റും
ഉണ്ടെന്നറിയാവുന്ന ഞാനും കാറ് കരയിലോടുന്നതാണൊ വെള്ളത്തിലോടുന്നതാണോ
എന്നറിയാൻ പാടില്ലാത്ത അമ്മാവനും മാരുതിയുടെ തൊട്ടടുത്ത ഷോറൂം
ലക്ഷ്യമാക്കി ബസ് കയറി.
നാരാണേട്ടന്റെ കടയില് ചെന്ന് അരക്കിലൊ ഉള്ളി മേടിക്കണ പോലെ, അവിടെ ചെന്ന്..

" ഒരു കാറ്"

"വെളുത്തതാ ചൊവന്നതാ?"

"എളം ചോപ്പ്"

"മൂന്ന് ലക്ഷം"

"ശെരി"

..ന്നും പറഞ്ഞ് കാറും കൊണ്ട് നേരെ വീട്ടിലേക്ക് വരാം എന്നുള്ള വിചാരം
അവിടെ ചെന്നന്വേഷിച്ചപ്പോ തന്നെ മാറിക്കിട്ടി.

ഏതായാലും അശ്രാന്തപരിശ്രങ്ങൾക്ക് ഒടുവിൽ ആ സുദിനം സമാഗമമായി.
നാട്ടിലെ പേരുകേട്ട ഡ്രൈവറായ പി.പി.പ്രജീഷിനെ ഒരു ബിരിയാണിയും നൂറ്
രൂപയും എന്ന ഓഫറും കൊടുത്ത് ആ വൈകുന്നേരം കാർ വീട്ടിലേക്കെത്തിക്കാൻ
ഏൽപ്പിച്ചു. ഏകദേശം രാത്രി പത്തേ മുക്കാൽ ആയപ്പോൾ , കാറെടുത്തോണ്ട് വരാൻ
പോയവൻ കാറടിച്ചോണ്ട് പോയോ അതൊ അവനേം കാറിനേം വല്ല ലോറിയും അടിച്ചോണ്ട്
പോയോ എന്ന് ആധി പൂണ്ട് നിന്ന ,ഞങ്ങളുടെ മുന്നിലേക്ക് വളരെ
ഉത്തരവാദിത്ത്വബോധമുള്ള ആ മൂഷികൻ കാറുമായ് കടന്നു വന്നു. അവന്റെ ചാകാൻ
കെടക്കണ വല്ല്യപ്പനെ കാണാൻ പോയത്രെ , അതും ഈ കാറിൽ. എന്നിട്ട് വല്ല്യപ്പൻ
ചത്തോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവനെക്കൊണ്ട്
ഇനിയും പല ആവശ്യങ്ങളും വരാനിരിക്കുന്നത് കൊണ്ട് മാത്രം ചിരിച്ചോണ്ടങ്ങ്
നിന്നു. എന്തായാലും ഇന്നിനി മനസ്സമാധാനത്തോടെ ഒന്നൊറങ്ങാമല്ലൊ.

രാവിലെ ഏഴു മണിയായപ്പൊ വലിയ വായിലുള്ള കരച്ചില് കേട്ടാണു ഉറക്കം
ഞെട്ടിയത്, ചേച്ചീടെ മോള് ലച്ചു അലറി വിളിക്കുകയാണ്. അവൾക്ക് കാറ്
വാങ്ങിക്കൊണ്ട് വന്ന പെട്ടി വേണമത്രെ..

ഞാൻ പുതിയ മൊബൈൽ വാങ്ങിയപ്പൊഴും , ഡിവിഡി പ്ലെയറ് വാങ്ങിയപ്പൊഴും
അതെല്ലാം ഇട്ട് കൊണ്ട് വന്ന പെട്ടി അവൾക്ക് കളിക്കാനായി കൊടുത്തിരുന്നു.
ഇപ്പൊ അവൾക്ക് കാറ് ഇട്ട് കൊണ്ട് വന്ന ബോക്സ് കളിക്കാനായി വേണം. കാറ്
പെട്ടിയിലിട്ടല്ല കൊണ്ട് വന്നതെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല.

