Showing posts with label നർമം. Show all posts
Showing posts with label നർമം. Show all posts

Sep 18, 2013

രണ്ട് പീഡന കഥകൾ

                ചന്ദ്രകുമാർ സാർ പത്ത് വർഷത്തിലധികമായി ഈ കമ്പനിയെ സേവിക്കുന്നു. സോഫ്റ്റ്വെയർ ഫീൽഡിൽ  പൊതുവേ സാറ് വിളി പതിവില്ല, പക്ഷേ ചന്ദ്രകുമാർ സാറിനെ അദ്ദേഹത്തിന്റെ പെരുമാറ്റം ,അറിവ്, അനുഭവസമ്പത്ത് എന്നിവയുടെ പ്രഭാവത്തിൽ ഞങ്ങളെല്ലാം സാർ എന്നു വിളിച്ചു പോന്നു.കമ്പനിയുടെ 'കീ' റിസോർസ് (താക്കോൽ സ്ഥാനം) എന്നു സാറിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
             അങ്ങനെ പുരുഷോത്തമനും മര്യാദാരാമനും ജീനിയസ്സും ആയിട്ടുള്ള ചന്ദ്രകുമാർ സാറിനെ ഒരു കുപ്രഭാതത്തിൽ  കമ്പനി പിരിച്ചു വിട്ടു. അത് കേട്ടവർ കേട്ടവർ 'അയ്യോ'ന്നൊരു ശബ്ദമുണ്ടാക്കി തലയിൽ കൈ വച്ചു.
        അങ്ങനെ ചുമ്മാതങ്ങു പിരിച്ചു വിടാൻ ഒക്ക്വോ? ഇല്ല, പിന്നെ? എന്താണ്ടൊരു കാരണം വേണ്ടേ?
       കാരണം അറിഞ്ഞപ്പോൾ തലയിൽ കൈ  വച്ചവർ ആ കൈ മാറ്റി, വിരൽ മാത്രം മൂക്കത്ത് വച്ച് 'അയ്യേ'ന്നു സൗണ്ടുണ്ടാക്കി സീറ്റിൽ പോയിരുന്നു പണി തുടർന്നു.

കാരണം:
\                  ആഗസ്റ്റ് പതിനാറ് , രാവിലെ  തന്നെ പ്രഭാതം പൊട്ടിവിടർന്നു. കമ്പനിക്കകത്ത് കീബോർഡുകൾ ചടപടാ നാദം പൊഴിച്ചുതുടങ്ങി. എല്ലാം പതിവു പോലെ അതിഭീകരവും ബോറനും.  പത്ത്മണിക്ക് ഒരു   മീറ്റിങ്ങിനായി ചന്ദ്രകുമാർ സാറും കുമാരി വനജയും   കോൺഫറൻസ് റൂമിലേക്ക് കയറി.  കോൺഫറൻസ് റൂം എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്- അഞ്ചടി നീളം പത്തടി വീതിയിൽ ഒരു കുടുസ്സ് മുറി, നടുവിലൊരു മേശ,  അതിനു ചുറ്റും നാലഞ്ച് കസേര, ചുവരിൽ ഒരു ബോർഡ്,  അത്രേയുള്ളൂ.  പത്ത് മണി എന്നു വച്ചാൽ കൃത്യനിഷ്ഠയുള്ളവർ എത്തിച്ചേരാൻ പത്തരയെങ്കിലും ആകും.അത് കൊണ്ട് മറ്റുള്ളവർ മീറ്റിങ്ങിനായി  വരാനിരിക്കുന്നതേ ഉള്ളൂ.
             കഷ്ടിച്ച് ഒരു മിനുട്ട് കഴിഞ്ഞ് കാണും, പെൺ ശബ്ദത്തിൽ  ഒരു വലിയ കരച്ചിൽ കേട്ടു, കുമാരി വനജ കോൺഫറൻസ് റൂമിനു വെളിയിലേക്ക് ഓടി വരുന്നതും തറയിൽ ഉയർന്നു നിന്നിരുന്ന മാറ്റിൽ കാൽതട്ടി മൂക്കുംകുത്തി വീഴുന്നതും കണ്ടു. ഇതികർത്തവ്യാ മൂഢരായി അന്തം വിട്ട് നോക്കി നിന്നവരുടെ   മുന്നിലേക്ക് വനജയുടെ ചുവന്ന ഷാളും കയ്യിൽ പിടിച്ച് ചന്ദ്രകുമാർ സാർ ഇറങ്ങിവന്നു.


