Jun 3, 2016

വിശപ്പ്

എന്റെ ഓർമകൾ എത്താത്തൊരിടത്ത്
ബിഗ് ബാംഗിനു മുൻപായിരിക്കണം
അല്ലെങ്കിൽ ആദ്യത്തെ ജീവകണം
കുളിച്ചു തോർത്തി കരയിലേക്ക് കയറവേ
അതല്ലെങ്കിൽ ആദ്യത്തെ തീപ്പൊള്ളലിൽ
അതുമല്ലെങ്കിൽ ഇന്നലെകൾ പഴക്കത്തിൽ
നാഭി നാളം മുറിച്ചെന്നെ വേർപെടുത്തിയിടത്ത്
ഗർഭപാത്രത്തിലേക്ക് തിരിച്ച് പോവണമെന്ന്
ഞാൻ നിലവിളിച്ച് കൊണ്ടിരിക്കവേ

തുടങ്ങിയതായിരിക്കണം
ഈ വിശപ്പ്
വല്ലാത്തത്

Apr 8, 2016

വേനൽ

വേനലിൻ കല്ലടുപ്പിന്മേൽ ഭൂമി തിളയ്ക്കുന്നു.
ഒരുച്ചയൂണിൻ ആലസ്യത്തിൻ പുറത്തേക്ക്
അല്പം തണുത്തൊരാ നാരങ്ങ വെള്ളവും
കോരിയൊഴിച്ച് ഹോട്ടലിൻ പടിയിറങ്ങി ഞാൻ.
നാലുചാൽ നടപ്പിനപ്പുറം മുന്നിലേക്ക്
ഒട്ടിയവയറിന്മേലെല്ലിൻ കൂട്ടിലൊട്ടിച്ചോരിരു
കുഞ്ഞുകൈകൾ നീട്ടിയൊരുവൻ,
വാടിയ മുഖത്താ കണ്ണുകൾ പാതിയടഞ്ഞിട്ടുണ്ട്
വരണ്ട ചുണ്ടനക്കിയിട്ടെന്തോ പറയുന്നുണ്ട്
നീരു വറ്റിയൊരാ തൊണ്ടയിൽ നിന്നൊരൊച്ചയും
കേൾക്ക വയ്യ , ഇത്തിരി ഞരക്കം മാത്രം.
പഴ്സിനുള്ളിലെ മുഷിഞ്ഞ പത്ത് രൂപാ നോട്ട്
അഴുക്ക് പിടിച്ച കയ്യിൽ വാങ്ങിയിട്ടവൻ നടന്നകലവേ
ഉഷ്ണമെൻ ഉള്ളിലേക്കു ചേക്കേറി
കണ്ണിൽ വിയർപ്പ് പൊടിഞ്ഞു.

Mar 19, 2016

ബോധം


ഒരു നട്ടുച്ച നേരത്തെ നിഴല്
ഒരു പൗർണമിയിലെ ചന്ദ്രൻ
കാട്ടുമുയലിന് പിന്നിലെ കുറുക്കൻ
പിറകിൽ നിന്ന് മാറാതെ
പിൻതുടർന്ന് പിൻതുടർന്ന്
ലഹരിയിലും നുരഞ്ഞ് മേലോട്ട് പൊങ്ങി
ഉറക്കത്തിനിഴവേളകളിൽ പരസ്യം കാട്ടി
കൺപോളകൾക്ക് പിന്നിലൊട്ടിച്ചേർന്ന്
കണ്ണടക്കാൻ തുറക്കാൻ സമ്മതിക്കാതെ
കോമാളിച്ചിരി ചിരിച്ച്
സിരകളിൽ പടരുന്നു.
ബോധം.