" മോളെ , അതിന്റെ വാറണ്ടി പിരീയഡ് തീർന്നിട്ടില്ല, കേടായാൽ
പെട്ടിയിലിട്ട് തിരിച്ച് കൊടുക്കണ്ടെ, അത് കൊണ്ട് പെട്ടി തരാൻ
പറ്റത്തില്ല " അവൾടെ അമ്മ ആശ്വസിപ്പിക്കുന്നുണ്ട്.

എന്നാലും കരച്ചില് നിർത്താനുള്ള യാതൊരു ഭാവവുമില്ല...

Oct 23, 2011

ഒരു ക്ളോസറ്റ് ഉണ്ടാക്കിയ കഥ!

                    രാവിലെ എഴുന്നേറ്റാൽ കുളിക്കാൻ പോയിട്ട് ഒന്നു പല്ലു തേക്കാനോ മുഖം കഴുകാനോ ഉള്ള വെള്ളം കിട്ടാനില്ല.മറ്റ് അത്യാവശ്യ കാര്യങ്ങളുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ.ലോഡ്ജിലെ 'നിർജ്ജലജീവിതം' ഇങ്ങനെ രണ്ടാം ദിവസം പിന്നിട്ടപ്പോൾ , ടെക്നോപാർക്കിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലിയെടുക്കുന്ന ഞങ്ങൾ നാല് പേര് ( സജു,ടിജു,ബിജു പിന്നെ ഞാനും) പുതിയ ആവാസ കേന്ദ്രത്തിനു വേണ്ടിയുള്ള അതിദ്രുതമായ അന്വേഷണം ആരംഭിച്ചു. ചെറിയ വാടകയ്ക്ക്, അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഒരു വീട് ലക്ഷ്യം വച്ചുള്ള അന്വേഷണം അനന്തമായി നീണ്ടു . അതോടെ അത്യാവശ്യ സൗകര്യങ്ങളുടെ പട്ടികയിലെ നാല് ബെഡ് റൂം, കാർ പോർച്ച്, ഗാർഡൻ.. ഇത്യാദിവഹകളൊക്കെ മെല്ലെ മെല്ലെ ഒഴിവായിത്തുടങ്ങി.
                                   അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, ടെക്നോപാർക്കിന്റെ ആൾപ്പൊക്കമുള്ള മതിലിന്മേൽ , എട്ട് കണ്ണുകളുടെ നോട്ടത്തെ  ഒരേ സമയം ആകർഷിക്കാൻ മാത്രം വശ്യമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു..
" ഹൗസ് ഫോർ റെന്റ്"
ടിജുവിന്റെ ഉള്ളിലെ കർമ്മനിരതനായ  പോരാളി സടകുടഞ്ഞെഴുന്നേറ്റു,അവൻ  ഉറയിൽ നിന്നും മൊബൈൽ വലിച്ചൂരി അതിൽ പരസ്യത്തിൽ കണ്ട നമ്പർ ടൈപ്പ് ചെയ്ത്  ഞങ്ങളുടെ നേരെ നീട്ടി പറഞ്ഞു:
"കാശൊന്നും കാര്യമാക്കണ്ട, നിങ്ങൾ വിളിച്ചോ.."
!!!!!!!!!!!!!!!!
ഒരു നിമിഷം ആശ്ചര്യസ്തബ്ധനായി നിന്ന ശേഷം ഞാൻ മൊബൈൽ വാങ്ങി ചെവിയോട് ചേർത്തു. അതിൽ ഒരു കിളിമൊഴിയുടെ കളമൊഴി:
" ഈ കാൾ പൂർത്തിയാക്കുന്നതിനാവശ്യമായ ബാലൻസ്....."
ആവേശം കണ്ടപ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു. ഞാൻ മൊബൈൽ തിരികെ നീട്ടി. അവൻ വക്രിച്ച ചിരിയോടെ അത് തിരികെ വാങ്ങി, ' സോറി ബാലൻസ് ഇല്ല അല്ലേ' എന്ന കമന്റും പാസാക്കി കൈ കഴുകി.
ഓരോ ഫ്രണ്ടും ആവശ്യമല്ലോ....ടി.വി. പരസ്യത്തിന് നന്ദി, അല്ലെങ്കിൽ ഞാനെന്തെങ്കിലും ചെയ്തേനെ.
             ഞാനെന്റെ തന്നെ മൊബൈൽ എടുത്ത് ആ നമ്പരിലേക്ക്   വിളിച്ചു. വീടിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു ഫോണെടുത്തത്, ഭാഗ്യം ബ്രോക്കർക്ക് കൊടുക്കേണ്ട കമ്മീഷൻ ഒഴിവായിക്കിട്ടി.          പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. അതിനടുത്ത ദിവസം തന്നെ വീട് കാണൽ ചടങ്ങ് നടത്തി, അന്നു തന്നെ അങ്ങോട്ട് താമസവും മാറി.
                                 