          വനജയുടെ കിടപ്പും ചന്ദ്രകുമാറിന്റെ (സാർ വിളിയൊക്കെ പണ്ട്) നിൽപ്പും കണ്ടവർക്ക് കാര്യം ടപ്പേന്ന് പിടികിട്ടി.
 ബോധരഹിതയായി കിടന്നിരുന്ന വനജയെ ആരൊക്കെയോ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.
 എന്തോ പറയാൻ ഒരുങ്ങിയ ചന്ദ്രകുമാറിനെ നോക്കി എച്ച് ആർ സുധാമണി മാഡം അലറി
"ഗെറ്റ് ഔട്ട് ഹൗസ്"
        തല താഴ്ത്തി ഇറങ്ങിപ്പോവുന്ന ചന്ദ്രകുമാറിനെ നോക്കി 'വീട്ടിൽ തങ്കം പോലൊരു ഭാര്യയും രണ്ട് മക്കളുമുള്ള ഈ മനുഷ്യൻ എന്തിനാണീ വൃത്തികേട് കാട്ടിയതെന്ന് ചിലര് അത്ഭുതംകൂറി, ചിലർ കാർക്കിച്ച് തുപ്പാനൊരുങ്ങുകയും കമ്പനിക്കകത്ത് തുപ്പാൻ വയ്യാത്തത് കൊണ്ട് അത് അകത്തേക്ക് വിഴുങ്ങുകയും ചെയ്തു.
        കുമാരി വനജ ബോധം തെളിഞ്ഞ ഉടനെ ലോങ് ലീവിനപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി. ഷോക്ക് വിട്ട് മാറാൻ ഇത്തിരി സമയമെടുക്കുമല്ലോന്ന്  എല്ലാവരും കരുതി.
        രണ്ട് ദിവസത്തേക്ക് സോളാറിനേയും സിറിയയേയും എല്ലാരും മറന്നു. സ്തീകളുടെ സുരക്ഷയെകുറിച്ച് ഘോരഘോരമായ ചർച്ചകൾ നടന്നു. ഇതിനിടയിൽ കമ്പനിയുടെ പേരിനെ ബാധിക്കുന്ന കാര്യമായതിനാലും ദൃക്സാക്ഷികൾ ഒരുപാടുള്ളതിനാൽ മറ്റൊരു വിശദീകരണം ആവശ്യമില്ലാത്തതിനാലും ചന്ദ്രകുമാറിനോട് രാജി വച്ച് ഇറങ്ങിപ്പോവാൻ കമ്പനി ആവശ്യപ്പെട്ടു.
          ചന്ദ്രകുമാർ സാറിന്റെ വീടിനടുത്ത് താമസിക്കുന്ന ഭവാനി മാഡം, രാത്രി ആ വീട്ടിൽ നിന്നും ചില പൊട്ടിത്തെറികൾ കേട്ടുവെന്നും ചന്ദ്രകുമാറിന്റെ ഭാര്യ തങ്കം(തൽക്കാലം അങ്ങനെ വിളിക്കാം)  ഡൈവോർസ് ഫയൽ ചെയ്തുവെന്നുമുള്ള  വാർത്തകൾ അപ്പപ്പോൾ ചൂടൊടെ വിളമ്പി വന്നു. പക്ഷേ ഇക്കാര്യം എങ്ങനെ ചന്ദ്രകുമാറിന്റെ വീട്ടിൽ അറിഞ്ഞു എന്നു മാത്രം ആരും ഭവാനി മാഡത്തോട് ചോദിച്ചില്ല.

കാര്യം:

  ദിവസങ്ങൾ പലത് നീങ്ങി.
   ആഗസ്റ്റ്  മുപ്പത് , രാവിലെ  തന്നെ പ്രഭാതം പൊട്ടിവിടർന്നു. കമ്പനിക്കകത്ത് കീബോർഡുകൾ ചടപടാ നാദം പൊഴിച്ചുതുടങ്ങി. എല്ലാം പതിവു പോലെ അതിഭീകരവും ബോറനും.  ഒരു മീറ്റിങ്ങ്- കോൺഫറൻസ് റൂമിൽ വച്ച്.   പ്രൊജക്റ്റ് മാനേജർ അലക്സ് മാത്യുവും ടീം മെംബർ ആനിക്കുട്ടിയും റൂമിനകത്തേയ്ക്ക് കയറി.  ചുവരിലെ ബോർഡിൽ എഴുതുന്നതിനുള്ള മാർക്കർ പേന എടുക്കുന്നതിനായി, മേശയുടെ ഒരു വശത്തുള്ള ക്യാബിൻ തുറന്ന് ആനിക്കുട്ടി അകത്തേയ്ക്ക് കയ്യിട്ടതും ഒരു മുട്ടനെലി ആനിക്കുട്ടിയുടെ കൈവഴി കയറി തോള് വഴി ഇറങ്ങി എങ്ങോട്ടൊ ഓടിപ്പോയി. തോളിലിരുന്ന ഷാള് കുടഞ്ഞെറിഞ്ഞ് , ചാടിത്തുള്ളി, അലറി വിളിച്ച് ആനിക്കുട്ടി പുറത്തേക്കോടി. നിലത്ത് വീണ ഷാള് കയ്യിലെടുത്ത് അലക്സ് മാത്യു കോൺഫറൻസ് റൂമിനു പുറത്തേക്കിറങ്ങി.

                കോൺഫറൻസ് റൂമിന്റെ വാസ്തു ശരിയല്ലായെന്നു ആരോ പുറത്ത് നിന്നു ആത്മഗതം പറഞ്ഞു.

Dec 9, 2012

മയക്കുവെടി

          ജോജി ഒരു കടുവയായിരുന്നു,ഒരുഗ്രൻ കടുവ. സ്ഥൂലശരീരനെങ്കിലും ശൂലം പോലൊരു നാക്കുള്ളവൻ. ചട്ടമ്പികളിൽ ചട്ടമ്പി, താന്തോന്നികളിൽ താന്തോന്നി, തല്ലുകൊള്ളികളിൽ തല്ലുകൊള്ളി.
         അവന്റെ അമ്മയുടെ ഭാഷ്യത്തിൽ-
 ഒന്നര വയസ്സിൽ പിച്ചവെച്ചു,
മൂന്നാം വയസ്സിൽ മമ്മീന്നു വിളിച്ചു,
എട്ടാം വയസ്സിൽ ഒന്നു മുതൽ പത്തുവരെ തെറ്റാതെ എണ്ണാൻ പഠിച്ചു.
ഇപ്പൊഴും കിടക്കയിൽ മുള്ളാറുണ്ട് !.
  അതാരും വിശ്വസിക്കരുതെന്ന് അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്, മമ്മി പണ്ടേ ഭയങ്കര കോമഡിയാണത്രേ.
                    മോൻ പത്താം ക്ലാസ്സിൽ മൂന്നാം വട്ടവും തോറ്റ കാലത്ത്, കള്ളുഷാപ്പിലെ കണാരൻ, മോന്റെ പറ്റ് കാശ് അപ്പനോട് ചോദിച്ച കാലത്ത്,
അപ്പൻ തോമ , ജോജിയെ അരികിലേക്ക് വിളിച്ചു.
"ഡാ മക്കളേ നിന്നെ ഒരച്ചനായി കാണണം എന്നാണു ഈ അപ്പന്റെ ആഗ്രഹം"
ജോജിയുടെ മുഖം നാണം കൊണ്ടു ചുവന്നു. ഈ അപ്പന്റെ ഒരു കാര്യം,ഇത്ര ചെറുപ്പത്തിലേ ..
"അപ്പാ, നാട്ടുകാരു വല്ലോം പറഞ്ഞാലോ, ഇത്ര ചെറുപ്പത്തിലേ.., പിന്നെ അപ്പൻ നിർബന്ധിക്കയാണെങ്കീ..,
പെണ്ണിനെ കണ്ടു വച്ചോ അപ്പാ..?"

അപ്പന്റെ ആട്ടിന്റെ ശക്തിയിൽ ജോജി മുറ്റത്ത് പോയി വീണു.

"ഡാ കന്നാലീ, ജോജീ.. പൊന്നു മഹനെ.. , നിന്നെ അച്ചൻ പട്ടത്തിനു വിടാൻ ഞാൻ തീരുമാനിച്ചു. നീ പഠിച്ചിട്ടും വളർന്നിട്ടും ഈ വീട്ടിനു കൊണവും ഒണ്ടാക്കാൻ പോണില്ല. എന്റെ അപ്പൻ മരിക്കണേനു മുമ്പേ എന്നൊടെന്താ പറഞ്ഞേന്നു നിനക്കറിയാവോ?"
ജോജി ഒരു നിമിഷമൊന്നു ആലോചിച്ചിട്ട് പറഞ്ഞു,
"വെള്ളം വെള്ളം.. ന്നു"

"അതിനു മുമ്പ്.?"

"പുറം ചൊറിഞ്ഞു തരാവോന്നു.."

തോമ തലയ്ക്ക് കൈ കോടുത്ത് അവിടിരുന്നു, ഇവൻ നന്നാവുന്ന ലക്ഷണമില്ല. അപ്പന്റെ അവസാന ആഗ്രഹം ഇവനോട് പറഞ്ഞിട്ടു ഫലവുമില്ല.

        പിറ്റേന്നു തന്നെ ജോജി കർത്താവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു.
"കർത്താവേ എന്നെ നിനക്ക് ശരിക്കറിയാലോ, ഞാൻ ഒരു പള്ളീലച്ചനായാൽ ആർക്കാ ചീത്തപ്പേര്?, അപ്പന്റെ മനസ്സൊന്നു മാറ്റിത്തരണം"
മൂന്നേ മൂന്ന് വാചകങ്ങൾ ,
പക്ഷേ കർത്താവ് ധർമ്മസങ്കടത്തിലായി,
ഇവൻ പള്ളീലച്ചനായാൽ ഇടവകയിലെ മുഴുവൻ കുഞ്ഞാടുകളേയും വഴി തെറ്റിക്കും. ചത്ത് കഴിഞ്ഞ് സ്വർഗ്ഗത്തിലെത്തിയാൽ ഇവിടെ മുഴുവൻ അലമ്പാക്കും. നരകത്തിലേക്ക് വിട്ടാൽ ഒരു പള്ളീലച്ചനെ എന്തിനു നരകത്തിലേക്ക് വിട്ടൂന്ന് മോളീന്ന് ചോദ്യം വരും. വയസ്സും പ്രായോം ആയി, ഒന്നു കൂടി കുരിശ്ശേറാൻ വയ്യ.


      കർത്താവിന്റെ ശിപാർശയിൽ ജോജി അത്തവണ പത്താം തരം പാസായി. അപ്പന്റെ മനസ്സുമാറി , മകനെ അടുത്തുള്ള കാളേജിലേക്ക് ഉപരിപഠനത്തിന് അയച്ചു.
         വർഷം ഒന്ന് കഴിഞ്ഞു.
          കോളെജ് കാന്റീനിലും കൂൾബാറിലും കൂട്ടുകാരിയുമൊത്ത് ചിലവഴിക്കുന്ന സമയത്തോടൊത്ത്,    ജോജിയുടെ ചിലവുകളും കൂടിവന്നു.

"അപ്പാ ലോഗരിതം ടേബിൾ മേടിക്കാൻ കാശ് വേണം"

ഇംഗ്ലീഷിലെ അൽപ്പജ്ഞാനം വെച്ച് അപ്പൻ തോമ ചോദിച്ചു
"നിന്റെ കോളേജിൽ ആവശ്യത്തിനു ബെഞ്ചും ഡെസ്കും ഇല്ല്യോഡാ?"

ജോജി അപ്പന്റെ മനസ്സ് വായിച്ചു, ചൂഷണത്തിനുള്ള സാദ്ധ്യത മണത്തു.
"ഇല്ലപ്പാ , ഓരോരുത്തർക്കും ഓരോന്നു വേണം"
             ഇരുപത് രൂപ പ്രതീക്ഷിച്ചു ചെന്ന ജോജി, രണ്ടായിരം കയ്യിലാക്കി മടങ്ങി.
      മാസം ഒന്നു കഴിഞ്ഞപ്പോൾ രണ്ടായിരത്തിലെ പൂജ്യങ്ങൾ മാത്രം ബാക്കിയായി.
    ജോജി പിന്നെയും അപ്പന്റെ അടുത്തെത്തി.

"അപ്പാ കാശ് വേണം"

"എന്നാത്തിനാ?"

"ലോഗരിതം ടേബിളിന്റെ കാലു പൊട്ടി ,അതൊന്നു ശരിയാക്കണം"

"നീ ആ തങ്കപ്പൻ ആശാരിയെ വിളിച്ചോണ്ട് ചെല്ല്, കാശ് ഞാൻ കോടുത്തോളാം"
ഇത്തവണ അപ്പൻ ഗോളടിച്ചു, ജോജി നിരാശനായി മടങ്ങി.

കലാലയദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
       ഒരു ദിവസം, സഹപാഠിനി പ്രിയംവദയുമായുള്ള അടുപ്പത്തെ കൂട്ടുകാർ ചോദ്യം ചെയ്തു. പ്രിയംവദ തനിക്ക് പെങ്ങളെപ്പോലെയാണെന്നു ജോജി മറുപടി നൽകി. കൂട്ടുകാർ തൃപ്തരായി.
            ജോജിയുമായുള്ള ചുറ്റിക്കളിയെ കൂട്ടുകാരികൾ ചോദ്യം ചെയ്തു. ജോജി തനിക്ക് പിറക്കാതെ പോയ ആങ്ങളയെപ്പോലാണെന്നു പ്രിയംവദ മൊഴിഞ്ഞു. കൂട്ടുകാരികൾ ആശ്വാസം കൊണ്ടു.
         മൂന്നിന്റന്ന് എസ് എഫ് ഐ സമരം വന്നു. പെൺകുട്ടികൾ വീട്ടിലേക്ക് ബസ് പിടിച്ചു. ആൺ കുട്ടികൾ കോളേജ് വരാന്തയിൽ സമരം വിളിച്ചു.
          എ ബി വി പി നേതാവ് പ്രജീഷ് കാന്റീനിൽ നിന്ന് ഒരു ചായയും കുടിച്ച് , മറന്നു വെച്ച നോട്ട്ബുക്ക് എടുക്കാനായി ക്ലാസ്സിലേക്ക് വന്നു. അടഞ്ഞു കിടന്ന ക്ലാസ്സ്-റൂമിന്റെ വാതിൽ പതിയെ തുറന്നപ്പോൾ അകത്ത് ആലിംഗനബദ്ധരായി നിൽക്കുന്ന ബ്രദറിനേയും സിസ്റ്ററിനേയും കണ്ട് ഞെട്ടി. ആ ആഘാതത്തിൽ , അപ്പുറത്തൂടെ കടന്നു പോയ ജാഥയുടെ  നടുവിലേക്ക് തള്ളിക്കയറി
"എസ് എഫ് ഐ സിന്ദാബാദ്, വിദ്യാർത്ഥി സമരം സിന്ദാബാദ്" എന്നു ഉറക്കെ മുദ്രാവക്യം വിളിച്ചു എന്നത് ചരിത്രം.

          കഥ കോളേജ് മുഴുവൻ പാട്ടായി. പ്രിയംവദയുടെ വീട്ടുകാർ വിവരമറിഞ്ഞു, പ്രിയംവദ കോളേജിലേക്ക് വരാതായി. അവളൂടെ വിവാഹം ഉറപ്പിച്ചതായി വാർത്ത വന്നു.
           ജോജി വാർത്തയറിഞ്ഞു. തന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം പ്രിയംവദയെ മറ്റൊരുത്തനും വിട്ടുകൊടുക്കില്ലെന്ന് ഭീഷ്മശപഥം നടത്തി. കല്ല്യാണത്തലേന്നു ഒളിച്ചോടാൻ തയ്യാറെടുത്തു.  ദൂതി മുഖേന പ്ലാനിന്റെ ഡീറ്റയിൽസ് പ്രിയംവദയെ അറിയിച്ചു- തലേദിവസം രാത്രി ഒപ്പം പഠിക്കുന്ന പയ്യന്റെ ഭാവത്തിൽ ജോജി കല്ല്യാണ വീട്ടിലേക്ക് കയ്യിലൊരു ഗിഫ്റ്റുമായി കയറിച്ചെല്ലും. ഗിഫ്റ്റ് കൊടുത്ത് കഴിഞ്ഞ് ജോജി ഇറങ്ങിപ്പോവും. പുറത്ത് ബൈക്കുമായി കാത്തിരിക്കും. അഞ്ചു മിനുട്ടിനുള്ളിൽ പ്രിയംവദ ഇറങ്ങി വരുന്നു. അവരൊളിച്ചോടുന്നു. വളരെ മനോഹരമായ പ്ലാൻ.
              ആ രാത്രി വന്നെത്തി. വീടിന്റെ പുറക് വശത്തെ ഇടവഴിയിൽ ബൈക്ക് നിർത്തി, ജോജി കല്ല്യാണവീട്ടിലേക്ക് കയറിച്ചെന്നു.ആർക്കും സംശയമില്ല. എല്ലാം പ്ലാൻ പടി തന്നെ.
              ഇതിനിടയിൽ ആരോ ഒന്നു പിടിപ്പിക്കുന്നോന്നു ചോദിച്ചു. ഒരു ധൈര്യത്തിനു അത് നല്ലതാണെന്നു തോന്നി ജോജി വീടിനു പുറകുവശത്തേക്ക് നടന്നു. അവിടെ മദ്യപാനസദസ്സ് പുരോഗമിക്കുകയാണ്.
              ഒന്നു കഴിഞ്ഞപ്പോൾ ഒന്നുകൂടി ആയാലെന്താ എന്നു തോന്നി. മൂന്നു കഴിഞ്ഞപ്പോൾ വാളുവെച്ചു. അതിന്റെ മേലെ ഒന്നു കൂടെ ആയപ്പോൾ ജോജി ഫ്ലാറ്റായി. 'കർത്താവേ എന്നെ അങ്ങെടുത്തോളണേ'ന്നും പറഞ്ഞ് അവിടെ ചെരിഞ്ഞു. ആരൊക്കെയോ പിടിച്ച് അടുത്ത് കണ്ട ബെഞ്ചിൽ കിടത്തിച്ചു.