                               ചെറുതാണെങ്കിലും വീട് പുതിയതാണ്, ഉടമസ്ഥയായി മധ്യവയസ്കയായ ഒരു സ്ത്രീ മാത്രമേയുള്ളു, ഒരു പാവം വീട്ടമ്മ. അവരുടെ ഭർത്താവ് ഗൾഫിലാണു. മൂപ്പർ അവിടെ കിടന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് വീട്. വീട്ടിന്റെ പാലുകാച്ചൽ (ഹൗസ് വാർമ്മിങ്ങ്) ചടങ്ങൊക്കെ കഴിച്ച്, അങ്ങേര്  തിരിച്ച് വന്നതിനു ശേഷം താമസം തുടങ്ങാനിരിക്കുകയായിരുന്നു. പക്ഷേ, ദൈവം സഹായിച്ച് ( ഞങ്ങളെ)  അങ്ങേർക്ക് ലീവ് കിട്ടിയില്ല. ഇനി അടുത്ത കൊല്ലമേ തിരിച്ച് വരാൻ പറ്റൂ. അങ്ങനെയാണ് ഈ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതെന്ന് അവർ വിസ്തരിച്ചു തന്നു. ഇത്രയും ചരിത്രം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നു നിങ്ങൾ അത്ഭുതപ്പെടുന്നത് പോലെ ഞങ്ങളും അത്ഭുതപെട്ടിരിക്കെ കാരണവും പിന്നാലെ വന്നു:

" മക്കളെ വീട് വൃത്തിയായ് സൂക്ഷിക്കണം, ഇടയ്ക്കിടെ തൂത്ത് വൃത്തിയാക്കണം..ഞങ്ങളങ്ങനെ കഷ്ട്പ്പെട്ട്  ഉണ്ടാക്കിയതാണ്... ഞാൻ ആഴ്ച്യ്ക്ക് വന്നു നോക്കും. കേട്ടല്ലോ.."

                 വീടേറി  ആഴ്ചയൊന്നു കഴിഞ്ഞു. പറഞ്ഞതു  പോലെ ഓണർ ചെക്കിങ്ങിനായ് എത്തി. വീട് സാമാന്യം 'നല്ല' വൃത്തിയായ് തന്നെ ഞങ്ങൾ സൂക്ഷിച്ചിരുന്നു. ഓരോ ഭാഗമായ് നടന്നു നോക്കിയതിനു ശേഷം എവിടൊക്കെ എങ്ങനെയൊക്കെ തൂത്തും കഴുകിയും വൃത്തിയാക്കണമെന്ന മാർഗനിർദ്ദേശവും തന്നാണ് അവരന്നു മടങ്ങിയത്.

            രണ്ട് ദിനങ്ങൾക്കപ്പറം,  ഒരു  സായാഹ്നത്തിൽ ഞങ്ങൾ ജോലിയും കഴിഞ്ഞ്, അനേകം ഐ.റ്റി. തൊഴിലാളികൾക്കിടയിലൂടെ, വീട്ടിലേക്കുള്ള വഴിയിലേയ്ക്ക് മന്ദം മന്ദം നടന്നു നീങ്ങവേ, അതാ വരുന്നു നമ്മുടെ സ്വന്തം ഹൗസ് ഓണർ. ഒരു ചിരിയും പാസാക്കി ഞങ്ങൾ അവരെയും കടന്നു നീങ്ങി. പെട്ടെന്ന് പിറകിൽ നിന്നൊരു വിളിയും ചോദ്യവും:

" മക്കളേ , ഞാൻ പറഞ്ഞ പോലെ  ക്ളോസറ്റ് കഴുകിയിട്ടായിരുന്നോ ?"