                   സൂര്യൻ കണ്ണിൽ കുത്തിയപ്പോൾ ജോജി കണ്ണുതുറന്നു. സമയം പന്ത്രണ്ടര. കണ്ണു തിരുമ്മി എഴുന്നെറ്റ് വീടിനു മുന്നിലേക്ക് ചെന്നപ്പോൾ അവിടെ സദ്യമേളം പൊടിപൊടിക്കുന്നുണ്ട്.
             മയക്കുവെടിയിൽ ഒരു കടുവ കൂടി വീണിരിക്കുന്നു.
"മോൻ ഭക്ഷണം കഴിച്ചോ " ആരോ ചോദിച്ചു.
ഇല്ലെന്ന് ജോജി തലയാട്ടി.
ഊണ് കഴിഞ്ഞ് , കൈ കഴുകി പുറത്തിറങ്ങിയപ്പോൾ പെണ്ണും ചെറുക്കനും കാറിലിരിപ്പുണ്ട്.
ൢകല്ല്യാണപ്പെണ്ണ് പുറത്തേക്കൊന്നു നീട്ടിത്തുപ്പിയത്രേ..............






Feb 14, 2012

ഹാപ്പി വാലെന്ത്യേ..സോറി വാലെന്റെയിന്

മൂപ്പര് ചോദിച്ചു,
"ഇത്തിരി മുടന്തുള്ള ചെറിയ കോന്കണ്ണുള്ള പെണ്കുട്ടിയെ നീ പ്രേമിക്കുവോ?
"
"ഇല്ല" ഞാന് പറഞ്ഞു.

"നിനക്ക് ബസില് വായുഗുളിക വില്ക്ക്ണ പണീം രജനീകാന്തിന്റെ സ്റ്റൈലുമാണെന്ടില് അവള് നിന്നെ തിരിഞ്ഞ് നോക്കീട്ട്ണ്ടാവോ?"

"സാധ്യതയില്ല"

"അപ്പോ അത്രേയുള്ളൂ. അവനവന്റെ സ്വാര്ത്ഥത. മനസ്സിലായോ?"

"ഉം.."

"പിന്നെന്തിനാ ചെക്കാ അവള് ഇട്ട് പോയീന്ന് പറഞ്ഞ് നീയീ ചാവാന് നടക്കണ്?"

"ചാവാന് നടക്കുന്നതൊന്ന്വല്ല മൂപ്പീല്സേ, ഇപ്പ ഇങ്ങനെയുള്ളോര്ക്കാണ് മാര്ക്കറ്റ്. ദേ അവള് വരണ്. നിങ്ങളൊന്ന പാര വെക്കാണ്ട് പോയേ.."

ഇന്നലെ കാന്റീനിലിര്ന്ന് അവളെ കേള്പ്പിക്കാന് പറഞ്ഞത് മൊത്തം കെളവന് കേട്ടെന്ന് തോന്നുനു. ഇയാള്ക്ക് ചായ കൊടുക്കാന് നിന്നാപ്പോരെ! ഉപദേശം വെളമ്പാന് വന്നിരിക്കുന്നു.