                  രണ്ട് തരുണീമണികൾ ഞങ്ങളെ നോക്കി വാ പൊത്തി ചിരിച്ച്കൊണ്ട് കടന്നു പോയി. കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയെക്കണക്ക് ഞങ്ങൾ ഓരോരുത്തരും അവിടെ നിന്നു. പിന്നെ 'ഞാനീ ഗ്രൂപ്പിൽപ്പെട്ട ആളല്ല' എന്ന ഭാവത്തിൽ ഓരോരുത്തരായി ഇത്തിരി അകലം വച്ച് നടത്തം തുടർന്നു.....

Aug 21, 2011

ദേവദൂതൻ!!

           നിങ്ങൾക്ക് ഈ ശകുനം, കണി,ജ്യോത്സ്യം,മാടൻ,യക്ഷി,മറുത.. ഇമ്മാതിരി സാധനങ്ങളിലൊക്കെ വിശ്വാസമുണ്ടോ? എനിക്ക് തീരെ വിശ്വാസമില്ല, മനുഷ്യൻ ചൊവ്വയിൽ പോയി മണ്ണും വാരി വരുന്ന സമയത്ത് ചൊവ്വാദോഷവും പറഞ്ഞിരിക്കുന്നവരെ പലതവണ പുച്ഛിച്ചിട്ടുണ്ട് താനും. പക്ഷേ ഓരോരുത്തരും അവരവരുടെ അനുഭവങ്ങളിലൂടെയാണല്ല്ലോ ഓരോരോ പാഠങ്ങൾ പഠിക്കുന്നത്!
                   അന്ന് ഒരു വെള്ളി ആഴ്ചയായിരുന്നു (എങ്കിലും ഭൂതപ്രേതപിശാചുകൾക്കൊന്നും ഈ സംഭവത്തിൽ ഒരു റോളുമില്ല). രാത്രി ഏഴരയുടെ ട്രെയിനിന് നാട്ടിലേക്ക് തിരിക്കണം, ശനി,ഞായർ‌- ഒഴിവ് ദിനങ്ങൾ വീട്ടിൽത്തന്നെ ആഘോഷിക്കാമല്ലോ. ടിക്കറ്റ് റിസർവ്വ് ചെയ്യാൻ പറ്റിയില്ല. 10-12 മണിക്കൂർ യാത്രയുണ്ട് മൊത്തം. സീറ്റെങ്ങാനും കിട്ടാതെ വന്നാലോ എന്ന ആശങ്ക കൊണ്ട് ആറേ മുക്കാലാവുമ്പോഴേ സ്റ്റേഷനിലെത്തി. ദൈവാധീനം എന്നല്ലാതെ എന്ത് പറയാൻ, ട്രെയിൻ നേരത്തെതന്നെ സ്റ്റേഷനിൽ കയറ്റിയിട്ടിട്ടുണ്ടായിരുന്നു. കയറിയിരുന്നു.
             'മലബാർ,മാവേലി,മാംഗ്ലൂർ.. ഈ ട്രെയിനിനുകളുടെ പേരൊക്കെ എന്താ മ വച്ച് തുടങ്ങുന്നത്?,രാത്രി ചപ്പാത്തി കഴിക്കണോ അതോ ബിരിയാണി കഴിക്കണോ?' തുടങ്ങിയ ഗഹനമായ ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. ഏകദേശം അര മണിക്കൂർ കഴിഞ്ഞു കാണും, കമ്പാർട്ട്മെന്റിൽ ആളുകൾ നിറഞ്ഞ് തുടങ്ങി. ഒരു മനുഷ്യൻ ഞാനിരിക്കുന്നതിന്റെ തൊട്ടടുത്ത് വന്നു നിന്നു. എന്നെ കുറച്ച് നേരം തുറിച്ചു നോക്കി.
പിന്നെ പറഞ്ഞു:
"ഈ ട്രെയിനിന് എന്തോ കുഴപ്പമുണ്ട്. വേറൊന്നും കൊണ്ടല്ല , എന്റെ മനസ്സ് അങ്ങനെ പറയുന്നു."

!!
"അമ്പട രാഭണാ, ഇത് കേട്ട് ഞാൻ എഴുന്നേറ്റ് പോയിട്ട് വേണം തനിക്കിവിടെ ഇരിക്കാൻ, അല്ലേ.."
 എന്റെ മനസ്സ് പറഞ്ഞു.

ഞാൻ അങ്ങനെ നോക്കി നിൽക്കെ അയാൾ പിന്നേം പറഞ്ഞു,
"ഈ ട്രെയിനിന് എന്തോ കുഴപ്പമുണ്ട്. വേറൊന്നും കൊണ്ടല്ല , എന്റെ മനസ്സ് അങ്ങനെ പറയുന്നു.
ഞാൻ എന്തായാലും ഇതിന് വരുന്നില്ല."
അയാൾ ഇറങ്ങിയങ്ങ് പോയി.
എനിക്ക് ചിരി വന്നു.ഓരോരോ മനുഷ്യന്മാരെയ്..
     
          2 മിനുട്ട് കഴിഞ്ഞില്ല, എന്റെ മനസ്സിലെ യുക്തിബോധത്തിന്റെ തുലാസിന് പെട്ടെന്നൊരിളക്കം. 'ഫൈനൽ ഡെസ്റ്റിനേഷൻ' സിനിമ 1,2,3.. ഇങ്ങനെ ലാസ്റ്റ് പാർട്ട് വരെ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ കടന്ന് പോയി.അതീന്ദ്രിയജ്ഞാനം ആർക്കാണ് എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റില്ല. അല്ലെങ്കിൽ,ചെലപ്പോ കാലന്റെ ലിസ്റ്റിൽ എന്റെ പേരു പെട്ടിട്ടില്ലായിരിക്കും.ഈ ദേവദൂതൻ-ന്നൊക്കെ നമ്മള് കേട്ടിട്ടല്ലേ ഉള്ളൂ,അത് പോലെ വല്ല ഐറ്റവും?? കലികാലമാണ്, എന്തും സംഭവിച്ച്കൂടായ്കയില്ല. അറിഞ്ഞ് കൊണ്ട് ആപത്തിലേക്ക് എടുത്ത് ചാടണോ? എന്റെ മനസ്സമാധാനത്തിന്റെ മുല്ലപ്പെരിയാറ് ഇപ്പ പൊട്ടും-ന്ന്ള്ള അവസ്ഥയിലായി. എന്ത് ചെയ്യാൻ,പിശാച് അന്തിനേരത്ത് കെട്ടിയെടുത്തതാണ് പേടിപ്പിക്കാനായിട്ട്. ഞാൻ ചുറ്റും ഉള്ളവരെ ഒന്നുകൂടി നോക്കി. പാവങ്ങൾ, ഇവരറിയുന്നുണ്ടൊ ഇത് അന്ത്യയാത്രയാണെന്ന്.
  
         "കാപ്പീ.. കാപ്പീ.."

 അവസാനമായിട്ട് ഒരു കാപ്പി കുടിച്ചാലോ?
"കാലാഹിനം.. പരിഗ്രസ്തമാം.. ദർദുരം.. ഭക്ഷണത്തി.." പത്താം ക്ലാസ്സില് പഠിച്ചതോർമ്മ വന്നു. കാപ്പി കുടിക്കാൻ തോന്നിയില്ല.

                    പത്ത്-പന്ത്രണ്ട് മണി വരെ , വണ്ടീടെ ടയറ് പാച്ചാവുകയോ ബ്രേക്ക് പൊട്ടുകയോ മറ്റോ ചെയ്യുന്നതിന്റെ ശബ്ദവും പ്രതീക്ഷിച്ച് , ഞാൻ ഉറങ്ങാതെ ഇരുന്നു. അത് കഴിഞ്ഞെപ്പോഴൊ ഉറങ്ങിപ്പോയി.ഉറങ്ങാൻ പറ്റുന്നത് ഒരു വലിയ അനുഗ്രഹമാണ്. ഉറക്കത്തിൽ മരിക്കാൻ സാധിക്കുക എന്നുള്ളത്  പണ്ട് തൊട്ടേയുള്ള എന്റെ ഒരു വലീയ ആഗ്രഹവുമായിരുന്നു.

                    നേരം പുലർന്നു.ഞാൻ കണ്ണു തുറന്ന് നോക്കി. ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. അതേ, ആ പ്രവാചകൻ പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു- എനിക്കിറങ്ങാനുള്ള സ്റ്റേഷനും പിന്നെ രണ്ട് സ്റ്റേഷനും കഴിഞ്ഞുള്ള സ്റ്റേഷനിലാണ് ഇപ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുന്നത്. അവിടെ നിന്നും നീങ്ങിത്തുടങ്ങിയിരിക്കുന്നു!